Connect with us

Articles

മമത ദീദി എന്ന പോരാളി

Published

|

Last Updated

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോരാട്ടം ബംഗാളിലേതായിരുന്നു. ബി ജെ പി ബംഗാള്‍ പിടിച്ചെടുക്കുമോ എന്ന ചോദ്യം തന്നെയായിരുന്നു ഇതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷായും രാജ്‌നാഥ് സിംഗും അടക്കം മുപ്പതോളം കേന്ദ്ര മന്ത്രിമാര്‍, യോഗി ആദിത്യനാഥ് അടക്കം ആറ് മുഖ്യമന്ത്രിമാര്‍, ബി ജെ പിയുടെ സര്‍വസന്നാഹങ്ങള്‍ക്കും പുറമെ ആര്‍ എസ് എസിന്റെയും മറ്റു സംഘ്പരിവാര സംഘടനകളുടെയും പ്രവര്‍ത്തകരുടെയും രാപ്പകലില്ലാത്ത അധ്വാനം, ബി ജെ പിയുടെ ഐ ടി സെല്ലും അവരേക്കാള്‍ ആത്മാര്‍ഥതയില്‍ പണിയെടുക്കുന്ന ദേശീയ മാധ്യമങ്ങളും, എന്‍ഫോഴ്‌സ്‌മെന്റും എന്‍ ഐ എയും അവരുടെ റെയ്ഡുകളും, ബി ജെ പിക്ക് വിനീത വിധേയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇതൊക്കെ പോരാതെ മിഥുന്‍ ചക്രവര്‍ത്തിയെ പോലുള്ള ടൈം ഔട്ടായ പഴയ സിനിമാക്കാരും ഒരു ഭാഗത്ത്. മറുഭാഗത്ത് ഒറ്റവാറിന്റെ ഒരു സാധാരണ ചെരുപ്പുമിട്ട് ഖദറിന്റെ വെള്ള സാരി ചുറ്റി ഒരു ദീദി. മമതാ ബാനര്‍ജി! ഇതായിരുന്നു ബംഗാള്‍ തിരഞ്ഞെടുപ്പ്.
എന്നിട്ടും 77നെതിരെ 213 സീറ്റുമായി മമതാ ബാനര്‍ജി തന്റെ മൂന്നാം വട്ടം ഉറപ്പിച്ചു. ബി ജെ പി ഇനി ഉത്തര്‍പ്രദേശ് വിട്ടുകൊടുക്കാതിരിക്കാനുള്ള നേരെയും വളഞ്ഞുമൊക്കെയുള്ള കളികളിലേക്ക് മുഖം പൂഴ്ത്തും. അല്ലെങ്കില്‍ വിചാരിച്ചതിലും നേരത്തേ സംഘ്പരിവാരം നിലംപതിക്കും എന്നവര്‍ക്കറിയാം. 2014ലെ പൊതുതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി ജെ പിയുണ്ടാക്കിയ മുന്നേറ്റം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അനുകൂലമായ വിധിയെഴുത്തിലേക്കുള്ള സൂചനയാണെന്ന് പലരും കരുതിയിരുന്നു. അത്തരം നിരീക്ഷണങ്ങളെയൊക്കെ നിഷ്‌കരുണം പൊളിച്ചെറിഞ്ഞാണ് മമത “കാവി അധിനിവേശ”ത്തെ തോല്‍പ്പിച്ചത്.

ബംഗാളിന്റെ പുത്രി എന്ന പ്രാദേശിക വികാരം അടിസ്ഥാനപ്പെടുത്തി ഒരു രാഷ്ട്രീയ വ്യവഹാരം സ്ഥാപിച്ച മമത സ്ത്രീയുടെ പോരാളി സ്വത്വത്തെ ഉയര്‍ത്തിക്കാട്ടി. ആകെയുള്ള വോട്ടര്‍മാരുടെ 49 ശതമാനം വരുന്ന സ്ത്രീ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം വോട്ടുകളും എപ്പോഴുമുള്ളതുപോലെ തന്റെ ഉറച്ച വോട്ടുകളാക്കാന്‍ മമതക്ക് കഴിഞ്ഞു. സ്ത്രീജനങ്ങളെ ലക്ഷ്യം വെച്ച് ഇരുനൂറിലധികം പദ്ധതികളാണ് മമത സംസ്ഥാനത്ത് നടപ്പാക്കിയത്. അതേസമയം ബി ജെ പി മോദി കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഗ്യാസ് കണക്്ഷന്‍ കൊടുത്ത കഥ മാത്രം പറഞ്ഞ് സ്ത്രീകള്‍ക്കിടയില്‍ വോട്ട് തേടേണ്ട അവസ്ഥയിലായി. മാത്രവുമല്ല അമ്പത് സ്ത്രീ സ്ഥാനാര്‍ഥികളും മമതയുടെ ടീമില്‍ വന്നു. അതായത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃണമൂലിന്റെ പകുതിയിലധികം വോട്ടും സ്ത്രീ വോട്ടര്‍മാരില്‍ നിന്നാണെന്ന യാഥാര്‍ഥ്യത്തെ മമത പരമാവധി മാനിച്ചു.

തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ ഉടനീളം ആര്‍ എസ് എസിനെയും ബി ജെ പിയെയും മമത നിശിതമായി വിമര്‍ശിച്ചു. ബംഗാളിലെ ആകെയുള്ള 294 സീറ്റുകളുടെ മൂന്നിലൊന്ന് സീറ്റുകളിലും കൃത്യമായ നിര്‍ണായക ശക്തിയാണ് മുസ്‌ലിം വോട്ടുകള്‍ എന്ന് മമതക്കറിയാം. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മദ്‌റസയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ക്ഷേമ പരിപാടികളും പള്ളികളിലെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും സ്റ്റൈപെൻഡും നല്‍കിയത് മുതല്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ ഉറുദു രണ്ടാം ഭാഷയായി പ്രഖ്യാപിച്ചതടക്കം, തസ്്ലീമ നസ്‌റിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഒരു സീരിയല്‍ നിരോധിച്ചതുമടക്കം വിവിധ വിഷയങ്ങളിലൂടെ മമത മുസ്‌ലിംകളുടെ വിശ്വാസം നേടി. നാല്‍പ്പത്തിരണ്ട് (!) മുസ്‌ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്തി. സി എ എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മമത തീര്‍ത്തുപറഞ്ഞു. ഫുര്‍ഫുറേ ശരീഫ് കേന്ദ്രീകരിച്ച് രൂപവത്കരിക്കപ്പെട്ട അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനോ ഉവൈസിയുടെ മജ്‌ലിസിനോ മമതയുടെ മുസ്‌ലിം വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞെത്തുമ്പോള്‍ സഭയിലെ മുസ്‌ലിം പ്രാതിനിധ്യം 2016നേക്കാള്‍ കുറവാണ്. 59 എന്ന സംഖ്യ ഇത്തവണ 44 ആയി ചുരുങ്ങി. 2016ല്‍ തൃണമൂല്‍: 32, കോണ്‍ഗ്രസ്: 18, സി പി ഐ എം: 9 എന്നിങ്ങനെയായിരുന്നു കണക്കെങ്കില്‍ ഇത്തവണ തൃണമൂല്‍ 43, ഐ എസ് എഫ് 1 എന്നതാണ് അംഗനില.

ജാതിമത ധ്രുവീകരണങ്ങളിലൂടെ തങ്ങള്‍ക്കനുകൂലമായ തിരഞ്ഞെടുപ്പ് വിധിയുണ്ടാക്കാന്‍ സാധിക്കുമെന്ന ബി ജെ പി- ആര്‍ എസ് എസ് പതിവു ശൈലി തന്നെയാണ് ബംഗാളിലും സംഘം നടപ്പാക്കിയ തിരഞ്ഞെടുപ്പ് തന്ത്രം. ദളിത് ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ ബി ജെ പി അനുകൂല ധ്രുവീകരണം ആസൂത്രണം ചെയ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എസ് സി വിഭാഗത്തില്‍പ്പെട്ട പ്രബല വൈഷ്ണവ ഹിന്ദു ജാതി വിഭാഗമായ മാതുവാ ജാതിക്കാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കാലത്തിനിടക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാതുവാ മഹാസംഘം അവരുടെ ജന്മദേശമായി കാണുന്ന ഓര്‍ഖണ്ടിയില്‍ അദ്ദേഹം പോയതെന്ന നിരീക്ഷണങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാതുവാ വോട്ടുകള്‍ പോലും ഫലപ്രദമായി നേടിയെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. ബിഹാറില്‍ നിന്ന് വ്യത്യസ്തമായി ജാതി ധ്രുവീകരണത്തില്‍ ബി ജെ പി പരാജയപ്പെട്ടു. മമതയാകട്ടെ 79 ദളിത് സ്ഥാനാര്‍ഥികളെയും പതിനേഴ് ഗോത്ര വര്‍ഗ സ്ഥാനാര്‍ഥികളെയും മത്സരിപ്പിച്ചു. ഹിന്ദു വോട്ടുകള്‍ക്കിടയില്‍ ജാതി തിരിച്ചുള്ള രാഷ്ട്രീയം രൂഢമാകും മുന്നേ ബംഗാള്‍ പ്രാദേശിക ദേശീയതയുടെ വിത്തുകളിടാന്‍ മമതക്ക് കഴിഞ്ഞു. മാത്രവുമല്ല, തോറ്റ പാര്‍ട്ടിക്കാരെ “ശരിയാക്കുന്ന” കൈയ്യൂക്കിന്റെ രാഷ്ട്രീയവും മമതക്ക് നല്ല വശമുണ്ട്. ഇത് മമതക്ക് ശേഷം ബി ജെ പി അടക്കമുള്ളവര്‍ക്ക് വഴി എളുപ്പമാക്കുമായിരിക്കും; പക്ഷേ, മമതക്ക് ശേഷം മാത്രം.

തൃണമൂലിന്റെ വിജയം ബി ജെ പിയും പാര്‍ട്ടിയും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ പത്ത് ശതമാനത്തിന്റെ വ്യത്യാസം കൂടി ഉണ്ടാക്കിയിട്ടുണ്ട് എന്ന് ശ്രദ്ധിക്കണം. അതായത് ബി ജെ പിയുടെ സീറ്റുകളുടെ എണ്ണം കൂടുമ്പോഴും വോട്ട് വിഹിതം ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാള്‍ കുറഞ്ഞു. കഴിഞ്ഞ രണ്ട് തവണത്തെ മമതാ സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് ഉണ്ടായേക്കാന്‍ സാധ്യതയുള്ള ഭരണ വിരുദ്ധ വികാരം പോലും ബി ജെ പിക്ക് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല എന്നത് ബി ജെ പിയെ ഒരു ജനത തിരസ്‌കരിക്കുന്നു എന്നതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് ഇടത് മുന്നണിയാകട്ടെ മമതക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു എന്ന് ബി ജെ പി പഴി പറയുന്നു. തൊട്ടടുത്ത അസമില്‍ പലതവണ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ പോയപ്പോഴും ബംഗാള്‍ ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ശ്രദ്ധിച്ചതും ഈ വസ്തുതയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. രാഹുല്‍ ബംഗാളില്‍ ആകെ പങ്കെടുത്തത് ഒരു റാലിയില്‍ മാത്രമാണ്.
മമതയുടെ വലിയ വിജയത്തിനിടക്കും ഏറെ ഗൗരവതരമായ ഒരു കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വമാണ്. ബി ജെ പിക്ക് വേണ്ടിയാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലാക്കിയതെന്ന് മമത ആദ്യമേ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഉടനീളം ബി ജെ പിയുടെ ഉപഘടകത്തെ പോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലകൊണ്ടു എന്നവര്‍ വോട്ടെണ്ണലിന് ശേഷവും ആവര്‍ത്തിച്ചു. മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിച്ച പ്രശാന്ത് കിഷോറും ഇതേ കാര്യം ആവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെ തുടരുന്ന പക്ഷം രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെയും ജനാധിപത്യത്തിന്റെയും ഭാവിയെന്താണ്? അശോക റോഡിലെ നിര്‍വചന്‍ ഭവനില്‍ നിന്ന് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ആസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ “മാറുന്നത്” ഇന്ത്യയെ കാത്തിരിക്കുന്ന ഭീതിദമായ ഭാവിയെ കുറിച്ചുള്ള മുന്നറിയിപ്പാണ്. ബംഗാളില്‍ ബി ജെ പി തോല്‍ക്കുന്നു എന്നത് സന്തോഷിക്കാനുള്ള വകയായി കരുതുന്നവര്‍ക്ക് ആശങ്കപ്പെടാനുള്ളതാണ് ഈ യാഥാര്‍ഥ്യം.

എന്‍ എസ് അബ്ദുല്‍ ഹമീദ്

Latest