Connect with us

Editorial

തലകള്‍ മാറിയതു കൊണ്ടായില്ല, നയവും മാറണം

Published

|

Last Updated

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യു ഡി എഫിനേറ്റത്. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെല്ലാം കുറവുണ്ടായി. കോണ്‍ഗ്രസിന്റെ അംഗസംഖ്യ കഴിഞ്ഞ തവണത്തെ 22ല്‍ നിന്ന് 21 ആയും മുസ്‌ലിം ലീഗിന്റേത് 18ല്‍ നിന്ന് 15 ആയും കുറഞ്ഞു. യു ഡി എഫിന്റെ ഒമ്പത് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ അംഗസംഖ്യയില്‍ ഒരെണ്ണത്തിന്റെ കുറവേ ഉള്ളൂവെങ്കിലും വോട്ടിംഗ് നിലയില്‍ വന്‍ ഇടിവാണുണ്ടായത്. സി പി എമ്മിന്റെ മുന്‍നിര നേതാക്കളായ പിണറായി വിജയന്‍, ശൈലജ ടീച്ചര്‍, എം എം മണി തുടങ്ങിയവരുടെ ലീഡിംഗ് നില കുതിച്ചുകയറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖരുടെ ഭൂരിപക്ഷത്തില്‍ വന്‍കുറവുണ്ടായി. നാല് ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അഞ്ചിടത്ത് ഒരു സീറ്റില്‍ മാത്രം ഒതുങ്ങി.
ഈയൊരു തിരഞ്ഞെടുപ്പിലുണ്ടായ അവിചാരിതമായൊരു പിന്നോട്ടടിയല്ല ഇത്. സമീപ കാലത്തായി യു ഡി എഫ് സംഘടനാ സംവിധാനം അടിക്കടി ദുര്‍ബലമായി വരികയാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 140ല്‍ 91 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി അധികാരത്തിലേറിയതെങ്കില്‍ 2011ല്‍ കേവല ഭൂരിപക്ഷം കഷ്ടിച്ചു കടന്നുകയറി 72 സീറ്റുമായാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇടതു മുന്നണിയോളം ജനപിന്തുണയോ സംഘടനാ ഭദ്രതയോ ഇല്ല യു ഡി എഫിനെന്നാണ് ഇത് കാണിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് നേട്ടമുണ്ടാക്കാനായെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അന്ന് കേരള ജനത അവരെ പിന്തുണച്ചതെന്നും മുന്നണി രാഷ്ട്രീയത്തിനുള്ള ജനസമ്മതിയായി അത് കണക്കാക്കാനാകില്ലെന്നും നവംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ഇപ്പോള്‍ മുന്നണി സംവിധാനം കൂടുതല്‍ ദുര്‍ബലമായിരിക്കെ, അധികാരമില്ലാതെ ഇനിയുമൊരു അഞ്ച് വര്‍ഷമെന്ന അഗ്‌നിപരീക്ഷ കടക്കാന്‍ യു ഡി എഫിന് നന്നായി വിയര്‍ക്കേണ്ടി വരും.

“ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ജനങ്ങളുടെ വിധിയെ ആദരപൂര്‍വം അംഗീകരിക്കുന്നു. പരാജയ കാരണങ്ങള്‍ യു ഡി എഫ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്ന് വിലയിരുത്തു”മെന്നാണ് മുന്നണിയുടെ പരാജയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. കെ പി സി സി നേതൃത്വത്തിലും പ്രതിപക്ഷ നേതൃത്വത്തിലും മാറ്റമാണ് ഇതിനു പരിഹാരമായി വിവിധ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉയര്‍ന്നു വരുന്ന നിര്‍ദേശം. പാര്‍ട്ടിയില്‍ നേതൃമാറ്റവും സമഗ്ര അഴിച്ചുപണിയും വേണമെന്ന ആവശ്യവുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ സി വേണുഗോപാല്‍ രംഗത്തു വന്നു. പാര്‍ട്ടിയുടെ പരാജയത്തില്‍ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂവെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്നാണ് നേതൃത്വത്തിലടക്കം പാര്‍ട്ടിയില്‍ നല്ലൊരു വിഭാഗത്തിന്റെ ആവശ്യം. ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനവും കൈയൊഴിയേണ്ടി വന്നേക്കാം.

എന്നാല്‍ നേതൃമാറ്റം കൊണ്ട് മാത്രമായില്ല, കോണ്‍ഗ്രസിന്റെ നയനിലപാടുകളില്‍ കൂടി മാറ്റം അനിവാര്യമാണ്. ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ മതേതര ഇന്ത്യ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. ഈ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല ഇപ്പോള്‍ പാര്‍ട്ടി. ദേശീയ തലത്തിലും സംസ്ഥാനത്തും മതേതര ആശയങ്ങളോട് മനസ്സറിഞ്ഞു കൂറുപുലര്‍ത്താന്‍ പാര്‍ട്ടിക്കാകുന്നില്ല. മതേതരത്വത്തിനു വേണ്ടി ശക്തമായി ശബ്ദമുയര്‍ത്താനും ഹിന്ദുത്വ വര്‍ഗീയതക്കെതിരെ വീറോടെ പൊരുതാനും പാര്‍ട്ടി നേതൃത്വം മുന്നോട്ടു വരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സി പി എമ്മിനെതിരെ പ്രകടിപ്പിച്ച വീറും വാശിയും ബി ജെ പിക്കെതിരെ പ്രകടിപ്പിക്കാന്‍ രമേശ് ചെന്നിത്തലക്കോ മറ്റു നേതാക്കള്‍ക്കോ ആയില്ല. മാത്രമല്ല, സംസ്ഥാനത്ത് ഇടതുപക്ഷത്തെ തകര്‍ക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയതയോട് രാജിയാകുക പോലുമുണ്ടായി പലപ്പോഴും. ശബരിമല പ്രശ്‌നത്തില്‍ അതാണല്ലോ സംഭവിച്ചത്.
അതേസമയം ഇടതുപക്ഷം വിശിഷ്യാ സി പി എം കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയതക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചു വരുന്നത്. പൗരത്വ നിയമത്തിനെതിരായ പിണറായി സര്‍ക്കാറിന്റെ സമീപനം പ്രശംസനീയമായിരുന്നു. സംസ്ഥാനത്ത് ഹിന്ദുത്വ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുന്നത് സി പി എമ്മാണെന്ന വിശ്വാസം സമൂഹത്തില്‍ വളര്‍ന്നുവരാന്‍ ഇതിടയാക്കിയിട്ടുണ്ട്. ഹിന്ദു വര്‍ഗീയതക്ക് സമ്പൂര്‍ണമായ മറുമരുന്നല്ല ഇടതുപക്ഷമെങ്കിലും തമ്മില്‍ ഭേദം തൊമ്മനായി സി പി എമ്മിനെ ജനം കാണുന്നു. സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തിന്റെ പ്രധാന ഘടകവും ഇതാണ്.

കോണ്‍ഗ്രസ് മുക്ത കേരളത്തെയല്ല, തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തുണച്ച വോട്ടര്‍മാരുള്‍പ്പെടെ മതേതര കേരളം ആഗ്രഹിക്കുന്നത്, സംസ്ഥാനത്ത് കോണ്‍ഗ്രസിനു കൂടി ശക്തമായ അടിത്തറ വേണമെന്നാണ്. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പകരം ശക്തിയാര്‍ജിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയായിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് തകരുന്നതാണ് തങ്ങള്‍ക്കു വളരാനുള്ള അവസരമെന്ന് നേരത്തേ ബി ജെ പി പരസ്യമായി പ്രസ്താവിച്ചതുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പുനര്‍വിചിന്തനത്തിന് സന്നദ്ധമാകുകയും ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തെ മുറുകെ പിടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇടതുപക്ഷത്തിനെതിരായ താത്കാലികമായ രാഷ്ട്രീയാധികാര മത്സരങ്ങള്‍ വെടിയണമെന്നല്ല, ശാശ്വതമായ ജനാധിപത്യ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നാണ് പറഞ്ഞു വെക്കുന്നത്.

Latest