Connect with us

Articles

പിണറായിയുടെ തുടര്‍ച്ചക്ക് കാരണങ്ങളുണ്ട്‌

Published

|

Last Updated

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്, അതിനു ശേഷം അധികാരം. 1982 മുതലിങ്ങോട്ടുള്ള കേരളത്തിന്റെ രാഷ്ട്രീയ ചിത്രം ആ പതിവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു 2016 മുതല്‍ 2021 വരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ വിജയിച്ചതോടെ ഭരണമാറ്റം അവരുറപ്പിക്കുകയും ചെയ്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ഇടത് വിജയം, തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലെ പതിവുമായി അവര്‍ കണക്കാക്കി. പ്രതിസന്ധികളുടെ മുന്നില്‍ പതറാതെ നിന്ന് അതിജീവനത്തെക്കുറിച്ച് ഭരണാധികാരി നേരിട്ട് സംസാരിച്ചതിനെ അവര്‍ കാര്യമായി എടുത്തതേയില്ല. പ്രതിസന്ധി കാലത്ത് സര്‍ക്കാറൊപ്പമുണ്ടായി എന്ന വികാരം ജനങ്ങളിലുണ്ടെന്ന് മനസ്സിലാക്കിയതേയില്ല. കേരളത്തിലെ ഏതാണ്ടെല്ലാ വീടുകളുടെയും അടുക്കളയിലേക്ക് സര്‍ക്കാറിന്റെ കൈയെത്തിയപ്പോള്‍, ജനങ്ങളെ അത്രമേല്‍ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളെ അധികരിച്ച് നിരന്തരം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളും അതിന്റെ ചുവടുപിടിച്ച് നടന്ന മാധ്യമ കോലാഹലങ്ങളും ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റമുണ്ടാക്കുമെന്ന മിഥ്യയിലായിരുന്നു അവര്‍. ഈ കോലാഹലങ്ങള്‍ ജനം കാര്യമായെടുത്തിട്ടില്ലെന്ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് തെളിയിച്ചപ്പോഴും പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തനം തുടരാനാണ് യു ഡി എഫ് തീരുമാനിച്ചത്. അതിന്റെ ഫലമാണ് 2021ലെ തിരഞ്ഞെടുപ്പ് ഫലം. നരേന്ദ്ര മോദി സര്‍ക്കാര്‍ തികഞ്ഞ ദുരന്തമായി മാറിയെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ ഫലം ബി ജെ പി അനുഭവിക്കുകയും ചെയ്തു. കേരളത്തില്‍ തുറന്ന അക്കൗണ്ട് പൂട്ടിയത് മാത്രമല്ല, സകല അടവും പയറ്റി ബംഗാള്‍ പിടിക്കാനിറങ്ങിയിട്ട് തോറ്റുതുന്നം പാടേണ്ടിവന്നതും തെളിയിക്കുന്നത് അതാണ്.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പടിപടിയായി വര്‍ധിപ്പിച്ചതല്ല, അത് കൃത്യമായി ആളുകളിലെത്തിച്ചതാണ് പിണറായി സര്‍ക്കാര്‍ തുടരട്ടെ എന്ന് ജനം തീരുമാനിക്കാനുള്ള ഒരു കാരണം. പ്രളയം, കൊവിഡ് പോലുള്ള ദുരിത കാലങ്ങളെ മറികടക്കുന്നതിന് കാണിച്ച ഇച്ഛാശക്തിക്ക് (രണ്ടിലും മറികടക്കല്‍ പൂര്‍ണമായെന്ന് അഭിപ്രായമില്ല) ജനം മാര്‍ക്ക് കൊടുത്തു. ആ കാലത്ത്, ചെറുതെങ്കില്‍ ചെറിയ സഹായം കൃത്യമായി കിട്ടിയെന്നത് വോട്ട് ചെയ്യുമ്പോള്‍ അവരോര്‍ത്ത് കാണണം. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം, പ്രയാസത്തിലായവരെ സഹായിക്കാന്‍ ആരംഭിച്ച കിറ്റ് വിതരണം ലോക്ക്ഡൗണിന്റെ സാമ്പത്തികാഘാതം നിലനില്‍ക്കുന്ന കാലത്ത് തുടരാന്‍ തീരുമാനിച്ചതിനെ ജനമോര്‍ത്തിട്ടുണ്ടാകും. ഇത്തരം പ്രതിസന്ധികളുണ്ടാക്കിയ സാമ്പത്തിക ആഘാതം നിലനില്‍ക്കെത്തന്നെ പൊതു ആശുപത്രികളിലും സ്‌കൂളുകളിലും സൗകര്യങ്ങള്‍ കൂടുന്നത് നേരിട്ട് കണ്ടത് മറന്നിട്ടുമുണ്ടാകില്ല. സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളെയും അഭിസംബോധന ചെയ്യും വിധത്തില്‍ പദ്ധതികളാവിഷ്‌കരിക്കുന്നത് (അതെല്ലാം നടപ്പായിട്ടുണ്ടാകില്ല, പക്ഷേ ഭരണത്തിലുള്ളവരുടെ ശ്രദ്ധയിലതുണ്ട് എന്ന തോന്നലുണ്ടാക്കാനാകും) മനസ്സിലേക്ക് എത്തിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഈ വലിയ വിജയം അപ്രതീക്ഷിതമോ, വിശകലന വൈഷമ്യമുണ്ടാക്കുന്നതോ അല്ല. ഞാനെന്നോ നിങ്ങളെന്നോ പറയാതെ, എപ്പോഴും നമ്മളെന്ന് മാത്രം പറഞ്ഞ പിണറായി വിജയന്, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു, അത് ജനപിന്തുണ ഉറപ്പാക്കുമെന്ന നിശ്ചയവുമുണ്ടായിരുന്നു. മികവ് കാട്ടിയ മന്ത്രിമാരടക്കം തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ എം എല്‍ എമാരെ മാറ്റിനിര്‍ത്തുക എന്നത് (അവര്‍ മത്സരിച്ചാല്‍ ജയം സുനിശ്ചിതമായിരിക്കെ) കര്‍ശനമായി നടപ്പാക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായതിന്റെ കാരണവും മറ്റൊന്നല്ല. അത്രയും വരുന്ന ഉറപ്പിനോടാണ് ജനവികാരമെന്തെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പോലും മനസ്സിലാകാത്ത കോണ്‍ഗ്രസ് നേതൃത്വം ഘടക കക്ഷികളെയും കൂട്ടി ഏറ്റുമുട്ടലിനിറങ്ങിയത്.

പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങളില്‍ ചിലതിലെങ്കിലും കഴമ്പുണ്ടായിരുന്നു. ചില തീരുമാനങ്ങളെങ്കിലും സര്‍ക്കാറിന് തിരുത്തേണ്ടിവന്നത് അതുകൊണ്ടാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ട്രോളറുകളുണ്ടാക്കാന്‍, സാമ്പത്തിക ശേഷിയില്ലാത്ത കമ്പനിയുമായുണ്ടാക്കിയ ധാരണാ പത്രങ്ങള്‍ റദ്ദാക്കപ്പെട്ടത് ഉദാഹരണം. താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ അവസാന കാലത്തെടുത്ത തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചതും ഡാറ്റ ചോര്‍ച്ചയെന്ന ആരോപണമുണ്ടായപ്പോള്‍ സ്പ്രിന്‍ക്ലര്‍ എന്ന കമ്പനിമായുള്ള ഇടപാട് തുടരേണ്ടെന്ന് തീരുമാനിച്ചതും മറ്റുദാഹരണങ്ങളാണ്. പക്ഷേ, ഇതൊന്നും ജനത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കും വിധത്തില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. ഈ വിഷയങ്ങളൊക്കെ പാതിവഴിയിലുപേക്ഷിച്ച്, എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കരുതിയ ധ്രുവീകരണത്തിന്റെ പാതയിലേക്ക് തിരിയുകയും ചെയ്തു. അതില്‍ യു ഡി എഫും ബി ജെ പിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായുമില്ല. ശബരിമലയായിരുന്നു അവരുടെ ഏറ്റവും വലിയ ആയുധം. ആചാര സംരക്ഷണം പറഞ്ഞ്, അതിന് നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയാല്‍ നാമജപഘോഷയാത്രയുമായി ആളുകള്‍ പോളിംഗ് ബൂത്തിലെത്തുമെന്ന വലിയ വങ്കത്തത്തിന്റെ ബലത്തില്‍ അവര്‍ ഭരണം സ്വപ്‌നം കണ്ടു. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലെ അപകടത്തെക്കുറിച്ച് ഒരിക്കല്‍ പോലും ഓര്‍ത്തതുമില്ല. ജനം പക്ഷേ, അതിനെ പുച്ഛിച്ച് മാറ്റിനിര്‍ത്തി. അവിടെ ജനമനസ്സ് മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷ നേതാക്കള്‍ക്കുമായില്ലെന്നതിന് തെളിവാണ് കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു കാലത്തെ ഖേദപ്രകടനം. കോന്നിയില്‍ കെ സുരേന്ദ്രന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, നേമത്ത് കെ മുരളീധരന്‍ തുടങ്ങിയവരുടെ പ്രകടനം ആ പുച്ഛത്തിന്റെ തെളിവാണ്.

മറ്റൊന്ന് ഭരണമാറ്റത്തിന് വേണ്ടി പെരുന്നയിലെ ആസ്ഥാനത്തു നിന്ന് ജി സുകുമാരന്‍ നായര്‍ പുറപ്പെടുവിച്ച ആഹ്വാനമായിരുന്നു. കേരളത്തിലെ ഒരു മണ്ഡലത്തിലും ആ ആഹ്വാനത്തിന് പ്രതികരണമുണ്ടായില്ല. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ വീണ ജോര്‍ജും ബിജു മാത്യുവും മത്സരിച്ച ആറന്മുളയില്‍ കറതീര്‍ന്ന നായരായ ശിവദാസന്‍ നായര്‍ക്കു വേണ്ടി സമുദായ വോട്ടുകളുടെ ഏകീകരണമുണ്ടായില്ല എന്നാണ് അവിടെ എല്‍ ഡി എഫ് നേടിയ വലിയ വിജയം തെളിയിക്കുന്നത്. മറ്റ് നിരവധി ഉദാഹരണങ്ങളുണ്ട്. സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം മുണ്ടയില്‍ കോരന്റെ മകനെയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ, സര്‍ക്കാറിനെതിരെ എടുത്ത നിലപാടും വോട്ടായി മാറിയില്ലെന്ന് കാണണം.

കോണ്‍ഗ്രസ് തകരാതിരിക്കാന്‍ യു ഡി എഫിനെ വിജയിപ്പിക്കണമെന്ന് പ്രചരിപ്പിച്ച് മലബാറില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനാണ് ശ്രമമുണ്ടായത്. കോണ്‍ഗ്രസ് തോറ്റാല്‍ നേതാക്കളാകെ ബി ജെ പിയിലേക്ക് പോകുമെന്ന് വിലപിച്ച് ആ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ തുടങ്ങിവെച്ച സംഗതി, പിന്നെ സംഘടിതമായി ഏറ്റെടുക്കാന്‍ ആളുകളുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ വിജയിച്ച പാര്‍ട്ടി, നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തകരുമെന്നാണെങ്കില്‍ പിന്നെ അങ്ങനെയൊരു പാര്‍ട്ടി കൊണ്ടെന്ത് കാര്യമെന്ന് ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് തോന്നിയിട്ടുണ്ടാകണം. ആ ധ്രുവീകരണ ശ്രമവും ഫലം കണ്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണാധികാരിയെ തള്ളിപ്പറയാന്‍ അവര്‍ക്കിതൊരു മതിയായ കാരണവുമായിരുന്നില്ല. ഇത്തരമൊരു ധ്രുവീകരണത്തിന് ശ്രമിച്ചവരുടെ ഉദ്ദേശ്യശുദ്ധി സമുദായത്തിനുള്ളില്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്തു. ക്രിസ്ത്യന്‍ – മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താന്‍ പാകത്തിലുയര്‍ന്ന ലവ് ജിഹാദ് പോലുള്ള വ്യാജ പ്രചാരണങ്ങളുടെ ഭാഗമാകാതിരിക്കാന്‍ സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിനെ കാണാന്‍. മെട്രോമാനെന്ന മാസ്‌കിലൊളിപ്പിച്ചിരുന്ന ആര്‍ എസ് എസുകാരനെ സ്വയം വെളിപ്പെടുത്തിയ ഇ ശ്രീധരനെ ഉപയോഗിച്ച് പാലക്കാട് പുതിയ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിച്ചതിനെ ഇല്ലാതാക്കിയത്, മഞ്ചേശ്വരത്ത് പതിവ് ആവര്‍ത്തിച്ചത്… ഇതെല്ലാം ജനവിധിയുടെ നല്ലവശങ്ങളായി കാണണം.

1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിലും 2011ല്‍ സ്വയംകൃതാനര്‍ഥത്താലും നഷ്ടപ്പെട്ട തുടര്‍ഭരണ സാധ്യതയാണ് 2021ല്‍ ഇടത് മുന്നണി യാഥാര്‍ഥ്യമാക്കുന്നത്. ഈ രണ്ട് തവണയും തുടര്‍ ഭരണ സാധ്യതയുണ്ടായിരുന്നുവെന്ന സമകാലിക ചരിത്രം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയുമൊക്കെ മറന്നുപോയി. അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങളിലൊതുങ്ങുന്ന പ്രതിപക്ഷ പ്രവര്‍ത്തനം മതി, അഞ്ചാണ്ട് കൂടുമ്പോഴുള്ള ഭരണമാറ്റത്തിനെന്ന് ധരിച്ചുവശായത്. പ്രതിസന്ധികള്‍ ആവര്‍ത്തിക്കുമ്പോഴും പ്രതികൂല മനോഭാവം മാത്രം പുലര്‍ത്തുന്നതിനെ അംഗീകരിക്കുന്ന കാലത്തല്ല നമ്മള്‍ ജീവിക്കുന്നത് എന്ന് ഇനിയുള്ള പ്രതിപക്ഷ കാലത്തെങ്കിലും അവര്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രതിസന്ധി കാലത്ത് പതറാതെ നിന്ന് നമ്മളതിജീവിക്കുമെന്ന് ജനങ്ങളോട് പറയുന്ന ഭരണകര്‍ത്താവിനെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചാല്‍ ജനത്തിന് അത്രയെളുപ്പം ദഹിക്കണമെന്നില്ല.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest