Connect with us

Malappuram

സമസ്ത പൊതുപരീക്ഷയില്‍ ഉജ്ജ്വല വിജയവുമായി മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍

Published

|

Last Updated

മലപ്പുറം | ഏപ്രില്‍ മൂന്ന്, നാല്  തീയതികളിലായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ കേള്‍വി പരിമിതിർക്കുള്ള മഅ്ദിന്‍ വിദ്യാലയത്തിലെ വിദ്യാർഥികള്‍ക്ക് ഉജ്ജ്വല വിജയം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും  പഠനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലാകാതെ നേടിയ ഈ നേട്ടത്തിനു ഇരട്ടത്തിളക്കമാണ്.

ഓണ്‍ലൈന്‍ ക്ലാസുകളും രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയും ആണ് ഈ വിജയത്തിലെത്തിച്ചത്. ഓരോ പാഠഭാഗങ്ങളും ആംഗ്യ ഭാഷയിലേക്ക് പരാവര്‍ത്തനം നടത്തിയും അഭിനയിച്ചു കാണിച്ചു കൊണ്ടും ലളിതമായ രീതിയില്‍ ഓണ്‍ലൈനായി തന്നെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നടത്തിയിരുന്നു.

കേള്‍വി പരിമിതിയുള്ള കുട്ടികളെ കൂടാതെ കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും സ്‌കൂള്‍ പഠനത്തോടൊപ്പം മതവിദ്യാഭ്യാസം കൊടുത്തു വരുന്ന സ്ഥാപനമായ മഅദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്‌പെഷ്യല്‍ സ്‌കൂള്‍  മദ്രസയാണ്.

മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഏബ്ള്‍ വേള്‍ഡ് മേധാവി മുഹമ്മദ് അസ്‌റത്ത്, സ്പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ മൊയ്ദീന്‍ കുട്ടി, അധ്യാപകരായ ഉസ്മാന്‍ സഖാഫി, റംല എന്നിവര്‍ അനുമോദിച്ചു.