Connect with us

National

ഇന്ത്യയില്‍ നാല് ലക്ഷം കടന്ന് പ്രതിദിന കണക്ക്; ലോകത്ത് ആദ്യം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. ആഗോള തലത്തില്‍ തന്നെ ആദ്യമായി, ഇന്ത്യയില്‍ പ്രതിദിന നിരക്ക് നാല് ലക്ഷം കടന്നു. 4,01,993 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഒരിടത്തും ഇതിന് മുമ്പ് ഇത്രയും പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 3523 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 2,99,988 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ ഒൻപത് ദിവസം പ്രതിദിനം 3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് നാല് ലക്ഷത്തിലേക്ക് എത്തുന്നത്. മൂന്നാഴ്ച മുമ്പ് ഒരു ദിവസം 1 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതിൽ നിന്നാണ് പെട്ടെന്ന് കുതിപ്പ് ഉണ്ടായത്.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,91,64,969 ആയി. 1,56,84,406 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,11,853 പേര്‍ മരിച്ചു. 32,68,710 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 828 പേര്‍ മരിച്ചു.

15,49,89,635 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ 27,44,485 പേര്‍ വാക്‌സിന്‍ എടുത്തു.

28,83,37,385 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ 19,45,299 സാംപിളുകളാണ് പരിശോധിച്ചത്.

Latest