Connect with us

Bahrain

ബഹ്റൈനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത

Published

|

Last Updated

മനാമ | ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലിമെന്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ബഹ്റൈനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാര്‍ലിമെന്റ് അംഗങ്ങള്‍ ബഹ്റൈന്‍ സര്‍ക്കാരിന് മുന്നില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്.

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കൊണ്ടുള്ള ഒരു അടിയന്തിര ശിപാര്‍ശ ബഹ്റൈന്‍ കൗണ്‍സില്‍ ഓഫ് റെപ്രെസെന്ററ്റീവ്‌സ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന ബഹ്റൈന്‍ പൗരന്മാര്‍ ഒഴികെ മുഴുവന്‍ യാത്രികര്‍ക്കും, ട്രാന്‍സിറ്റ് യാത്രികര്‍ക്കുള്‍പ്പടെ ഈ വിലക്ക് ബാധകമാക്കാനാണ് ഈ ശിപാര്‍ശയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നത് ബഹ്റൈനിലെ രോഗവ്യാപനം രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നതിനാലാണ് ഇത്തരം ഒരു വിലക്ക് ആവശ്യപ്പെടുന്നതെന്നാണ് ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 27 മുതല്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളില്‍ ബഹ്റൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം ഏപ്രില്‍ 27 മുതല്‍ ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക്, ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പല രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് കൊണ്ടിരിക്കുമ്പോള്‍ സൗദിയില്‍ അടിയന്തരമായി എത്തേണ്ടവര്‍ ആശ്രയിക്കാവുന്ന ഏക റൂട്ടാണ് ബഹ്റൈന്‍. പുതിയ ടെസ്റ്റുകള്‍ കാരണം ബഹ്‌റൈന്‍ വഴിയുള്ള പാക്കേജിനുള്ള നിരക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടിയിട്ടുണ്ടെങ്കിലും ഈ മാര്‍ഗം തന്നെയാണ് പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടുണ്ടെങ്കിലും അതു പോരെന്നാണ് എം.പിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 48 മണിക്കൂറിനിടെ പരിശോധന നടത്തി കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒറിജിനല്‍ വെരിഫൈ ചെയ്യുന്നതിനായി ക്യൂആര്‍ കോഡ് ഉള്ള പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റായിരിക്കണം.

ഇനി ബഹ്‌റൈനില്‍ എത്തുന്ന സ്വദേശികളും വിദേശികളും മൂന്ന് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. 36 ബഹ്‌റൈനി ദിനാറാണ് ടെസ്റ്റിന്റെ നിരക്ക്. ഇത് സ്വന്തം ചെലവില്‍ നടത്തണം. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആദ്യത്തെ ടെസ്റ്റും അഞ്ച് ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ടെസ്റ്റും പത്താമത്തെ ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം. ഈ നിബന്ധനക്കു പുറമെയാണ് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരും 1,20,00 പാക്കിസ്ഥാനികളും ബഹ്‌റൈനില്‍ പ്രവാസികളായുണ്ടെന്നാണ് കണക്ക്. ബംഗ്ലാദേശികളും ഒന്നരലക്ഷത്തോളം വരും. അതേസമയം സഊദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ് ബഹ്‌റൈനില്‍നിന്നുള്ള വാര്‍ത്ത.

Latest