Connect with us

Covid19

ശ്വാസകോശത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് എക്‌മോ; കൊവിഡ് രോഗിക്ക് പുതുജീവൻ

Published

|

Last Updated

കോഴിക്കോട് | കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44കാരന് എക്‌മോ മെഷീനിന്റെ സഹായത്താൽ പുതുജീവൻ. കൊവിഡ് ബാധിതനാവുകയും ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കണ്ണൂർ സ്വദേശി സന്തോഷാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിക്കപ്പെട്ട സന്തോഷിന്റെ ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ കൃത്രിമമായ മാർഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്‌മോ മെഷിൻ) ന്യുമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.

21 ദിവസം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് സന്തോഷിന്റെ ജീവൻ തിരിച്ചു പിടിക്കാൻ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നിർവഹിച്ചത് എക്‌മോ മെഷീൻ ആയിരുന്നു. മരണമുഖത്ത് നിന്ന് അവിശ്വസനീയമായ തിരിച്ചു വരവിനാണ് ഇതോടെ സാക്ഷ്യം വഹിച്ചത്.
സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതിന് ശേഷം മൂന്ന് പേർ കൂടി എക്‌മോ മെഷീനിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നേരിട്ടും കമഴ്ത്തിക്കിടത്തിയും വെന്റിലേറ്റർ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്‌സ് കൂടിയായ ഭാര്യയുടെ സമ്മതപ്രകാരം ആശുപത്രി അധികൃതർ സന്തോഷിന് എക്‌മോയുടെ സാധ്യത ഉപയോഗപ്പെടുത്തിയത്. നേരത്തേ, എക്‌മോ മെഷീൻ കേരളത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൊവിഡ് ബാധിച്ച വ്യക്തിയിൽ വിജയകരമായി ഉപയോഗപ്പെടുത്തുന്നത് ആദ്യമാണ്.

പ്രായം കുറഞ്ഞവരുടെ ജീവൻ രക്ഷിക്കുന്നതിൽ ഇത് നിർണായക സഹായമായി മാറുമെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവൻ ഡോ. മഹേഷ് ബി എസ് പറഞ്ഞു. ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക് സർജറി വിഭാഗവും ഗിരീഷ് എച്ചിന്റെ നേതൃത്വത്തിലുള്ള പെർഫ്യൂഷനിസ്റ്റ് ടീമും പങ്കാളികളായി.

---- facebook comment plugin here -----

Latest