Connect with us

Kerala

വാക്‌സിന് സര്‍ക്കാര്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദ്യം; ആ സമയത്ത് പണം വരുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി . സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി”- മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു കോടി വാക്സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. അതിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുകയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒരു കോടി വാക്സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കും. 70 ലക്ഷം ഡോസ് കോവിഷീല്ല്‍ഡ് വാക്സിന്‍ 294 കോടി രൂപയ്ക്കും ഭാരത് ബയോടെകില്‍ നിന്ന് 30 ലക്ഷം ഡോസ് കോവാക്സിന്‍ 189 കോടി രൂപയ്ക്കും വാങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.