Connect with us

Articles

വാക്‌സീന്‍ നയത്തിലെ നീതികേടുകള്‍

Published

|

Last Updated

ഇന്ത്യ കൊവിഡ് മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട് വിറച്ച് നില്‍ക്കുകയാണ്. ഭയചകിതമായ അന്തരീക്ഷമാണ് രാജ്യത്തൊട്ടാകെയുള്ളത്. കൊവിഡ് മഹാമാരിയുടെ ചാര്‍ട്ടറില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നമ്മുടെ രാജ്യം ഇപ്പോള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു.
സാര്‍വത്രികമായും സുതാര്യമായും എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുക മാത്രമാണ് രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഇനി ചെയ്യാനുള്ളത്. വാക്‌സീന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാനായിരുന്നു തീരുമാനം. ഇവര്‍ക്കുള്ള വാക്‌സീനേഷന്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. തുടര്‍ന്ന് 45 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുമെന്ന പ്രഖ്യാപനമുണ്ടായി. ഏറ്റവും ഒടുവിലാണ് 45 വയസ്സിന് താഴെയും 18 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് വാക്‌സീനേഷന്‍ നല്‍കുമെന്ന തീരുമാനം വരുന്നത്. ഈ വാക്‌സീനേഷന്‍ സൗജന്യമായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നേരത്തേയുള്ള പ്രഖ്യാപനം.

വാക്‌സീന്റെ ദൗര്‍ലഭ്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ദിനംപ്രതി മൂര്‍ച്ഛിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വാക്‌സീന് കേന്ദ്ര സര്‍ക്കാറിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങള്‍ക്ക് കൂടിയ വിലയുമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതിന് യാതൊരു നീതീകരണവുമില്ല. രാജ്യത്തെ ജനങ്ങളെ ചേരിതിരിപ്പിക്കാനും ദേശീയ ഐക്യത്തിന് ഭംഗമുണ്ടാക്കാനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുകയുള്ളൂ എന്നത് ഒരു വസ്തുതയാണ്.
കേരളമടക്കമുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിയ വിലക്ക് സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വാങ്ങി വാക്‌സീനേഷന്‍ നടത്തേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. കൂടിയ വില കൊടുത്താലും മരുന്ന് കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കാത്ത സ്ഥിതിയുമുണ്ട്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇതിനകം ചില മരുന്ന് കമ്പനികള്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമേ വാക്‌സീന്‍ നല്‍കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, സംസ്ഥാനങ്ങള്‍ക്ക് കൂടിയ വിലക്ക് പോലും വാക്‌സീന്‍ കിട്ടുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. കമ്പനികളില്‍ നിന്ന് കേന്ദ്രം തന്നെ വാക്‌സീന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് എന്തുകൊണ്ടും എളുപ്പവഴി. നിര്‍ഭാഗ്യവശാല്‍ ഇതിന് കേന്ദ്രം തയ്യാറല്ല.

കഴിഞ്ഞ ദിവസമാണ് 45 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്‌സീന്‍ സ്വകാര്യ ആശുപത്രികളില്‍ കൂടി മാത്രമേ എടുക്കാന്‍ കഴിയൂ എന്ന പ്രഖ്യാപനം വന്നത്. സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക നല്‍കി വാക്‌സീന്‍ സ്വീകരിക്കാന്‍ തൊഴില്‍ രഹിതരായ നമ്മുടെ രാജ്യത്തെ യുവതക്ക് എങ്ങനെയാണ് കഴിയുക?
ഒരു രാജ്യത്തിന്റെ സമ്പത്ത് ആ രാജ്യത്തെ യുവാക്കളാണ്. യുവതയുടെ ക്ഷേമം തന്നെയാണ് രാജ്യത്തിന്റെയും ക്ഷേമം. അതുകൊണ്ടാണ് വിവിധ രാജ്യങ്ങള്‍ രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും മുന്‍തൂക്കവും വലിയ പ്രോത്സാഹനവും നല്‍കിവരുന്നത്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് ഇക്കൂട്ടരെ രക്ഷിക്കാന്‍ സൗജന്യ വാക്‌സീന്‍ പോലും നല്‍കാന്‍ നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ചെന്ന് അവര്‍ നിശ്ചയിക്കുന്ന വന്‍ തുകക്ക് ചെറുപ്പക്കാര്‍ വാക്‌സീന്‍ സ്വീകരിക്കണം. യുവാക്കളോടുള്ള വലിയ ഒരു വെല്ലുവിളിയാണിത്.
ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള രാജ്യമാണ് നമ്മുടേത്. ഇവരില്‍ മഹാ ഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. തൊഴില്‍ രഹിതരായ ഈ യുവാക്കള്‍ വന്‍തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സീനേഷന്‍ സ്വീകരിക്കുകയെന്നത് തികച്ചും അപ്രായോഗികമാണ്.
രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്‌സീനേഷന്‍ നയം മരുന്നു കമ്പനികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ബലികഴിച്ചിരിക്കുകയാണ്. 18നും 45നുമിടയിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സീന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്നുള്ള തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. മെയ് ഒന്ന് മുതലുള്ള പുതിയ വാക്‌സീന്‍ നയത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 18-45 പ്രായക്കാര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ നല്‍കണമെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേകമായി തീരുമാനമെടുക്കണം. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും വാക്‌സീന്‍ സ്വീകരിക്കുന്നത് തുടരാം.

വാക്‌സീന്‍ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം കൊയ്യാനാകും വിധം വാക്‌സീന്റെ സ്വകാര്യ വില്‍പ്പന അനുവദിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിവാദ നിര്‍ദേശം. 18-45 പ്രായക്കാര്‍ വാക്‌സീനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്ന് വിവരിച്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ട്വീറ്റിലും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമാകും കുത്തിവെപ്പെന്ന് എടുത്തു പറയുന്നുണ്ട്.
സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സീന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍ക്കുന്നത് 600 രൂപക്കും, ഭാരത് ബയോടെക് കൊവാക്‌സിന്‍ നല്‍കുന്നത് 1,200 രൂപക്കുമാണ്. സംസ്ഥാനങ്ങള്‍ക്ക് കൊവിഷീല്‍ഡ് 400 രൂപക്കും കൊവാക്‌സിന്‍ 600 രൂപക്കും നല്‍കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സീന് കൊവിഷീല്‍ഡിനേക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കേണ്ടത്.
യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സീന്‍ എപ്പോള്‍ സംഭരിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട.് പല സംസ്ഥാനങ്ങളും വാക്‌സീന്‍ ഓര്‍ഡര്‍ മുന്നോട്ട് വെച്ചെങ്കിലും ഉത്പാദകരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. മെയ് 15 വരെ കേന്ദ്രത്തിന് നല്‍കാനുള്ള വാക്‌സീന്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജസ്ഥാന്‍ സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മെയ് ഒന്ന് മുതല്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ സംഭരിക്കാനാകില്ലെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണിത്. രാജ്യത്തെ യുവാക്കളെ ഭരണകൂടം മഹാമാരികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ്.
രാജ്യത്തുത്പാദിപ്പിക്കുന്ന വാക്‌സീന്റെ പകുതി ഇഷ്ടമുള്ള വിലക്ക് വിറ്റഴിക്കാന്‍ പുതിയ വാക്‌സീന്‍ നയം കമ്പനികളെ അനുവദിക്കുന്നു. ബാക്കി പകുതി കേന്ദ്രം കുറഞ്ഞ വിലക്ക് വാങ്ങും. വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല.
എന്തായാലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നഗ്നമായ ഭരണഘടനാ ലംഘനമാണ്. ഒരു വിഭാഗത്തിന് മാത്രം വാക്‌സീന് വന്‍വില ഈടാക്കുന്ന ഈ തീരുമാനത്തിന് യാതൊരു നീതീകരണവുമില്ല. നിയമത്തിന് മുമ്പില്‍ തുല്യത എന്ന ഭരണഘടനാ തത്വം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. 45നും 18നും ഇടയില്‍ പ്രായമുള്ള യുവതയില്‍ നല്ലൊരു ശതമാനം തൊഴില്‍രഹിതരും വരുമാനമില്ലാത്തവരുമാണെന്നുള്ള യാഥാര്‍ഥ്യം മോദി സര്‍ക്കാറിന് എങ്ങനെയാണ് വിസ്മരിക്കാന്‍ കഴിയുന്നത്?
യുവാക്കള്‍ മറ്റേത് വിഭാഗത്തേക്കാളും വന്‍ പ്രഹര ശക്തിയുള്ള ഒരു വര്‍ഗമാണെന്ന യാഥാര്‍ഥ്യം ഇപ്പോഴും നമ്മുടെ ഭരണവര്‍ഗത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

അഡ്വ. ജി സുഗുണന്‍

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest