Covid19
ലഭ്യതക്കുറവാണ് വാക്‌സീന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | കൊവിഡ് വാക്‌സീന്‍ മതിയായ തോതില്‍ ലഭിക്കാത്തതാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 3,68,840 ഡോസ് വാക്‌സീന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കാരണമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിന്‍ തരണമെന്ന് ആവശ്യപ്പെട്ടത്. പുതിയ വാക്‌സീന്‍ നയം കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. നിലവിലെ ആവശ്യമനുസരിച്ച് നോക്കിയാല്‍ കുറേ ദിവസങ്ങള്‍ മുന്‍കൂട്ടി തന്നെ സ്ലോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ പരമാവധി വാക്‌സീന്‍ സ്റ്റോക്കുണ്ടാവുകയും സ്‌ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. എന്നാല്‍, വാക്‌സീന്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തത് ഇതിന് പ്രതിബന്ധമാവുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
നിലവില്‍ വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ തൊട്ടുമുമ്പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നത്. ആ രീതിയില്‍ അടുത്ത ദിവസത്തേക്കുള്ള സ്‌ളോട്ടുകള്‍ ഇന്നു രജിസ്‌ട്രേഷനായി അനുവദിക്കുമ്പോള്‍ അല്‍പ സമയത്തിനുള്ളില്‍ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്‌സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്‌ളോട്ടുകള്‍ കാണാന്‍ സാധിക്കില്ല. അതിന്റെ അര്‍ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാല്‍ വീണ്ടും സ്‌ളോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്‌സീന്‍ ക്ഷാമം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്‌ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്തു വയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.