Connect with us

Editorial

മുഖം മോശമായതിന് കണ്ണാടിയെന്ത് പിഴച്ചു!

Published

|

Last Updated

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച മറച്ചു പിടിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ രണ്ടാം തരംഗത്തിലെ ജനങ്ങളുടെ ദുരിതങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനു സംഭവിച്ച വീഴ്ചകളും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെടുകയും ഇതടിസ്ഥാനത്തില്‍ നിരവധി ട്വീറ്റുകള്‍ നീക്കം ചെയ്യുകയുമുണ്ടായി കഴിഞ്ഞ ദിവസം. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എം പി രേവന്ത് റെഡ്ഡി, ബംഗാള്‍ മന്ത്രി മോളോയ് ഘട്ടക്, എ ബി പി ന്യൂസ് എഡിറ്റര്‍ പങ്കജ്, നടന്‍ വിനീത് കുമാര്‍ സിംഗ്, സംവിധായകന്‍ അനിവാശ് ദാസ് എന്നിവരുടേതുള്‍പ്പെടെയുള്ള ട്വീറ്റുകളാണ് കേന്ദ്ര നിര്‍ദേശ പ്രകാരം നീക്കം ചെയ്തത്. ഇത്തരം ട്വീറ്റുകള്‍ ഐ ടി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. അതേസമയം, ഇന്ത്യയില്‍ കാണാനാകില്ലെങ്കിലും ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍ വിദേശങ്ങളിലുള്ളവര്‍ക്ക് കാണാനാകും.

കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിവേഗമാര്‍ന്ന വ്യാപനത്തില്‍ രാജ്യം അന്ധാളിച്ചു നില്‍ക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജനും മതിയായ ചികിത്സയും ലഭിക്കാതെ രോഗികള്‍ ശ്വാസംമുട്ടി പിടഞ്ഞു മരിക്കുന്നു. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലും ആവശ്യത്തിന് കിടക്കകള്‍ ഇല്ല. രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ ആശുപത്രി അധികൃതര്‍ പ്രയാസപ്പെടുകയാണ്. രണ്ടാം തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും അതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് രാജ്യം ഇന്നെത്തിപ്പെട്ട ഗുരുതരമായ അവസ്ഥക്ക് മുഖ്യ കാരണം. ഇക്കാര്യം ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളെ അസ്വസ്ഥമാക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് വളരെയേറെ സ്വാധീനമുള്ള കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ സ്വാധീനം സോഷ്യല്‍ മീഡിയകള്‍ക്കുണ്ടെന്ന് ഈ മേഖലയെ മറ്റാരേക്കാളും ഉപയോഗപ്പെടുത്തുന്ന ബി ജെ പിക്കും സംഘ്പരിവാര്‍ സംഘടനകള്‍ക്കും നന്നായറിയാം. കൊവിഡിനെ നേരിടുന്നതില്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ് ഇന്ത്യയെന്നു വീരവാദം മുഴക്കിയ കേന്ദ്ര ഭരണ വൃത്തങ്ങള്‍, ഈ വിമര്‍ശങ്ങളോട് പ്രതികരിക്കാന്‍ കഴിയാതെ ഉത്തരംമുട്ടുന്നു. ഇതാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക്, വിശിഷ്യാ ട്വിറ്ററിനു സെന്‍സര്‍ ഏര്‍പ്പെടുത്തിയതിനു പിന്നില്‍.
സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ രാജ്യത്തെ ഏതാനും ജനവിഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ കഴിവുകേട് മറച്ചുപിടിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആഗോളതലത്തില്‍ മോദി സര്‍ക്കാറിന് നഷ്ടമാകുന്ന പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ഇതുകൊണ്ടാകുമോ? കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രാജ്യത്തെ ഇപ്പോഴത്തെ ഗുരുതര അവസ്ഥക്കു കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു. രണ്ടാം തരംഗം സൃഷ്ടിക്കുന്ന അതീവ സങ്കീര്‍ണവും ഭയാനകവുമായ അവസ്ഥയെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും, അതിനെ നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രാമുഖ്യം നല്‍കിയതും വിദേശമാധ്യമങ്ങളുടെ വിമര്‍ശത്തിനു ഇടയാക്കി. മറ്റു പല രാഷ്ട്രങ്ങളിലും രണ്ടാം തരംഗം ഒന്നാമത്തേതിനേക്കാള്‍ രൂക്ഷമായിട്ടും കൃത്യമായ മുന്നൊരുക്കത്തിലൂടെ ഫലപ്രദമായി പ്രതിരോധിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോടതികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശമുണ്ടായി കേന്ദ്ര സര്‍ക്കാറിനെതിരെ. രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ഭരണകൂട വീഴ്ച സംബന്ധിച്ച് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പരിഹാരം കാണാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ ജീവനെക്കുറിച്ചു സര്‍ക്കാറിന് ചിന്തയില്ലെന്നും ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ വ്യവസായത്തെക്കുറിച്ചാണ് ചിന്തയെന്നുമാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി കുറ്റപ്പെടുത്തിയത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് വിപിന്‍ അധ്യക്ഷനായ കോടതി ബഞ്ച് ഓര്‍മിപ്പിച്ചു. മധ്യപ്രദേശ്, അലഹബാദ്, കൊല്‍ക്കത്ത, സിക്കിം ഹൈക്കോടതികളും ഓക്‌സിജന്‍ ക്ഷാമത്തിലും മറ്റും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഐ ടി ആക്ട് ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ നീക്കംചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തുണ്ടായ വര്‍ധിതമായ അക്രമങ്ങളും കൊലകളും തടയുന്നതിലുള്ള സര്‍ക്കാറിന്റെ പരാജയം ചൂണ്ടിക്കാട്ടുന്ന സന്ദേശങ്ങള്‍ക്കെതിരെ, കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട വിമര്‍ശങ്ങള്‍ക്കെതിരെ, കര്‍ഷക ദ്രോഹനിയമത്തിനെതിരെ വന്ന ട്വീറ്റുകള്‍ക്കെതിരെയെല്ലാം ഐ ടി ആക്ട് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അവ നീക്കം ചെയ്യിക്കുകയുമുണ്ടായിട്ടുണ്ട്. മുഖം വിരൂപമായതിനു കണ്ണാടിയെ പഴിക്കുന്നതിന് സമാനമാണിത്. സര്‍ക്കാറിന് ഭരണപരമായ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ വിമര്‍ശങ്ങള്‍ സ്വാഭാവികമാണ്. സാമൂഹിക മാധ്യമങ്ങളുടെ വായ മൂടിക്കെട്ടലല്ല, തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കലാണ് അതിന് പരിഹാരം. സര്‍ക്കാറിന്റെ തെറ്റായ ചെയ്തികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും ജുഡീഷ്യറിക്കുമെല്ലാം അവകാശമുണ്ട്. സര്‍ക്കാര്‍ വിരുദ്ധ ട്വീറ്റുകള്‍ ഐ ടി നിയമത്തിനെതിരാണെന്ന വാദം ഐ ടി നിയമത്തിന്റെ ദുര്‍വ്യാഖ്യാനമാണ്. വിമര്‍ശം രാജ്യതാത്പര്യത്തിനു വിരുദ്ധമാകുമ്പോള്‍ മാത്രമേ കുറ്റകരമാകുന്നുള്ളൂ. ഇക്കാര്യം കോടതികളും നിയമവിദഗ്ധരും പലകുറി വ്യക്തമാക്കിയതാണ്. എവിടെ വിമര്‍ശങ്ങള്‍ ഉയരുന്നുവോ അവിടെയാണ് കൂടുതല്‍ പുരോഗതിയുണ്ടാകുകയെന്നും വിമര്‍ശങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ രാജ്യം പോലീസ് സ്‌റ്റേറ്റായി മാറുമെന്നുമാണ് രാജ്യദ്രോഹ നിയമവും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ 2019 സെപ്തംബറില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കവെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദീപക് ഗുപ്ത വ്യക്തമാക്കിയത്.