Connect with us

International

ജമ്മു കശ്മീരിനെ പൂര്‍വസ്ഥിതിയിലാക്കിയാല്‍ ഇന്ത്യയുമായി ചര്‍ച്ചയെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ് | 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സ്വീകരിച്ച നടപടികള്‍ മരവിപ്പിച്ച് പൂര്‍വസ്ഥിതിയിലാക്കിയാല്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് പാക്കിസ്ഥാന്‍. വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.

കശ്മീരിനെ സംബന്ധിച്ച ചില തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ തങ്ങള്‍ക്ക് സന്തോഷമാകും. ഇരുകൂട്ടരും ഇരുന്ന് അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ചര്‍ച്ചയിലൂടെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ ജനസംഖ്യാ മാറ്റം വരുന്ന നടപടികളില്‍ നിന്ന് പിന്മാറുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, ആശയവിനിമയത്തിനും യാത്രക്കുമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, ഇന്ത്യന്‍ സൈനിക സാന്നിധ്യം കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പാക്കിസ്ഥാന്‍ മുന്നോട്ടുവെക്കുന്നത്.

2019 ആഗസ്റ്റ് അഞ്ചിനാണ് പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചു. മുന്‍ മുഖ്യമന്ത്രിമാരും എം പിമാരും അടക്കം നിരവധി പേരെ ജയിലിലടച്ചു. ചിലര്‍ ഇപ്പോഴും ജയിലിലാണ്. ആശയവിനിമയ സംവിധാനങ്ങളെല്ലാം മരവിപ്പിച്ചിരുന്നു. മാസങ്ങളോളം തുറന്ന ജയിലിന് സമാനമായിരുന്നു കശ്മീര്‍.

കശ്മീരിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയുണ്ടായ പാക് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നാണ് 2019 ഫെബ്രുവരി മുതല്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിച്ചത്. ഇതിനെ തുടര്‍ന്ന് പാക്കധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു.

Latest