Connect with us

Eranakulam

എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം; കടകള്‍ ഏഴ് മണി വരെ മാത്രം

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരം കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളും റസ്റ്റോറന്റ്കളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍, ടേക്ക് എവേ സൗകര്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തണം. ഇന്‍ ഡൈനിങ് അനുവദനീയമല്ല.

അബ്കാരി നിയമപ്രകാരം പാഴ്‌സല്‍/ ടേക്ക് എവേ മാത്രമായി പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍, ബാറുകള്‍ക്ക് സാധാരണ പോലെ രാത്രി 7.30 വരെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ.

കുടുംബയോഗങ്ങള്‍ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിര്‍ത്തി വയ്‌ക്കേണ്ടതാണ്. ജിംനേഷ്യം, സമ്പര്‍ക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങള്‍, ടീം സ്‌പോര്‍ട്‌സ്, ടൂര്‍ണമെന്റുകള്‍ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു.

തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തീയേറ്ററുകള്‍ മേയ് രണ്ടു വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്തണം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്.

സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.