Kerala
വാക്സിൻ റെഡി ക്യാഷ് ആയി വാങ്ങാനുള്ള പണം ട്രഷറിയിലുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം | ട്രഷറിയിൽ ഇപ്പോൾ മിച്ചമായി 3,000 കോടി രൂപയുണ്ടെന്നും ആവശ്യമായ വാക്സിൻ റെഡ്ഡി ക്യാഷ് നൽകി വാങ്ങാനുള്ള പണം സർക്കാറിന്റെ പക്കലുണ്ടെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്. ബജറ്റിൽ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്സിൻ ചലഞ്ച് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം:
അത്തരത്തിലൊരു പൗരബോധം പ്രതിപക്ഷ നേതാവിനും ബിജെപി നേതാക്കൾക്കും ഇല്ലായെന്നു വ്യക്തം. എങ്കിലും ഒരു കാര്യം അവർക്ക് ഉറപ്പുനൽകാം. സഹായിച്ചില്ലെങ്കിലും സൗജന്യ വാക്സിൻ നിങ്ങൾക്കും ഉറപ്പ്.
അപ്പോഴാണ് ട്രോളർമാരുടെ രംഗപ്രവേശനം. പണം ബജറ്റിൽ വകയിരുത്താതെയാണോ സൗജന്യം പ്രഖ്യാപിച്ചത്? പിന്നെ തെളിവായി ബജറ്റു കാലത്തെ എന്റെ അഭിമുഖങ്ങളുടെ വീഡിയോകളും. എന്തോ വലിയ തട്ടിപ്പു കണ്ടുപിടിച്ചമാതിരിയാണ് അർമാദം. കൊവിഡു തുടങ്ങിയ കാലത്ത് കേന്ദ്രത്തിന്റെ കൈയ്യിൽ പണം ഇല്ലെങ്കിൽ നോട്ട് അച്ചടിക്കട്ടേയെന്ന് ഞാൻ പറഞ്ഞപ്പോൾ ഉണ്ടായ വിഡ്ഡിച്ചിരി പോലെയൊന്ന്.
ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്നമാണിത്. ബജറ്റിൽ രണ്ടു കണക്കുണ്ട്. ഒന്ന്, നിലവിലുള്ള ഹെഡ് ഓഫ് അക്കൌണ്ടുകളിലേയ്ക്കു നീക്കിവെയ്ക്കുന്ന വിഹിതം. രണ്ട്, പ്രസംഗത്തിൽ പറയുന്ന ചെലവുകൾ. പ്രത്യേക ഹെഡ് ഓഫ് അക്കൌണ്ടില്ലാതെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്ന ചെലവുകൾക്ക് പിന്നീട് ഉപധനാഭ്യർത്ഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സർക്കാരിന്റെ ധനവിനിയോഗ രീതി. കൃത്യമായി എത്ര രൂപ വകയിരുത്തണമെന്ന് അപ്പോഴാണ് തീരുമാനിക്കുക. ബജറ്റ് അംഗീകരിച്ചു എന്നു പറഞ്ഞാൽ ഈ ചെലവും അംഗീകരിച്ചു എന്നാണ് അർത്ഥം.
കോവിഡ് വാക്സിൻ കേരളീയർക്ക് സൌജന്യമായി നൽകും എന്ന ബജറ്റ് നിർദ്ദേശം സഭ അംഗീകരിച്ചു കഴിഞ്ഞു. ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ എത്ര രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. എത്ര രൂപ ആയാലും അതിനൊരു ഹെഡ് ഓഫ് അക്കൗണ്ട് സൃഷ്ടിച്ച് അധിക ധനാഭ്യർത്ഥനയിലൂടെ ആവശ്യമായ സമയത്ത് അത് നിയമസഭ അംഗീകരിക്കും. അക്കാര്യത്തിൽ ആർക്കും ഒരു ബേജാറും വേണ്ട. ഈ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്തവർ പലതും പ്രചരിപ്പിക്കും. കാര്യഗൌരവമുള്ള ആരും അതൊന്നും കണക്കിലെടുക്കില്ല. ഇനിയഥവാ ആരെങ്കിലും ആ പ്രചരണത്തിൽ വീണുപോയി എന്നിരിക്കട്ടെ, അവർക്കും വാക്സിൻ സൗജന്യമായിത്തന്നെ ലഭിക്കും. തെറ്റിദ്ധാരണയ്ക്ക് അടിപ്പെട്ടുപോയി എന്നതുകൊണ്ട് വാക്സിൻ ഫലപ്രദമാകില്ല എന്നൊന്നുമില്ലല്ലോ. ജനാധിപത്യത്തിൽ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും. അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ല.
ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കോവിഡ് വാക്സിന് എത്ര രൂപയാകുമെന്ന് എങ്ങനെ കണക്കു കൂട്ടാനാകും? ഇപ്പോഴത്തെ പ്രഖ്യാപനം അനുസരിച്ച് 1300 കോടി രൂപ വേണം. എന്നാൽ ഇനി വാക്സിനു വില കൂടുകയാണെങ്കിലോ? കോ-വാക്സിനു 600 രൂപയെന്നു റിപ്പോർട്ടു വന്നുകഴിഞ്ഞു. ഈ വിലവർദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിക്കും. സൗജന്യമായി തരണമെന്ന് ആവശ്യപ്പെടും. കേന്ദ്രസർക്കാർ ചെവികൊള്ളുന്നില്ലെങ്കിൽ ജനങ്ങളെ ശിക്ഷിക്കില്ല. വില എത്രയായാലും സർക്കാർ വാങ്ങും, ജനങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയും ചെയ്യും.



