Covid19
സഊദിയിൽ നിന്ന് ഓക്സിജൻ കപ്പൽ മാർഗം ഇന്ത്യയിലേക്ക്

ദമാം | ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സഊദി അറേബ്യയും രംഗത്ത്. നിലവിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദിയിൽ നിന്നും കപ്പൽ മാർഗമാണ് ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുന്നത്. സഊദിയിലെ ഇന്ത്യൻ എംബസിയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.
ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് നിന്നും ഓക്സിജൻ കണ്ടയ്നറുകൾ കപ്പലിലേക്ക് കയറ്റുന്ന ഫോട്ടോയോടെയാണ് എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്. അദാനി, ലിൻഡേ കമ്പനികളുടെ സഹകരണത്തോടെയാണ് ഓക്സിജൻ ഇന്ത്യയിലെത്തിക്കുന്നത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിലവിൽ വലിയ ഓക്‌സിജൻ ക്ഷാമമാണ് നേരിടുന്നത്. ആദ്യ ഘട്ടത്തിൽ 80 മെട്രിക് ടൺ ദ്രവീകൃത ഓക്സിജനാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. രണ്ടാം ഘട്ടത്തിൽ ലിൻഡേ കമ്പനിയിൽ നിന്നും 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടർ കൂടി ലഭ്യമായിട്ടുണ്ടെന്നും ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും അടിയന്തര സാഹചര്യത്തിൽ സഹായ ഹസ്തം നൽകിയതിന് സഊദി ആരോഗ്യ മന്ത്രാലയത്തിന് സഊദി ഇന്ത്യൻ സ്ഥാനപതി കാര്യാലയം നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു.