Connect with us

Cover Story

ബർലിൻ നഗരത്തിലെ റമസാൻ ആനന്ദങ്ങൾ

Published

|

Last Updated

ഉമർ ഇബ്ൻ ഖതാബ് മസ്ജിദ്

ബർലിൻ നഗരത്തിലെ റമസാനിന്റെ പൊലിവും നിറവും ഏറ്റവും തെളിഞ്ഞുകാണാനാകുന്നത് പള്ളികളിലാണ്. തദ്ദേശീയ മുസ്‌ലിം കളുടെ എണ്ണം വളരേ കുറവാണെങ്കിലും കുടിയേറ്റ മുസ്‌ലിംകളുടെയും പ്രവാസി മുസ്‌ലിംകളുടെയും വലിയൊരു സമൂഹം തന്നെ നഗരത്തിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിൽ തന്നെ പല സമൂഹങ്ങളും വർഷങ്ങളോളമായി വ്യവസ്ഥാപിതമായ കൂട്ടായ്മകളായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവർക്കെല്ലാം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേകം പള്ളികളുമുണ്ട്. തുർക്കി, ലിബിയ, സിറിയ, ലെബനൻ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, വിയറ്റ്‌നാം, മലേഷ്യ, വിവിധ അറബ്-ആഫ്രിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ ലോകത്തെ മുഴുവൻ മുസ്‌ലിം സമൂഹങ്ങളുടെയും ഒരു പരിച്ഛേദം ഈ പള്ളികളിൽ കാണാനും കഴിയും. നോമ്പ്, പെരുന്നാൾ, നബിദിനം തുടങ്ങിയ മുസ്‌ലിം ആഘോഷ വേളകളിൽ ആണ് പള്ളികൾ കൂടുതൽ സജീവത കൈവരിക്കുക. ഓരോ നാട്ടുകാരും അവരുടെ സാംസ്കാരികമായ വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടു എങ്ങനെ ഇസ്‌ലാം എന്ന ഏകതാനതയിലേക്കു ലയിച്ചു ചേരുന്നു എന്ന് ഈ ആഘോഷങ്ങൾ നമുക്ക് കാണിച്ചു തരും.

ബർലിൻ നഗരത്തിലേക്ക് യാത്ര പോകുമ്പോൾ ഉണ്ടായ പ്രധാന ആശങ്കകളിൽ ഒന്ന് റമസാനെ കുറിച്ചായിരുന്നു. സമൂഹ നോമ്പ് തുറ, കൂട്ടായ ആരാധനകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ നമ്മുടെ നാട്ടിൽ വിപുലമായ സാമൂഹിക മാനങ്ങൾ കൈവരിച്ചു കഴിഞ്ഞ വ്യക്തിപരമായ ആരാധനയാണല്ലോ നോമ്പ്. നാട്ടിൽ റമസാനിന്റെ സാമൂഹികതയെ വലിയ തോതിൽ ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഭക്ഷണമാണ്. പൊതുവിൽ റമസാനിൽ നാം ആശങ്കപ്പെടാത്ത ഒരു കാര്യവും ഭക്ഷണത്തെ കുറിച്ചുള്ള ആധിയാണ്. വലിയൊരു നഗരത്തിൽ, ആദ്യമായി ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുമ്പോൾ അത്തരം അനുഭവങ്ങൾ നഷ്ടമാകില്ലേ എന്ന പരിഭവം തന്നെ പ്രധാനം. നഗരത്തിലെ റമസാൻ മാസത്തിലെ പകലിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള ആധികൾ ആയിരുന്നു മറ്റൊന്ന്. ഏതാണ്ട് ഇരുപത്തൊന്നു മണിക്കൂർ വരെ ദൈർഘ്യമുള്ള പകലുകൾ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. അത്രയും നീണ്ടുനിൽക്കുന്ന നോമ്പ് ഈ ആശങ്കകളെ വർധിപ്പിക്കുക സ്വാഭാവികമാണല്ലോ.


പക്ഷേ, ഈ ആശങ്കകളെയെല്ലാം ആസ്ഥാനത്താക്കുന്ന അനുഭവമായിരുന്നു ഓരോ പള്ളികളിലും. ഞങ്ങൾ സ്ഥിരമായി പോകാറുണ്ടായിരുന്ന, ഗോർലിറ്റ്സർ ബാൻഹോഫിനു സമീപത്തെ വെയ്‌നർ സ്ട്രാസ്സയിലെ ഉമർ ഇബ്ൻ ഖതാബ് മസ്ജിദ് നഗരത്തിലെ വലുതും പ്രാധാനപ്പെട്ടതുമായ ഒരു മുസ്‌ലിം കേന്ദ്രമാണ്. ലെബനോനിൽ നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ നേതൃത്വത്തിലാണ് ആ പള്ളി പ്രവർത്തിക്കുന്നത്. ഒരു ഫലസ്തീൻ വ്യാപാരിയുടെ മുൻകൈയിൽ നഗരത്തിലെ പ്രധാനപ്പെട്ട ആറ് നിലകെട്ടിടം വിലകൊടുത്തു വാങ്ങി പള്ളിയാക്കി മാറ്റുകയായിരുന്നു. ലെബനോനികൾക്കു പുറമെ, തുർക്കി, ഇന്തോനേഷ്യ,മലേഷ്യ, സിറിയ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ അവരുടെ മതപരമായ കാര്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്ന പള്ളി കൂടിയാണിത്. റമസാനിനെ സ്വീകരിക്കാൻ വലിയ സന്നാഹങ്ങൾ തന്നെ ഉമർ ഇബ്ൻ ഖതാബ് മസ്ജിദിൽ ഒരുക്കാറുണ്ട്. റമസാൻ പിറ കണ്ട വിവരം അറിയുന്നത് മുതൽ പള്ളിക്ക് പുതിയൊരു ജീവൻ വെക്കും.

ദൈനംദിന ആരാധനാ കർമങ്ങൾക്കു പുറമെ പള്ളിയിൽ നടക്കുന്ന ഖുർആൻ പഠനമാണ് റമസാനിലെ പ്രധാനപ്പെട്ട പ്രവർത്തനം. അതിനു വേണ്ടി കെയ്റോവിലെ അൽ അസ്ഹറിൽ നിന്നും ഓരോ വർഷവും ഖുർആൻ പാരായണത്തിൽ വൈദഗ്ധ്യം നേടിയ ആളുകളെ പള്ളിയിലേക്ക് ക്ഷണിച്ചു കൊണ്ട് വരും. ഓരോ ജമാഅത്ത് നിസ്കാരങ്ങൾക്കു ശേഷവും അവർ ഇരുന്ന് മനോഹരമായ ഈണത്തിൽ ഖുർആൻ പാരായണം ചെയ്യും. അത് കേട്ട് നൂറുകണക്കിന് വിശ്വാസികൾ അവർക്കു ചുറ്റുമിരിക്കും. ഖുർആൻ പഠനത്തിൽ നാം വലിയ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും ഖുർആൻ കേൾവിയുടെ സൗന്ദര്യം മലയാളി മുസ്‌ലിംകൾ വേണ്ടത്ര അന്വേഷിച്ചു കണ്ടെത്തിയിട്ടില്ല എന്നു തോന്നുന്നു. ശ്രോതാക്കളുടെ സൗകര്യം അനുസരിച്ചു അടുത്ത ബാങ്കിന്റെ സമയം വരെയും നീളുന്നതാണ് പലപ്പോഴും ഈ പാരായണ സദസ്സുകൾ. ശ്രോതാക്കളിൽ വലിയൊരു ഭാഗവും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളാണ്. അവർക്ക് ഖുർആനിലേക്കുള്ള വാതിലുകൾ തുറന്നിടുക കൂടിയാണ് ഈ പാരായണ സദസ്സുകളുടെ ലക്ഷ്യം. അസർ നിസ്കാരത്തിനു ശേഷം പള്ളിയിലെ പ്രധാന ഇമാമിന്റെ നേതൃത്വത്തിൽ നടക്കുന്ന തജ്‌വീദ് ക്ലാസുകളാണ് മറ്റൊന്ന്. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഇമാമിനു ചുറ്റുമിരുന്ന് ഖുർആൻ ഓതിക്കേൾപ്പിക്കും. ഓരോരുത്തരുടെയും തെറ്റുകൾ ഇമാം തിരുത്തിക്കൊടുക്കും. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഫാതിഹയും ചെറിയ സൂറത്തുകളുമാണ് പഠിപ്പിക്കുക.

ഇമ്രാൻ കഫേ

അസറിനു ശേഷം പള്ളിയോടു ചേർന്നുള്ള കച്ചവട സ്ഥാപനങ്ങളിൽ തിരക്ക് കൂടും. നോമ്പ് തുറ വിഭവങ്ങൾ, പ്രത്യേകിച്ചും ഹലാൽ മാംസ വിഭവങ്ങൾ ശേഖരിക്കാൻ നഗരത്തിലെ മുസ്‌ലിംകൾ പ്രധാനമായും ആശ്രയിക്കുന്നത് ഉമർ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന കടകളെയാണ്. മാംസത്തിനു പുറമെ വിവിധ തരം മസാലകൾ, വിവിധ നഗരങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങൾ, എണ്ണകൾ തുടങ്ങിയവയും ഈ കടകളിൽ നിന്ന് ലഭിക്കും. വീടുകളിൽ നിന്നാണ് അധിക പേരും നോമ്പ് തുറക്കാറ്. എങ്കിലും പള്ളിയിൽ തന്നെ തുടരുന്നവർക്കു നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ പള്ളിയിൽ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ടാകും. പള്ളിയുടെ കീഴിൽ തന്നെ ചെറിയൊരു ഭക്ഷണ ശാലയും പ്രവർത്തിക്കുന്നുണ്ട്. നിസ്കാര ശേഷം ഭക്ഷണം കഴിക്കാതെ പള്ളിയിൽ തുടരുന്നവർ ഭക്ഷണം കഴിക്കാൻ കൂട്ടിക്കൊണ്ടുപോകുന്നവരെയും പള്ളിയിൽ കാണാം. പള്ളിയോടു ചേർന്നുള്ള ഇമ്രാൻ കഫേയാണ് നോമ്പ് തുറക്കാരുടെ മറ്റൊരു പ്രധാന കേന്ദ്രം. സ്വാദിഷ്ടമായ തുർക്കി ഭക്ഷ്യ വിഭവങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ഇമ്രാൻ കഫെ നഗരത്തിലെ പ്രധാനപ്പെട്ട ജനകീയ ഭക്ഷണ ശാലകളിൽ ഒന്നാണ്. മറ്റു കടകളിൽ ഒന്നര യൂറോ വരെ വിലവരുന്ന ചായയും ബ്രഡും ഉൾക്കൊള്ളുന്ന മിനിമം ഭക്ഷണം ഇവിടെ ആർക്കും സൗജന്യമായി ലഭിക്കും എന്നതാണ് ഇമ്രാൻ കഫെയുടെ പ്രത്യേകത. കുടിയേറ്റ മുസ്‌ലിം സമൂഹങ്ങൾ നടത്തുന്ന ഭക്ഷണ ശാലകളെ തദ്ദേശീയരും ഇപ്പോൾ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. വിലക്കുറവും ഭക്ഷണത്തിലെ വൈവിധ്യവും അളവും തന്നെ കാരണം.


പകലിനു ദൈർഘ്യം കൂടിയ റമസാനിൽ, ആളുകൾ മഗ്‌രിബ് നിസ്കാരത്തിനു പള്ളിയിൽ എത്തിയാൽ സുബ്ഹി കൂടി നിസ്കരിച്ചേ തിരിച്ചുപോകൂ. മഗ്്രിബിനും സുബ്ഹിനുമിടയിൽ അപ്പോൾ മൂന്ന് മുതൽ നാല് മണിക്കൂർ വരെയായിരിക്കും ഇടവേള കിട്ടുക. തറാവീഹ് നിസ്കാരങ്ങൾക്കു അസ്ഹറിൽ നിന്നുള്ള ഖാരി ആണ് നേതൃത്വം നൽകുക.

നഗരത്തിലെ തന്നെ സോനൻ അലി എന്ന അറബിക് തെരുവിൽ നോമ്പുതുറ വിഭവങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാകും. ഗോതമ്പു മാവിൽ മാസം നിറച്ച കിബ്ബാ , മുന്തിരി ഇലയിൽ മസാല റൈസ് നിറച്ച ഡോൽമ, പതുപതുത്ത റൊട്ടിക്കു മുകളിൽ ചീസും എള്ളും പൊതിഞ്ഞ മനാഖിഷ്, ഈജിപ്ഷ്യൻ സ്പിനാച്ചും ചിക്കൻ ബോണും ചേർന്നുണ്ടാകുന്ന മുലൂഖിയ സൂപ്പ് എന്നിങ്ങനെ വിവിധ നാടുകളിൽ നിന്ന് വിരുന്നെത്തിയ നോമ്പ് തുറ വിഭവങ്ങൾ കഴിക്കാൻ ഓരോ കടക്കു മുന്നിലും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകും. തെരുവ് ഗായകർക്കും ഭവന രഹിതർക്കും അഗതികൾക്കും മറ്റുമെല്ലാം നാണയത്തുട്ടുകളും ഭക്ഷണ പൊതികളും നൽകി റമസാനിന്റെ കാരുണ്യം പകർന്നു നൽകുന്ന മുസ്‌ലിംകളെ നഗരത്തിന്റെ പല ഭാഗങ്ങളിലും കാണാം.

റമസാൻ ഇരുപത്തി ഏഴിന് പള്ളിയിൽ സമൂഹ നോമ്പ് തുറ ഒരുക്കും. നൂറുകണക്കിന് ആളുകളാണ് അതിൽ പങ്കെടുക്കുക. ഇശാഅ് നിസ്കാര ശേഷം പ്രത്യേക റമസാൻ മജ്‌ലിസും പ്രാർഥനയും നടക്കും. പള്ളിയിലെ ഗായക സംഘങ്ങൾ നശീദ പാടും. റസൂൽ തങ്ങളുടെ ശഅറെ മുബാറക് സദസ്സിൽ പ്രദർശിപ്പിക്കും. അച്ചടക്കത്തോടെ സദസ്സിൽ ഇരിക്കുന്നവരുടെ മുന്നിലൂടെ ശഅറെ മുബാറക് അടങ്ങിയ പേടകം വഹിച്ചു ഇമാമോ, പള്ളി ഭാരവാഹികളോ നടക്കും. ഓരോരുത്തരും അതിൽ തൊട്ടു ചുംബിക്കും. ആ ദിവസം പള്ളിയുടെ എല്ലാ നിലകളും നിറഞ്ഞു കവിയും. പള്ളിയുടെ മുറ്റത്തേക്ക് വരെ ആൾക്കൂട്ടം നിറയും.

യുദ്ധം കൊണ്ടും മറ്റും അരക്ഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളാൽ കടൽകടന്ന് യൂറോപ്യൻ തീരത്തെത്തിയ അഭയാർഥികൾ നിറഞ്ഞ നഗരം കൂടിയാണ് ബർലിൻ. ജീവൻ മാത്രം കൈയിലേന്തി പുതിയൊരു വൻകരയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന അഭയാർഥികളുടെ ക്യാമ്പുകളിൽ പോലും നോമ്പ് കാലത്തിന്റെ ഉണർവും ആനന്ദവും നിറഞ്ഞു നിൽക്കുന്നത് കാണാം. അങ്ങനെ റമസാൻ എല്ലാ മനുഷ്യരുടെയും എല്ലാ വിധത്തിലുമുള്ള പ്രതീക്ഷകൾക്ക് തിരികൊളുത്തുന്നു. ആ വെളിച്ചത്തിന്റെ ഊർജത്തിൽ അടുത്ത റമസാൻ വരെയും ജീവിക്കാനുള്ള ആത്മവിശ്വാസം അവർ കൈവരിക്കുന്നു.

മുസ്‌ലിംകൾ ജനസംഖ്യ കുറഞ്ഞ ജർമനിയിൽ നോമ്പ് കാലം ആശ്ചര്യം നിറഞ്ഞ ചോദ്യങ്ങളുടേതു കൂടിയാണ്. വെള്ളം പോലും കുടിക്കാതെ എങ്ങനെ ഇത്രയും സമയം പിടിച്ചു നിൽക്കും, എത്ര വയസ്സ് മുതലാണ് നോമ്പ് നോറ്റു തുടങ്ങുക, ഇന്ത്യയിലും യൂറോപ്പിലും നോമ്പ് ഒരുപോലെയാണോ തുടങ്ങി ആ ചോദ്യങ്ങൾ നീളും. ആ ചോദ്യങ്ങളിലൂടെയാണ് പലരുടെയും ഇസ്‌ലാമിനെ കുറിച്ചുള്ള അന്വേഷണങ്ങളും അറിവുകളും ആരംഭിക്കുന്നത് തന്നെ. ഞങ്ങളുടെ ഹോസ്റ്റൽ മുറിയിൽ ഒരുക്കുന്ന നോമ്പ് തുറയിലേക്ക് സഹപാഠികളെ ക്ഷണിച്ചാൽ പലരും നോമ്പെടുത്താകും വരിക. നോമ്പ് തുറക്ക് വേണ്ടി കേരളത്തിലെ നാടൻ ഭക്ഷണ വിഭവങ്ങളാകും പലപ്പോഴും തയ്യാറാക്കുക. അങ്ങനെ നോമ്പുകാലം സംസ്കാരങ്ങളുടെ രുചിഭേദങ്ങൾ മനസ്സിലും ശരീരത്തിലും കൈമാറുന്ന വസന്തകാലം കൂടിയായിത്തീരുന്നു.
.

Latest