Connect with us

Gulf

കേളി കോവിഡ് വാക്സിൻ ചലഞ്ച്; ആദ്യഘട്ടം 1000 വാക്സിനുള്ള തുക നൽകും

Published

|

Last Updated

റിയാദ് | കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ജനതയെ കൂടുതൽ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ, കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുമെന്ന കേരളസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി.

എന്നത്തേയും പോലെ, കോവിഡ് പ്രതിസന്ധികൾക്കിടയിലും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനങ്ങൾക്ക് വാക്സിനും ഓക്സിജനും എത്തിക്കുന്നതിന് പകരം വാക്സിൻ നിർമ്മാണ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനോ, ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാനോ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട അർഹമായ വാക്സിൻ പോലും സൗജന്യമായി ലഭ്യമാക്കാതെ, വാക്സിൻ നിർമ്മാണക്കമ്പനികളുടെ ദാക്ഷിണ്യത്തിനായി ജനങ്ങളുടെ ജീവൻ എറിഞ്ഞുകൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി തികച്ചും അപലപനീയമെന്നും കേളി സെക്രട്ടറിയേറ്റിന്റെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്ത സൗജന്യ വാക്സിൻ എന്ന ഉറപ്പിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനത്തിന് ഈ തീരുമാനം കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ്. എന്നാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന ശീലം ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും, പ്രതിസന്ധി കാലത്ത് ജനങ്ങളെ ചേർത്തു പിടിക്കുന്ന ശീലം ഉപേക്ഷിക്കില്ലെന്നുമുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണ്.

കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ആദ്യഘട്ടമായി റിയാദ് കേളി 1000 ഡോസ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ  തീരുമാനിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിൽ നിന്ന് ‘കോവിഡ് ചലഞ്ച്’ കാമ്പയിൻ വഴിയാണ് ഈ തുക കണ്ടെത്തുക. കോവിഡ് മുക്ത കേരളത്തിനായി കാമ്പയിനുമായി സഹകരിക്കാൻ പ്രവാസി സമൂഹത്തോട് കേളി അഭ്യർത്ഥിച്ചു.