Connect with us

Ramzan

പടച്ചവന്റെ കാരുണ്യത്തിന് പടപ്പുകളെ പരിഗണിക്കണം

Published

|

Last Updated

“സുദീർഘമായി നിസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഞാൻ നിസ്‌കാരത്തിലേക്ക് പ്രവേശിക്കും. അതിനിടക്ക് കുഞ്ഞുങ്ങളുടെ കരിച്ചിൽ കേട്ടാൽ നിസ്‌കാരം ചുരുക്കും. ആ കരച്ചിൽ കേട്ട് മാതാപിതാക്കൾ വിഷമിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് നിസ്‌കാരം ചുരുക്കാറുള്ളത്.”
സൃഷ്ടികളിൽ ശ്രേഷ്ടരായ തിരുനബിയുടേതാണീ വാക്കുകൾ. എന്ത് നല്ല മനസ്സാണ്. ആരാധനാ കർമങ്ങളിൽ പോലും അപരർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് അവിടുത്തെ ചിന്ത. അറിഞ്ഞ് കൊണ്ടൊരാൾക്കും പ്രയാസം സൃഷ്ടിക്കരുതെന്ന നിശ്ചയദാർഢ്യം, സന്മനസ്സിന്റെ ഉടമകളിൽ നിന്നുണ്ടാകുന്നതാണ്. വാക്കും പ്രവൃത്തിയും പെരുമാറ്റവും ഒരാൾക്കും നോവാകരുതെന്ന നല്ല ചിന്തയാണത്. സഹചർക്ക് ബുദ്ധിമുട്ടാകാത്തവിധം സ്വഭാവം ക്രമീകരിക്കുന്നവരാണ് സന്മനസ്സിന്റുടമകൾ.

ഭക്തിയുടെ സ്ഥാനം മനസ്സകമാണല്ലോ. മനുഷ്യരിൽ ഏറ്റവും അധികം പരിശുദ്ധമായിരിക്കേണ്ട ഇടമാണ് മനസ്സ്. ഇത് മലിനമായാൽ മനുഷ്യന്റെ സംസാരവും പെരുമാറ്റവും സ്വഭാവവും എല്ലാം മോശമാകും. മനസ്സ് നന്നായാൽ എല്ലാ അർഥത്തിലും മനുഷ്യൻ നന്നാവും. അപരന്റെ പുരോഗതിയിൽ അസ്വസ്ഥനാകുകയോ അസഹിഷ്ണുത പ്രകടിപ്പിക്കുകയോ ചെയ്യരുത്. മറ്റുള്ളവരുടെ പണവും പത്രാസും കുറയണമെന്നാഗ്രഹിക്കലാണ് അസൂയ. ആരുടെയെങ്കിലും തോൽവിയോ അധഃപതനമോ മുരടിപ്പോ നമ്മെ പുളകിതനാക്കുന്നുവെങ്കിൽ നമ്മുടെ മനസ്സിൽ അസൂയ വേരാഴ്ത്തിയിട്ടുണ്ടെന്ന് തിരിച്ചറിയുകയും മനസ്സിനെ വിമലീകരിക്കുകയും വേണം.

മറ്റുള്ളവരെ പോലെ എനിക്കും ആകണമെന്ന ചിന്തയും അതിനായുള്ള പ്രയത്‌നവും തെറ്റില്ലാത്ത കാര്യമാണ്; പ്രശംസനീയമാണ്. പരസ്പരം സ്‌നേഹത്തിലും സൗഹാർദത്തോടെയുമാണ് വിശ്വാസികൾ വർത്തിക്കേണ്ടത്. സാഹോദര്യത്തിന് ഭംഗം വരുന്ന പ്രവൃത്തികളും വാക്കുകളും പരസ്പരം ഉണ്ടായിക്കൂടാ.

വിശ്വാസികൾക്കിടയിലെ ബന്ധത്തെ നബി (സ) ഒരു കെട്ടിടത്തിനോടാണുപമിച്ചത്. അതിന്റെ ഓരോ ഭാഗവും മറ്റൊന്നിന്റെ ഉറപ്പിനും ബലത്തിനും അനിവാര്യമാണ്. ഈ സംഭവം പഠിപ്പിക്കുമ്പോൾ അവിടുത്തെ കൈവിരലുകൾ പരസ്പരം കോർത്ത് പിടിച്ച് സദസ്സിനെ കാണിക്കുകയും ചെയ്തിരുന്നു. നമുക്ക് സ്‌നേഹാർദ്ര മനസ്സിനുടമകളാകാം. വലിയവരിലേക്കത് ആദരവായും ചെറിയവരിലേക്കത് അലിവായും കിനിഞ്ഞിറങ്ങണം. ജരീറുബ്‌നു അബ്ദുല്ല (റ)യിൽ നിന്ന് ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക- “ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല”.