Connect with us

Covid19

ഓക്സിജൻ കൊള്ള; വില കുത്തനെ കൂട്ടി നിർമാണ കമ്പനികൾ

Published

|

Last Updated

പാലക്കാട് | ഓക്സിജൻ കിട്ടാതെ രാജ്യത്ത് ജനങ്ങൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ വില കുത്തനെ കൂട്ടി മെഡിക്കൽ ഓക്സിജൻ നിർമാണ കമ്പനികളുടെ പകൽക്കൊള്ള. കേരളത്തിൽ ഉൾപ്പെടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ ഓക്സിജന്റെ ഉപയോഗ സാധ്യത മുന്നിൽക്കണ്ടാണ് കമ്പനികൾ വില കുത്തനെ കൂട്ടുന്നത്.

ഒരാഴ്ച മുമ്പുവരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജന് 11.50 രൂപയായിരുന്നു വില. ഇന്നലെ അത് 17 രൂപയാക്കി ഉയർത്തി. ഒരാഴ്ചക്കിടെ നടപ്പാക്കിയത് 50 ശതമാനത്തിന്റെ വർധവ്. വരും ദിവസങ്ങളിൽ ഡിമാൻഡ് കൂടുന്നതനുസരിച്ച് വില കൂട്ടാനാണ് നീക്കം.

സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജൻ വിതരണം ചെയ്യുന്നത് കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാരാഷ്ട ആസ്ഥാനമായുള്ള ഇനൊക്സ് എന്ന കമ്പനിയാണ്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജൻ നിർമാതാവാണ് ഇനൊക്സ്. മുമ്പ് കഞ്ചിക്കോട് മേഖലകളിൽ നാല് കമ്പനികൾ മെഡിക്കൽ ഓക്സിജൻ നിർമിച്ചിരുന്നെങ്കിലും ഇപ്പോൾ ഇനൊക്സ് മാത്രമാണ് ഉത്പാദനരംഗത്തുള്ളത്. മറ്റുള്ളവർ സിലിൻഡറുകൾ റീഫിൽ മാത്രമേ ചെയ്യുന്നുള്ളൂ. ഓക്‌സിജൻ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽനിന്ന് കിൻഫ്ര മുഖേനയാണ് നൽകുന്നത്. വൈദ്യുതി കെ എസ് ഇ ബിയും. ഇവ രണ്ടും ചുരുങ്ങിയ നിരക്കിലാണ് നൽകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ കൊള്ളക്കെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

കേരളത്തിലെ ഓക്‌സിജൻ വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇനൊക്സാണ്. പ്രതിദിനം 150 ടൺ ഓക്സിജനാണ് ഇവിടുത്തെ ഉത്പാദനം. 1,000 ടൺ ഓക്‌സിജൻ വരെ സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ 75 ശതമാനവും കർണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. കൊവിഡ് അതീവ ഗുരുതരമായ മഹാരാഷ്ട്രയിൽ ഒരു ക്യുബിക് മീറ്റർ ഓക്‌സിജന് 50 രൂപയിലധികം നൽകണം. ഈ ലാഭമാണ് ഓക്‌സിജൻ അന്യ സംസ്ഥാനങ്ങളിലേക്ക് നൽകുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.