Connect with us

Ongoing News

ബാറ്റിംഗിലും ബോളിംഗിലും സമഗ്രാധിപത്യം; കൊല്‍ക്കത്തയെ തകര്‍ത്ത് ബാംഗ്ലൂര്‍

Published

|

Last Updated

ചെന്നൈ | തകര്‍പ്പന്‍ ബാറ്റിംഗും ബോളിംഗുമായി കൃത്യമായ മേധാവിത്വം പുലര്‍ത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐ പി എല്‍ പത്താം മത്സരത്തില്‍ 38 റണ്‍സ് വിജയം. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 204 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ബാംഗ്ലൂരിനെ വെല്ലുവിളിയാകാന്‍ ഒരു ഘട്ടത്തിലും എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുക്കാനേ കൊല്‍ക്കത്തക്ക് സാധിച്ചുള്ളൂ.

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അത്ര ശോഭിച്ചില്ലെങ്കിലും ഗ്ലെന്‍ മാക്‌സ്വെല്ലും എ ബി ഡിവില്ലേഴ്‌സും ചേര്‍ന്ന് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. മാക്‌സ് വെല്‍ 49 ബോളില്‍ 78ഉം ഡിവില്ലേഴ്‌സ് വെറും 34 ബോളില്‍ 76ഉം റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 25, വിരാട് കോലി അഞ്ച്, രജത് പഠീദാര്‍ ഒന്ന്, കയ്ല്‍ ജെമീസണ്‍ എട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ടും പാറ്റ് കമ്മിന്‍സ്, പ്രസീധ് കൃഷ്ണ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തന്‍ ഓപണര്‍മാരായ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയെങ്കിലും രണ്ടാം ഓവറിന്റെ അവസാനം സ്‌കോര്‍ 23ലിരിക്കെ ശുഭ്മാന്‍ ഗില്‍ ആദ്യം വീണു. ഗില്‍ 21 റണ്‍സ് ആണെടുത്തത്. ആന്ദ്രെ റസ്സല്‍ അവസാന നിമിഷങ്ങളില്‍ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഫലവത്തായില്ല. റസ്സല്‍ 31, നിതീഷ് റാണ 18, രാഹുല്‍ ത്രിപാഠി 25, ഇയോന്‍ മോര്‍ഗാന്‍ 29, ദിനേഷ് കാര്‍ത്തിക് രണ്ട്, ശാക്കിബ് അല്‍ ഹസന്‍ 26, പാറ്റ് കമ്മിന്‍സ് ആറ്, ഹര്‍ഭജന്‍ സിംഗ് രണ്ട്, വരുണ്‍ ചക്രവര്‍ത്തി രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. കയ്ല്‍ ജാമീസണ്‍ മൂന്നും യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതവും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റെടുത്തു.