Connect with us

Editorial

കൊവിഡ് ഭീതിയിലും കണ്ണൂരിൽ ബോംബ് നിർമാണം തകൃതി

Published

|

Last Updated

മൻസൂർ വധത്തിനും കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആത്മഹത്യക്കും പിന്നാലെ കതിരൂരിൽ ബോംബ് നിർമാണത്തിനിടെ ഒരു യുവാവിന്റെ കൈപ്പത്തി അറ്റുപോയ സംഭവം കൂടി പുറത്തുവന്നതോടെ കണ്ണൂർ രാഷ്ട്രീയത്തെക്കുറിച്ച ആകുലതകൾ വർധിച്ചിരിക്കയാണ് വീണ്ടും. പുറമേ ശാന്തമെങ്കിലും അക്രമങ്ങൾക്കും തിരച്ചടികൾക്കും കോപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ് ജില്ലയിലെ രാഷട്രീയ കേന്ദ്രങ്ങളെന്നാണ് കതിരൂർ സംഭവം വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കതിരൂരിൽ ബോംബ് സ്‌ഫോടനമുണ്ടായത്. വിഷു ദിവസമായതിനാൽ പടക്കം പൊട്ടിയതാണെന്നാണ് പരിസരവാസികൾ ആദ്യം കരുതിയത്. എന്നാൽ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനമായതിനാൽ പിന്നീട് സംശയം ഉടലെടുക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് പരിശോധനയിൽ സംഭവ സ്ഥലത്തുനിന്ന് തകർന്ന കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ബോംബ് നിർമാണത്തിന്റെ തെളിവുകളും ലഭിച്ചു.

കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിൽ സിമന്റ് ടാങ്കിനുള്ളിൽ വെച്ചായിരുന്നു ബോംബ് നിർമാണം. മാരിമുത്തു എന്ന നിജേഷും സുഹൃത്തും ചേർന്ന് ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയും നിജേഷിന്റെ രണ്ട് കൈപ്പത്തിയും ചിന്നിച്ചിതറുകയുമായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് സി പി എം പ്രവർത്തകനായ നിജേഷ്. സംഭവസ്ഥലം മഞ്ഞൾപൊടിയിട്ട് കഴുകിയ നിലയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് തെളിവുകൾ നശിപ്പിക്കാനാണെന്നാണ് പോലീസ് നിഗമനം. കതിരൂരിൽ തന്നെ കഴിഞ്ഞ സെപ്തംബറിൽ പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ റോഡിൽ തെക്കെ തയ്യിലിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരുക്കേൽക്കുകയും സി ഒ ടി നസീർ വധശ്രമക്കേസിലെ മൂന്നാം പ്രതി അശ്വന്ത് അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുനിന്ന് പുതുതായി നിർമിച്ച 13 സ്റ്റീൽ ബോംബുകൾ കണ്ടെടുക്കുകയും ചെയ്തു.

രാഷ്ട്രീയ ക്രിമിനലുകളുടെ ബോംബ് നിർമാണവും അതിനിടെ അബദ്ധത്തിലുള്ള സ്‌ഫോടനവും നിർമാതാക്കൾ “രക്തസാക്ഷി”കളും “ബലിദാനി”കളുമാകുന്നതും കണ്ണൂർ ജില്ലയിലും പരിസര പ്രദേശങ്ങളിലും പതിവു സംഭവമാണ്. ബി ജെ പി പ്രവർത്തകരാണ് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ചു മരിച്ചവരിൽ കൂടുതലും. ബുധനാഴ്ച അപകടം നടന്ന കതിരൂരിൽ 1998ൽ ബോംബ് നിർമാണത്തിനിടെ രണ്ട് ബി ജെ പിക്കാരും 2002ൽ പാനൂരിൽ സെൻട്രൽ പൊയിലൂരിലെ വീട്ടിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ അശ്വിൻകുമാർ, സുരേന്ദ്രൻ എന്നീ ബി ജെ പി പ്രവർത്തകരും മരിച്ചു. പാനൂർ ചെണ്ടയാട് ആക്കാനിശ്ശേരിയിൽ ബി ജെ പി പ്രവർത്തകൻ പിണറായി സ്വദേശി ചന്ദ്രൻ കൊല്ലപ്പെട്ടതും ചെറുവാഞ്ചേരി അത്യാറക്കാവിൽ രണ്ട് ബി ജെ പിക്കാർ മരിച്ചതും ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലായിരുന്നു.
2015 ജൂണിൽ പാനൂർ കല്ലിക്കണ്ടിയിൽ സുബീഷ്, ഷൈജു എന്നീ സി പി എം പ്രവർത്തകരും 2011 ഫെബ്രുവരി 26ന് കണ്ണൂർ- കോഴിക്കോട് അതിർത്തിയിൽ നാദാപുരം നരിക്കാട്ടേരിയിൽ അഞ്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടതും ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ്. 2011ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടർന്ന് നാദാപുരത്തുണ്ടായ സംഘർഷത്തിന്റെ ഭാഗമായി ലീഗ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ സി പി എം പ്രവർത്തകർ ബോംബെറിഞ്ഞ സംഭവത്തിന് തിരിച്ചടി നൽകാൻ ബോംബ് തയ്യാറാക്കുന്നതിനിടെയാണ് നരിക്കാട്ടേരിയിൽ അഞ്ച് പേർ ഒന്നിച്ചു കൊല്ലപ്പെട്ടത്. ഈ മരണങ്ങൾക്കു പുറമേ ബോംബ് സ്‌ഫോടനത്തിൽ അവയവങ്ങൾ തകർന്ന് ദുരിത ജീവിതം നയിക്കുന്നവർ നിരവധിയാണ്.

അക്രമ രാഷ്ട്രീയം തുടങ്ങിയ കാലം തൊട്ടേ ബോംബ് ഒരു പ്രധാന ആയുധമാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയക്കാർക്ക്. സാഹസികരായ പാർട്ടി പ്രവർത്തകർ സ്വയം നിർമിക്കുന്നതാണ് ഇവയിലേറെയും. രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യം വെച്ചുള്ള ആയുധ നിർമാണത്തിനു ഇവിടെ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ ചില കേന്ദ്രങ്ങളിൽ നിന്നു പിടിച്ചെടുത്ത ബോംബുകൾ സാങ്കേതിക വിദ്യയിൽ മികച്ചതും ഉഗ്രസ്‌ഫോടന ശേഷിയുള്ളതുമാണെന്നത് ബോംബ് നിർമാണത്തിൽ ഇവർക്കുള്ള വൈദഗ്ധ്യം വിളിച്ചോതുന്നു. പുഴയോരങ്ങൾ, കുന്നുകൾ, വയലുകൾ, തോട്ടങ്ങൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ തുടങ്ങി മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്തതും പോലീസിന് എളുപ്പത്തിൽ എത്താനാകാത്തതുമായ സ്ഥലങ്ങളിലാണ് നിർമാണം. രാഷ്ട്രീയ പ്രവർത്തകരുടെ വീടുകളുടെ സമീപത്തും നിർമാണം നടക്കാറുണ്ട.് വേണ്ടത്ര ജാഗ്രതയില്ലാതെ ബോംബ് കെട്ടുന്നതാണ് അബദ്ധത്തിൽ സ്‌ഫോടനത്തിനിടയാക്കുന്നത്. ഇത്തരം സ്‌ഫോടനങ്ങളിൽ നല്ലൊരു പങ്കും അധികൃതരുടെ ശ്രദ്ധയിൽപ്പെടാറില്ല. പുറംലോകമറിയാതെ അത് പൂഴ്ത്തിവെക്കുകയും പരുക്കേറ്റവരെ രഹസ്യകേന്ദ്രങ്ങളിൽ ചികിത്സിക്കുകയുമാണ് ചെയ്യുന്നത്. അഥവാ വിവരം അറിഞ്ഞ് പോലീസ് എത്തിയാൽ തന്നെ, നിർമാണ സാമഗ്രികൾ അപ്പോഴേക്കും സ്‌ഫോടനം നടന്നയിടത്ത് നിന്ന് മാറ്റുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തിരിക്കും.

കേരളമാകെ കൊവിഡ് ഭീതിയിൽ വിറച്ചു നിൽക്കുമ്പോഴും കണ്ണൂരിലെ ക്രിമിനൽ രാഷ്ട്രീയത്തിന് അറുതിയില്ലെന്നാണ് മൻസൂർ വധവും കതിരൂരിൽ ഏഴ് മാസത്തിനിടെയുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളും വ്യക്തമാക്കുന്നത്. ജില്ലയിലെ സമാധാനാന്തരീക്ഷത്തെ മാത്രമല്ല കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ബാധിക്കാറുള്ളത്.

പലപ്പോഴും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലുമെത്താറുണ്ട് അതിന്റെ സ്ഫുരണങ്ങൾ. നിയമപാലകർ മാത്രം വിചാരിച്ചതു കൊണ്ടായില്ല. രാഷ്ട്രീയ നേതൃത്വം കൂടി മനസ്സ് വെച്ചെങ്കിലേ അറുപതുകളുടെ അവസാനം തുടങ്ങുകയും അമ്പത് വർഷം പിന്നിടുകയും ചെയ്ത കണ്ണൂരിലെ ഈ രാഷ്ട്രീയ സംഘർഷത്തിനു അറുതി വരുത്താനാവുകയുള്ളൂ. ബോംബ് നിർമാണം ഉൾപ്പെടെ ആയുധ സജ്ജീകരണ പ്രവണത അവസാനിപ്പിക്കുകയും അക്രമരാഷ്ട്രീയത്തിൽ നിന്നു സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് അണികളെ പരിവർത്തിപ്പിക്കാനാവശ്യമായ ബോധവത്കരണം നടത്തുകയുമാണ് ഇതിനാദ്യമായി രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്.

Latest