Connect with us

Ongoing News

ജലീലിനെതിരായ വിധിയിൽ ഗൂഢാലോചന ആരോപിച്ച് ഐ എൻ എൽ; ലോകായുക്തയുടെ 'അമിത താത്പര്യ'മെന്ന് ആക്ഷേപം

Published

|

Last Updated

തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ രാജിക്കിടയാക്കിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിധിക്ക് പിന്നിൽ ലോകായുക്തയുടെ അമിത താത്പര്യമെന്ന് ആക്ഷേപമുയരുന്നു. കേസിൽ ലോകായുക്ത കൃത്യമായ അന്വേഷണം നടത്താതെ ഏകപക്ഷീയ നിലപാടെടുക്കുകയായിരുന്നുവെന്നാണ് പ്രധാനമായും ആക്ഷേപമുയർന്നിരിക്കുന്നത്. ലോകായുക്ത കേസിൽ സർക്കാറിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയിരുന്നില്ല. ലോകായുക്തയുടെ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ട്. സിവിൽ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്.

മാത്രമല്ല കെ ടി ജലീലിന്റെ നിർദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയിൽ ഇളവ് വരുത്തി തീരുമാനമെടുത്തത് സർക്കാറാണ്. അതിനാൽ നടപടിക്രമങ്ങളിൽ സർക്കാറിന് കൂടി പങ്കുള്ളതിനാൽ സർക്കാറിന്റെ ഭാഗം കൂടി കേൾക്കണമെന്നിരിക്കെ ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്ത പെട്ടെന്ന് വിധി പ്രസ്താവം നടത്തിയത്. മാത്രമല്ല, വർഷങ്ങൾ പഴക്കമുള്ള നിരവധി കേസുകൾ കെട്ടിക്കിടക്കെ 2019ലെ മന്ത്രി ജലീലിനെതിരായ കേസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ധൃതിപ്പെട്ട് തീർപ്പാക്കിയതിലും ദുരൂഹതയുണ്ട്.

അതേസമയം ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ ഗൂഢാലോചന ആരോപിച്ച് ഇന്ത്യൻ നാഷനൽ ലീഗ് രംഗത്തുവന്നതോടെ ലോകായുക്ത നടപടികൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഐ എൻ എൽ നേതാവ് എൻ കെ അബ്ദുൽ അസീസ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. ലോകായുക്ത സെക്ഷൻ (9) പ്രകാരം നടപടി ക്രമങ്ങൾ പാലിക്കുകയോ കേസിൽ കുറ്റാരോപിതനായ കെ ടി ജലീലിനെ കോടതി കേൾക്കുകയോ ചെയ്തിരുന്നില്ല. 25ാം തീയതി പ്രിലിമിനറി എൻക്വയറി വേണോ വേണ്ടേ എന്നതായിരുന്നു ചർച്ച. എന്നാൽ അതേ ദിവസം തന്നെ അന്തിമ വാദവും നടത്തി. പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണമോ അന്തിമ അന്വേഷണമോ നടത്തിയിട്ടില്ല. ന്യൂനപക്ഷ വികസന കോർപറേഷന്റെ അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജിന് ഹാജരാകാൻ ഇട നൽകാതെയാണ് ലോകായുക്ത നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ജലീലിനെ കേസ് അഡ്മിഷൻ എടുത്ത കാര്യം അറിയിച്ചിരുന്നില്ല.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ച് നീതിപീഠവുമായി ബന്ധപ്പെട്ട് അഭയ കേസിലുൾപ്പെടെ ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെന്ന് എൻ കെ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം വിധി വന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസ്താവന സിറിയക് ജോസഫിന്റെ നിലപാടുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. അതിരൂപതയുടെ പ്രസ്താവന പറയുന്നത് കേരളത്തിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ്. പ്രസ്താവനയിലൂടെ സഭ നൽകുന്ന സന്ദേശം വിഷയത്തിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നാണ് ആക്ഷേപം. സഭ പറഞ്ഞതിന്റെ താത്പര്യം, മുസ്‌ലിം സമുദായം കാലങ്ങളായി എന്തൊക്കെയോ അന്യായമായി നേടിയെടുക്കുന്നു എന്ന ആക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ആർ എസ് എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ക്രിസ്ത്യൻ സമുദായത്തിലെ ഒരു പറ്റം ആളുകൾ ശ്രമിക്കുന്നതിന്റെ പരിണിത ഫലമാണ് ഈ ആരോപണങ്ങളെന്നും അവരാണ് ലവ് ജിഹാദ്, ഹലാൽ ഭക്ഷണം ഉൾപ്പടെയുള്ള ആരോപണം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കിയ അബ്ദുൽ അസീസ് ഈ ആക്ഷേപം ഉയർത്തുന്നവരുടെ ചട്ടുകമായാണ് സിറിയക് ജോസഫ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചിരുന്നു. ബന്ധുവായ കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.