Kerala
കെ എം ഷാജിയെ നാലര മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തത് നാലര മണിക്കൂര്‍. ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രാവിലെ 10ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്കു ശേഷം 2.30ഓടെയാണ് അവസാനിച്ചത്. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ഡി വൈ എസ് പി. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം തേടിയത്.
അതിനിടെ, വിജിലന്‍സ് നടപടി രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും കെ എം ഷാജി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നത്. അതിന്റെ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കും. കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണം. കൃത്യമായ രേഖ ഉള്ളതിനാലാണ് പണം മാറ്റാതിരുന്നത്
സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാര്‍ത്തകള്‍ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല.
ക്യാമ്പ് ഹൗസില്‍ ഒരു കിടപ്പുമുറിയും ഒരു കട്ടിലുമേയുള്ളൂ. അതിന് താഴെയാണ് പണം സൂക്ഷിച്ചിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നൊക്കെയാണ് ചിലരുടെ പ്രചാരണം. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറന്‍സി മക്കള്‍ ശേഖരിച്ച് വച്ചതാണെന്നും അതില്‍ ഷാജി പറഞ്ഞു.