Kerala
തണ്ടര്‍ബോള്‍ട്ട് സംഘത്തെ കാട്ടാന ആക്രമിച്ചു; എ എസ് ഐക്ക് പരുക്ക്

മലപ്പുറം | മാവോയിസ്റ്റ് പരിശോധനക്കിടെ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ എ എസ് ഐക്ക് സാരമായി പരുക്കേറ്റു. തണ്ടര്‍ബോള്‍ട്ട് എ എസ് ഐ. ഡാനീഷ് കുര്യന്‍ (44)നാണ് പരുക്കേറ്റത്. ഇയാളെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. കരുളായി റെയ്ഞ്ചില്‍ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടക്കടവ്-പുലിമുണ്ട-മഞ്ഞിക്കടവ് വനപാതയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
രാവിലെ ഏഴരയോടെ എ എസ് ഐയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം നടന്നു പോകുന്നതിനിടയിലാണ് സംഭവം. തുമ്പിക്കൈ കൊണ്ട് എ എസ് ഐയെ എടുത്തെറിയുകയും ചവിട്ടുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. എ എസ് ഐയെ ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വച്ച് ചെറിയ ആംബുലന്‍സിലേക്കും തുടര്‍ന്ന് വടപുറത്തു വെച്ച് വലിയ അംബുലന്‍സിലേക്കും മാറ്റിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
മാവോയിസ്റ്റ് വേട്ടക്കായി രാവിലെ ആറരയോടെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം നെടുങ്കയം ചെക്ക്‌പോസ്റ്റ് കടന്ന് കരുളായി വനമേഖലയില്‍ പ്രവേശിച്ചത്. നെടുങ്കയത്തു നിന്നും മുണ്ടക്കടവ്-പുലിമുണ്ട വനമേഖലയിലൂടെ മഞ്ഞിക്കടവ് ഭാഗത്തേക്ക് വാഹനം നിര്‍ത്തി നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ കാട്ടാന ആക്രമിച്ചത്.