Connect with us

Gulf

എം എ യൂസഫലി സുഖം പ്രാപിക്കുന്നു; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് കുടുംബം

Published

|

Last Updated

അബൂദബി | ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് അബൂദബി ബുര്‍ജില്‍ ആശുപത്രിയില്‍ വെച്ച് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ പ്രൊഫസര്‍ ഡോക്ടര്‍ ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നതായും നന്ദകുമാര്‍ വ്യക്തമാക്കി.

യൂസഫലിയുടെ മരുമകനും അബൂദബി ബുര്‍ജില്‍ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഷംസീര്‍ വയലിനാണ് ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും കുടുംബത്തെയും രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബൂദബിയിലേക്ക് എത്തിച്ച് തുടര്‍ചികിത്സാ ഏകോപനം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ ഉള്‍പ്പെടെ നേരിട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ പ്രാര്‍ഥനകള്‍ക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി എം എ യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു .

യു എ ഇ വൈസ് പ്രസിഡന്റും പ്രധാന ന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, യു എ ഇ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാന ന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉള്‍പ്പെടെയുള്ള ഗള്‍ഫ് ഭരണാധികാരികള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാര്‍ എന്നിവരടക്കമുള്ള രാഷ്ട്രീയ- സാമൂഹിക-വാണിജ്യ-മത രംഗത്തുള്ള പ്രമുഖര്‍ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു.

Latest