Connect with us

Articles

കുംഭ മേളയിലെ കൊവിഡ് സ്‌നാനങ്ങള്‍

Published

|

Last Updated

ലോകത്തേറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. കെടുകാര്യസ്ഥത, അറിവില്ലായ്മ, അവഗണന എന്നിങ്ങനെ നീളുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകള്‍ വെച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ലോകം കാണുന്ന കണക്കുകളൊക്കെ യാഥാര്‍ഥ്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് എന്ന് മനസ്സിലാക്കണം. ഏപ്രില്‍ 14ന് മാത്രം രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണവും കുത്തനെ ഉയരുന്ന സ്ഥിതിയാണ്.
കൊവിഡ് വ്യാപനത്തിന്റെ പുതിയ തരംഗത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രാജ്യം എന്നുപറയാതെ വയ്യ. ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം ജനങ്ങളുടെ അശ്രദ്ധയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പഴിപറയുന്നു. ചില സംസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റാനും ശ്രമമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ടം കുംഭ മേളയുടെ പേരില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഒരുമിച്ചു കൂടുന്നത്. ഗംഗാ നദിയിലെ വിശേഷപ്പെട്ട ശാഹി സ്‌നാനങ്ങള്‍ക്ക് പൂര്‍ണ നഗ്നരായ (മാസ്‌കിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ) നാഗ സാധു സന്യാസിമാരടക്കം മൂന്ന് ദശലക്ഷത്തിലധികം തീര്‍ഥാടകരാണ് ഹരിദ്വാറിലെ ഘാട്ടുകളില്‍ വന്നുചേരുന്നത്.
അര്‍ണബ് ഗോസ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “സൂപ്പര്‍ സ്‌പ്രെഡര്‍” സംഗമമായി കുംഭ മേള മാറുകയാണ്. പക്ഷേ, കുംഭ മേള നടക്കുന്ന/ നടത്തുന്ന അത്രമേല്‍ അപകടകരമായ സാഹചര്യത്തെ സംബന്ധിച്ചോ, ഇത് രാജ്യത്തെ കൊണ്ടെത്തിച്ചേക്കാവുന്ന പ്രതിസന്ധിയെ കുറിച്ചോ ദേശീയ മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന നാടക സംഘങ്ങളൊന്നും തന്നെ മിണ്ടിക്കാണുന്നില്ല. ഇവിടെ തബ് ലീഗ് ജമാഅത്ത് സംഭവം ഓര്‍ക്കുന്നത് നല്ലതാണ്. 2020 മാര്‍ച്ചിലെ മൂന്നാം വാരം രാജ്യം ലോക്ക്ഡൗണിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ടപ്പോള്‍ അനിയന്ത്രിതമാം വിധം ഉണ്ടായ കുടിയേറ്റ തൊഴിലാളികളുടെ അഭയാര്‍ഥി പ്രവാഹത്തില്‍ നിന്ന് സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനും അവരുടെ വിധേയ മാധ്യമങ്ങള്‍ക്ക് തലപൂഴ്ത്താനും അവര്‍ തന്നെ കണ്ടെത്തിയ പ്രൊപ്പഗാണ്ടയായിരുന്നു നിസാമുദ്ദീന്‍ തബ്്ലീഗ് ജമാഅത്ത് സംഗമത്തെ ചുറ്റിപ്പറ്റി ഉണ്ടായ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും.

കൊവിഡ് വ്യാപനത്തോടെ യൂറോപ്പിലെ ചിലയിടങ്ങളിലും അമേരിക്കയില്‍ ട്രംപ് അനുയായികളുടെ നേതൃത്വത്തിലും വ്യാപകമായി ഏഷ്യന്‍ വംശജര്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ചൈനീസ് വംശജര്‍ക്കെതിരെ കൈയേറ്റ ശ്രമങ്ങള്‍ പോലും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിലും ഉണ്ടായിരുന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ക്രൂരമായ വംശീയ അധിക്ഷേപങ്ങള്‍. കൊറോണ കൊണ്ടുവന്നതും പരത്തുന്നതും ഇവരാണെന്ന വംശീയമായ വ്യാജ പ്രചാരണങ്ങളുടെ പരിണിതിയായിരുന്നു ഇതിന്റെ ഹേതു. ലോകാരോഗ്യ സംഘടനയുടെ തലപ്പത്തുള്ള ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് താന്‍ കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് തുറന്നു പറയേണ്ടി വന്നതും ലോകം കണ്ട ഏറ്റവും അസാധാരണമായ ഒരു മഹാമാരിയുമായുള്ള പോരാട്ടത്തിനിടക്കാണ്.
കൊവിഡ് വ്യാപനത്തിന് മുന്നില്‍ തോറ്റുപോകുന്ന അഹങ്കാരികളായ ഭരണാധികാരികള്‍ക്ക് കുരുതി കൊടുക്കാന്‍ ആരെങ്കിലുമൊക്കെ വേണമായിരുന്നു. ട്രംപിന് ചൈനീസ് വംശജരും ലോകാരോഗ്യ സംഘടനയുമായിരുന്നു എങ്കില്‍ ഇന്ത്യയില്‍ മോദി സര്‍ക്കാറിന് മുന്നില്‍ തബ്്ലീഗ് ജമാഅത്തും അതുവഴി മുസ്‌ലിംകളും എന്നതായിരുന്നു പ്രാസം. അന്നാണ് അര്‍ണബ് ഗോസ്വാമിയുടെ “സൂപ്പര്‍ സ്‌പ്രെഡര്‍” പ്രയോഗം ഉയരുന്നത്.

തബ്്ലീഗ് ജമാഅത്തിന്റെ സംഗമം ലോക്ക്ഡൗണിന് മുന്നേ നടന്നതായിരുന്നു എന്ന സത്യം മറച്ചുവെക്കപ്പെട്ടു. ഒപ്പം നട്ടാല്‍ മുളക്കില്ലെന്ന് മനസ്സിലാക്കുന്നതും എന്നാല്‍ കൊറോണയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചതുമായ നുണകളും വാര്‍ത്തെടുക്കപ്പെട്ടു. ആ സംഗമത്തില്‍ പങ്കെടുത്തു എന്ന് കരുതിയ എണ്ണായിരത്തില്‍ താഴെ ആളുകളെ രാജ്യദ്രോഹികളാക്കി മുദ്ര ചാര്‍ത്തി. അക്കാലത്ത് ഡല്‍ഹിയില്‍ നിന്നെത്തിയ മുസ്‌ലിംകളെ കേരളത്തിലും പോലീസും സര്‍ക്കാറും വെറുതെ വിട്ടിട്ടില്ല. എല്ലായിടത്തും സംശയത്തിന്റെ നോട്ടങ്ങള്‍ തറച്ചുവെക്കപ്പെട്ടു. അത് എല്ലാ മുസ്‌ലിംകള്‍ക്കു നേരേയും നീണ്ടു. ഒടുവില്‍ ഏകദേശം ഒരു വര്‍ഷത്തോടടുത്ത ആഘോഷങ്ങള്‍ക്ക് ശേഷം “തബ്്ലീഗ് ജമാഅത്ത് കേസ്” അസംബന്ധമായിരുന്നു എന്ന ബോംബെ ഹൈക്കോടതിയുടെ വിധിയോടെയാണ് അല്‍പ്പമെങ്കിലും ആശ്വാസം വരുന്നത്.

എന്നാല്‍ ഇന്ന് ദിനേന ലക്ഷക്കണക്കിനാളുകള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്നു. ആര്‍ക്കും പരാതികളില്ല, രാജ്യ ദ്രോഹത്തിന്റെ ചാപ്പകുത്തലുകളില്ല, മാധ്യമ വിചാരണകളില്ല. തബ്്ലീഗ് ജമാഅത്തിനെയും കുംഭ മേളയെയും താരതമ്യം ചെയ്യരുതെന്നും കുംഭ മേളക്ക് ഗംഗാ ദേവിയുടെ കാവലുണ്ടെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളുടെ വാദം. ഇതിനകം പുരോഹിതന്മാരടക്കം നൂറുകണക്കിനാളുകള്‍ക്ക് കൊവിഡ് പോസിറ്റീവായി എന്നത് വേറെ കാര്യം. ഉത്തരാഖണ്ഡില്‍ 175 ശതമാനം വര്‍ധനവാണ് പുതിയ കൊവിഡ് കേസുകളുടെ കണക്കില്‍ കാണുന്നത്.

തബ്്ലീഗ് ജമാഅത്ത് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കുമെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് പോലീസ് ഇപ്പോള്‍ കുംഭ മേളയിലെ തിരക്ക് നിയന്ത്രിക്കാനാകാതെ “നിസ്സഹായരാണ്” പോല്‍. ഒരു രാജ്യം പല നീതി. മതവും ജാതിയും നോക്കിയാണ് ഇവിടെ കൊവിഡ് വൈറസുകള്‍ പോലും നടക്കുന്നതെന്ന് പറഞ്ഞ് പരത്തുകയാണ് ഭരണകൂടം അടക്കമുള്ള സംവിധാനങ്ങള്‍. യാതൊരു കരുതലുമില്ലാതെ, നിയന്ത്രണങ്ങള്‍ ഇല്ലാതെ, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്, രാജ്യ താത്പര്യം അട്ടിമറിച്ച് കുംഭ മേള നടത്തിയവര്‍ക്കെതിരെ ഇവിടെ എന്തെങ്കിലും നടപടിയെടുക്കാന്‍ കേന്ദ്ര ആരോഗ്യ- ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ കൊവിഡ് വ്യാപനത്തിന്റെയും മരണക്കണക്കുകളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനെങ്കിലും സര്‍ക്കാറിന് നട്ടെല്ലുറപ്പ് വേണം. “ദേശീയ” മാധ്യമങ്ങള്‍ക്ക് നൈതികതയുടെ ക്ലാസെടുക്കുന്നത് നേരംകൊല്ലി ആയതുകൊണ്ട് മിണ്ടാതിരിക്കാം.

---- facebook comment plugin here -----

Latest