Connect with us

Covid19

ആശങ്കയേറ്റി, റെക്കോര്‍ഡ് കുതിപ്പുമായി കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്രാമ, നഗര വിത്യാസമില്ലാതെ ഭയപ്പെടുത്തുവിധം കൊവിഡ് ഇന്ത്യന്‍ സമൂഹത്തില്‍ പരക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായി ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളുണ്ടായി. 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1038 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതോടെ ആകെ കേസുകള്‍ 1.40 കോടിയും മരണം 1.73 ലക്ഷവുമായി. കേസുകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ നിരക്കും കുത്തനെ വര്‍ധിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. തുടര്‍ച്ചയായി നാല് ദിവസം ഒന്നര ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പെട്ടന്ന് രണ്ട് ലക്ഷത്തിന് മുകളിലേക്ക് എത്തിയത്. കൊവിഡ് വന്‍ നാശം വിതച്ച അമേരിക്ക മാത്രമാണ് ഇനി കേസുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുമ്പിലുള്ളത്. അമേരിക്കയില്‍ തുടര്‍ച്ചയായി 21 ദിവസം രണ്ട് ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇപ്പോള്‍ ഒരു ലക്ഷത്തിലേക്ക് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ഭീകരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 58,982 കേസുകളും 278 മരണവുമാണുണ്ടായത്. യു പിയില്‍ 20439 കേസും 67 മരണവും ഡല്‍ഹിയില്‍ 17282 കേസും 104 മരണവും ചത്തീസ്ഗഢില്‍ 14250 കേസും 120 മരണവുമുണ്ടായി. ഒരിടവേളക്ക് ശേഷം കര്‍ണാടകയിലും ഇന്നലെ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പതിലേറെ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.

കൊവിഡ് നിയന്ത്രണാതീതമായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ മുതല്‍ നിലവില്‍ വന്നു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറക്കുന്നത് വിലിക്കിയിട്ടുണ്ട്. അഞ്ചാളില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും വിലക്കിയിട്ടുണ്ട്. മഹാരാഷ്ടട്ര മാതൃകയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഡല്‍ഹിയിലും ആലോചിക്കുന്നുണ്ട്. ഡല്‍ഹി, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്. വീണ്ടും കേസുകള്‍ കുത്തനെ വര്‍ധിച്ചതോടെ ബെംഗളൂരു നഗരത്തിലടക്കം ലോക്ക്ഡൗണിനെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.