Kerala
ബേങ്കുകളിലെ ജോലി സമ്മര്‍ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍ | ബേങ്കുകളിലെ ജോലിസംബന്ധമായ മാനസിക സമ്മര്‍ദങ്ങള്‍ ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബേങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജരും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബേങ്കിലെ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദമാണെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തില്‍ വിശദാന്വേഷണം നടത്തി കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (തിരുവനന്തപുരം) റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനു പുറമെ കനറാ ബേങ്ക് റീജ്യണല്‍ മാനേജരും റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ് എല്‍ ബി സി ) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബേങ്കുകള്‍ ജീവനക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അതിസമ്മര്‍ദത്തിനെതിരെ കല്‍പ്പറ്റയിലെ അഭിഭാഷകനായ എ ജെ ആന്റണിയും കമ്മീഷന് പരാതി നല്‍കിയിരുന്നു.