National
ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

അഗര്‍ത്തല | ത്രിപുരയില്‍ ഭരണകക്ഷിയായ ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. പുതുതായി രൂപവത്കരിക്കപ്പെട്ട ടിപ്ര (ദി ഇന്‍ഡീജിനസ് പ്രോഗ്രസ്സീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി. പ്രധാനപ്പെട്ട ത്രിപുര സ്വയംഭരണ ജില്ലാ സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
28 സീറ്റുകളില്‍ 18ഉം ടിപ്ര നേടി. ബി ജെ പി വെറും ഒമ്പത് സീറ്റുകളില്‍ ഒതുങ്ങി. ഒരു സീറ്റ് സ്വതന്ത്രന് ലഭിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്ന ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും ലഭിച്ചില്ല.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആണ് ടിപ്ര രൂപവത്കരിച്ചത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചത്. രാജകുടുംബാംഗം കൂടിയാണ് അദ്ദേഹം.