Connect with us

Covid19

കൊവിഡ്: കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങൾ ശക്തമാക്കി. അടുത്ത രണ്ടാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ ക്രമാതീതമായി എത്തുന്നത് അപകടകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും.

വൈകീട്ട് ഏഴ് മണിക്ക് ശേഷം ബീച്ചുകളില്‍ ആളുകളെ അനുവദിക്കില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടാവണം.

വിവാഹ ചടങ്ങുകള്‍ കൂടുതല്‍ ദിവസങ്ങളിലായി നടത്തുന്നത് കര്‍ശനമായും തടയും. 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. അടച്ചിട്ട മുറികളിലാണെങ്കില്‍ 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതുവാഹനങ്ങളില്‍ സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്രചെയ്യാന്‍ അനുവദിക്കുകയില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കും.

പ്രായമായവര്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. 30 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു. കോവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം നേരത്തേ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാന്‍ യോഗം തീരുമാനിച്ചു.