Connect with us

Kerala

സുന്നി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമാധാന യോഗം

Published

|

Last Updated

കണ്ണൂര്‍ |  പാനൂരില്‍ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമാധാനയോഗം ചേരും . രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലാണ് സമാധാനയോഗം . പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

കണ്ണൂരില്‍ വ്യാപക അക്രമ പരമ്പരകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം ഓഫിസകള്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.

മന്‍സൂറിന്റെ മൃതദേഹം ഇന്നലെ പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. പെരിങ്ങത്തൂര്‍, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നിവിടങ്ങളിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ്, ബ്രാഞ്ച് ഓഫിസ് എന്നിവിടങ്ങളില്‍  തീയിടുകയായിരുന്നു.
പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ക്രമസമാധാനപാലനത്തിനായി പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ ഒരു കമ്പനി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനെയും ഒരു കമ്പനി ആന്റി നക്സല്‍ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.

Latest