പ്രാദേശിക അസമത്വത്തിന് ആരാണ് ഉത്തരവാദി?

സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകരണം, മറ്റ് ചില പ്രദേശങ്ങളില്‍ പിന്നാക്ക കാര്‍ഷിക ഗ്രാമീണ പോക്കറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സംസ്ഥാനം രൂപവത്കരിച്ചതിനു ശേഷം, മാറിവരുന്ന സര്‍ക്കാറുകള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോഴും, വിഭവങ്ങളുടെയും അവസരങ്ങളുടെയും വിതരണത്തില്‍ അസമത്വമില്ലാതെ താരതമ്യേന വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലപ്പോഴും കഴിയാതെ പോയി
Posted on: April 7, 2021 4:02 am | Last updated: April 7, 2021 at 12:23 am

സന്തുലിത വളര്‍ച്ച ഒരു സാമ്പത്തിക വ്യവസ്ഥയുടെ കാര്യക്ഷമമായ നിര്‍വഹണത്തിനും വികസനത്തിനുമുള്ള ഒരു പ്രധാന ഘടകമാണ്. അതേസമയം, ഇതൊരു സാമ്പത്തിക ആശങ്ക എന്നതിനപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ വിഷയം കൂടിയാണ്. സമീപ വര്‍ഷങ്ങളില്‍, വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, ഇന്‍ഫ്രാസ്ട്രക്ചര്‍, ബിസിനസ്, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഇപ്പോഴും കാര്യമായ പ്രാദേശിക അസമത്വം നിലനില്‍ക്കുന്നുണ്ട്. ചില പ്രദേശങ്ങള്‍ മിതമായ നിരക്കില്‍ വികസിക്കുമ്പോള്‍ മറ്റു ചില പ്രദേശങ്ങള്‍ താരതമ്യേന അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളെ ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാറിന്റെയും മറ്റ് സര്‍ക്കാറിതര ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനുകളുടെയും നയരൂപവത്കരണ അംഗങ്ങള്‍ റീജ്യനല്‍ പോളിസികളിലൂടെ ലക്ഷ്യം വെക്കുന്നത്. ഈയൊരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വികസനത്തിലുള്ള പ്രാദേശിക അസമത്വങ്ങളെക്കുറിച്ച് ഭരണാധികാരികളും ഉദ്യോഗസ്ഥരും പൗരന്മാരും ഒരേ പോലെ ബോധവാന്മാരാകേണ്ടതുണ്ട്. ഏതൊരു രാജ്യത്തിനും സംസ്ഥാനത്തിനും എല്ലാ മേഖലയിലും ഒരുപോലെയുള്ള പുരോഗതിക്ക് സമതുലിതമായ പ്രാദേശിക വികസനം അത്യാവശ്യമാണ്.

വികസനത്തിലുള്ള പ്രാദേശിക അസമത്വം കേരളത്തിന്റെ ചരിത്രപരമായ സവിശേഷതയാണ്. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകരണം, മറ്റ് ചില പ്രദേശങ്ങളില്‍ പിന്നാക്ക കാര്‍ഷിക ഗ്രാമീണ പോക്കറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സംസ്ഥാനം രൂപവത്കരിച്ചതിനു ശേഷം, മാറിവരുന്ന കേരള സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോഴും, വിഭവങ്ങളുടെയും അവസരങ്ങളുടെയും വിതരണത്തില്‍ അസമത്വമില്ലാതെ താരതമ്യേന വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലപ്പോഴും കഴിയാതെ പോയി. മാത്രമല്ല, ഇതിനകം കൂടുതല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനുള്ള ഒരു പൊതു പ്രവണതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ തലസ്ഥാന നഗരമായ തിരുവനന്തപുരത്തും വാണിജ്യ കേന്ദ്രമായ കൊച്ചിയിലും ഇപ്പോഴും പല പദ്ധതികളും സ്ഥാപനങ്ങളും സര്‍ക്കാറുകള്‍ അനുവദിക്കുന്നതും ഉയര്‍ന്നുവരുന്നതും.

വികസനത്തിന്റെ വിഷയത്തില്‍ മധ്യ കേരളത്തേക്കാളും തെക്കന്‍ കേരളത്തേക്കാളും പരമ്പരാഗതമായി തന്നെ വടക്കന്‍ കേരളത്തിലെ മലബാര്‍ മേഖല പിറകിലാണല്ലോ. തലസ്ഥാനം തിരുവിതാംകൂറിനും ഹൈക്കോടതി കൊച്ചിക്കും പങ്കുവെച്ചുകൊണ്ട് കേരളം രൂപവത്കൃതമായത് മുതല്‍ സര്‍ക്കാറുകള്‍ എല്ലാ മേഖലകളിലെയും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മലബാറിനെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ വികസനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തിരുകൊച്ചി മേഖലകളില്‍ തന്നെയാണ് ഒട്ടുമിക്ക പദ്ധതികളും കേന്ദ്രീകരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊതുതലങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഇപ്പോഴും ഈ വിഷയത്തില്‍ തുറന്ന സംവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, അത് പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുകയാണ്. മലബാറിന്റേത് ചരിത്രപരമായ പിന്നാക്കാവസ്ഥയാണെന്ന വാദം മുന്‍നിര്‍ത്തി ഒഴിഞ്ഞുമാറാനാണ് പലരും ശ്രമിക്കുന്നത്.

ജനസംഖ്യാനുപാതത്തില്‍ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മലബാറില്‍ വേണ്ടത്ര വികസനങ്ങള്‍ നടന്നിട്ടില്ലെന്നാണ് കണക്കുകള്‍ നമ്മോട് പറയുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 45 ശതമാനം ജനസംഖ്യ വസിക്കുന്നത് മലബാറിലാണ്. അതുപോലെ, കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 45 ശതമാനത്തോളം ഉള്‍ക്കൊള്ളുന്നത് മലബാറിലെ ആറ് ജില്ലകളാണ്. വിദ്യാഭ്യാസ മേഖലയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, പ്രൈമറി തലം മുതല്‍ കോളജ്, യൂനിവേഴ്‌സിറ്റി തലങ്ങള്‍ വരെ വിവേചനം മുഴച്ചുനില്‍ക്കുന്നതായി കാണാം. കോളജ് തലത്തിലേക്കെത്തുമ്പോഴേക്കും അവഗണനയുടെ ആഴം എത്രത്തോളം വലുതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

2010-2020 അധ്യയന വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ എടുത്തത് മലബാറിലാണ്. എസ് എസ് എല്‍ സി പരീക്ഷക്ക് ഏറ്റവും കൂടുതല്‍ പേര്‍ അപേക്ഷിച്ചതും ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേക്ക് അഡ്മിഷന്‍ ലഭിച്ചതും മലബാറിലാണ്. അതായത് 20 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ കണക്കില്‍ മലബാറാണ് മുന്നിലെന്ന് വ്യക്തം. എങ്കിലും വിദ്യാര്‍ഥികളുടെ അനുപാതമനുസരിച്ച് വിദ്യാലയങ്ങളും കോളജുകളും പുതുതായി അനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഹയര്‍ സെക്കന്‍ഡറി സീറ്റുകളിലുള്ള പ്രതിസന്ധി പരിശോധിച്ചാല്‍ തന്നെ അവഗണനയുടെ ഗൗരവം മനസ്സിലാകുന്നതാണ്. 1998ല്‍ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രീ ഡിഗ്രി അവസാനിപ്പിച്ച് കേരളത്തില്‍ പ്ലസ് ടു ആദ്യമായി ആരംഭിച്ചത് തന്നെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളിലെ വിവേചനപരമായ അനുപാതത്തിലായിരുന്നു. ആദ്യ കാലങ്ങളില്‍ മലബാറിലെ എസ് എസ് എല്‍ സി വിജയ ശതമാനം വളരെ കുറവായതിനാല്‍ സീറ്റുകളിലെ കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലായിരുന്നു. എന്നാല്‍ 2008ന് ശേഷം വിജയ ശതമാനം ഗണ്യമായി വര്‍ധിക്കുകയും കഴിഞ്ഞ വര്‍ഷം അത് 98 ശതമാനത്തിനടുത്തോളം എത്തുകയും ചെയ്തു. തത്ഫലമായി കഴിഞ്ഞ വര്‍ഷം മലബാറില്‍ എസ് എസ് എല്‍ സി പാസ്സായ 2,22,417 വിദ്യാര്‍ഥികളില്‍ 54,281 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സീറ്റ് ലഭിക്കാതെ ഉപരി പഠനത്തിന് അവസരം നഷ്ടപ്പെട്ടു. രസകരമെന്ന് പറയട്ടെ, സീറ്റുകള്‍ക്കായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മലബാറില്‍ നെട്ടോട്ടമോടുമ്പോള്‍, കൊല്ലം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും എസ് എസ് എല്‍ സി പാസ്സായവരേക്കാള്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ലഭ്യമായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെയും മാതാപിതാക്കളുടെയും നിരന്തരമായ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലും, മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാറുകള്‍ക്ക് ഈയൊരു പ്രതിസന്ധിക്ക് രണ്ട് പതിറ്റാണ്ടിലേറെയായി സ്ഥിരമായ പരിഹാരമോ ബദലോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആരോഗ്യ മേഖലയിലെ സ്ഥിതിയും തഥൈവ. പരിയാരം മെഡിക്കല്‍ കോളജ് സഹകരണ മേഖലയിലേക്ക് വഴിമാറിയതോടെ മലബാറില്‍ ആകെയൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണുള്ളതെന്ന് പറയാം. അതാണെങ്കില്‍ എന്നും പരാധീനതകളും അസൗകര്യങ്ങളും പേറുന്നതും. 2010ലെ കണക്കുകള്‍ പ്രകാരം, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, ടി ബി സെന്ററുകള്‍ മുഖേന കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് ആകെ 37,021 കിടക്കകളാണ്. കേരള ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന മലബാറുകാര്‍ക്ക് ഇതില്‍ നിന്ന് ലഭ്യമാകുന്നത് കേവലം 12,811 കിടക്കകള്‍ മാത്രമാണ്. ആകെയുള്ള 237 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 86 എണ്ണം മാത്രമാണ് മലബാറിനുള്ളത്. ഡോക്ടര്‍- രോഗി അനുപാതത്തിലും കാര്യമായ അന്തരം സ്പഷ്ടമാണ്. 2010ലെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 7,997 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന തോതിലാണെങ്കില്‍, മലപ്പുറത്തും കോഴിക്കോടും അത് യഥാക്രമം 13,611ഉം 11,483ഉം ആണ്.
റവന്യൂ സ്ഥാപനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും അസന്തുലിതത്വവും മലബാര്‍ മേഖലയെ പിന്നാക്കം നയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മലബാറിലെ ഒരു പഞ്ചായത്തിന്റെ ശരാശരി ജനസംഖ്യ തിരുകൊച്ചി മേഖലയിലുള്ളതിനേക്കാള്‍ കൂടുതലാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ ഇത്തരം ഭരണ സംവിധാനങ്ങളെ വിഭജിച്ചാല്‍ മാത്രമേ വിഭവങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും വിതരണവും അതിലെ പങ്കാളിത്തവും നീതിപൂര്‍വകമാക്കാന്‍ കഴിയുകയുള്ളൂ. കേന്ദ്ര, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, സഹകരണ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ കണക്കിലും തിരുകൊച്ചി- മലബാര്‍ അന്തരം വ്യക്തമാകും. 21 കേന്ദ്ര സ്ഥാപനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് മലബാറിലുള്ളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 73 ശതമാനവും സ്ഥിതിചെയ്യുന്നത് തെക്കന്‍ കേരളത്തിലാണ്. സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന 5,368 കെ എസ് ആര്‍ ടി സി ബസുകളില്‍ 4,245 എണ്ണവും തെക്കന്‍ ജില്ലകളിലാണെന്നതും വിസ്മരിച്ചു കൂടാ.

മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തന്നെയാണ് ഈയൊരു പ്രാദേശിക അസന്തുലിതാവസ്ഥക്ക് കാരണക്കാര്‍. മലബാറിനെ മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണത മാറേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ ആരോഗ്യ മന്ത്രിയും മലബാറുകാരായിട്ടും മലബാര്‍ സ്‌പെഷ്യല്‍ പാക്കേജുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയതും അതുകൊണ്ടാണ്. ലോകതലത്തില്‍ കേരള മോഡല്‍ വികസനത്തില്‍ അഭിമാനം കൊള്ളുമ്പോഴും, നഗര-ഗ്രാമ മേഖലകള്‍ ഒരുപോലെ സ്വയംപര്യാപ്തമാകുകയും തുല്യമായ പ്രാദേശിക വികസനം ഉറപ്പാക്കുകയും ചെയ്യാത്തിടത്തോളം ഒരു രാജ്യം, അല്ലെങ്കില്‍ നാട് യഥാര്‍ഥ അര്‍ഥത്തില്‍ വികസിച്ചതായി കണക്കാക്കില്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.

ബദ്‌റുദ്ദീന്‍ അലി നൂറാനി