അസ്താനയിലെ മഞ്ഞുമലകൾ

യാത്രാനുഭവം
Posted on: April 4, 2021 2:44 pm | Last updated: April 4, 2021 at 2:44 pm

അൽമാട്ടി എയർപോർട്ട് അത്ര വിശാലമല്ല. കാണാൻഭംഗിയും കുറവാണ്. പൊതുജനങ്ങൾ കൂടുതലുംഉപയോഗിക്കുന്ന ബസ് സ്റ്റാൻഡുകളും റെയിൽവേസ്‌റ്റേഷനുകളും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാതെ കോടികൾ മുടക്കി എയർപോർട്ടുകൾ മാത്രം മോടികൂട്ടുന്ന പ്രത്യേക സ്വഭാവമാണ് ഇന്ത്യയടക്കം പല രാഷ്ട്രങ്ങളിലും കാണാറുള്ളത്. പക്ഷേ, ഖസാക്കുകാർ അതിനു വിപരീതമാണെന്നു ഒറ്റയടിക്ക് ബോധ്യപ്പെട്ടു. കിട്ടുന്ന വരുമാനമൊക്കെയും അവർ പണക്കാർ മാത്രം ഉപയോഗിക്കുന്ന എയർപോർട്ടിൽ കളഞ്ഞുകുളിച്ചില്ല.
ചെറിയ ചെറിയ റൂമുകളായാണ് പാസഞ്ചർ ലോഞ്ചുകൾ സജ്ജീകരിച്ചിരിക്കുന്നത്. വിമാനം നഷ്ടപ്പെട്ട വെപ്രാളത്തിൽ ഞാൻ എയർപോർട്ടിലൂടെ ഒരൽപ്പം മുമ്പോട്ട്‌ നടന്നു. എന്തുചെയ്യണമെന്ന വ്യക്തമായ ഒരു ധാരണയുമില്ല. അവസാനം സഹായിക്കാനായി ഒരു സ്ത്രീ തയ്യാറായി. എയർ അസ്താനയുടെ ഓഫീസ് സ്റ്റാഫാണ് അവർ. എന്റെ ടിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം പേടിക്കേണ്ടതില്ലെന്ന ആശ്വാസ വാക്കും പറഞ്ഞ് എന്നെ കൂടെക്കൂട്ടി. ഏകദേശം ഒരു മണിക്കൂറോളം വ്യത്യസ്ത കൗണ്ടറുകളിലും മറ്റും കൊണ്ടുപോകുകയും അവസാനം ആദ്യ ഫ്ലൈറ്റിൽ പോകേണ്ട എന്റെ ലഗേജ് അടക്കം സംഘടിപ്പിച്ചുതരികയും ചെയ്തു. അടുത്ത ഫ്ലൈറ്റിലേക്കുള്ള ടിക്കറ്റും എടുത്ത് തന്ന ് അവർ യാത്രമംഗളങ്ങൾ ആശംസിച്ചു.

ജീവിതത്തിൽ ഒറ്റക്കുള്ള യാത്രയിൽ കുടുങ്ങിയെന്ന് വിചാരിച്ചിരിക്കെ ഇപ്പോൾ കിട്ടിയ സ്‌നേഹവും അതിലുപരി സഹായവും ഒരിക്കലും മറക്കാനാകില്ലായിരുന്നു. ഖസാക്കിസ്ഥാനിൽ എത്തിയ ഉടൻ തന്നെ അവരുടെ ഊഷ്മളമായ സ്‌നേഹവായ്പ് ലഭിച്ചുവെന്നർഥം. അധികം യാത്രികർക്കൊന്നും കിട്ടാത്ത സ്‌നേഹമായിരിക്കുമിത്. ഖസാക്കിസ്ഥാനിലെ മനുഷ്യർ പെരുമാറ്റത്തിൽ കീർത്തി കേട്ടവരാണെന്ന് പലയിടത്തും വായിച്ചിട്ടുണ്ടായിരുന്നു. അതൊരു തികഞ്ഞ യാഥാർഥ്യമാണെന്നും ബോധ്യപ്പെട്ടു. ഈയടുത്ത് ഈജിപ്തിൽ പോയപ്പോൾ ഞങ്ങളോടൊപ്പം ആറ് ഖസാക്കുകാർ ഉണ്ടായിരുന്നു. അവരുടെ സ്വഭാവവും വിഭിന്നമായിരുന്നില്ല. ഓരോ മനുഷ്യരും തങ്ങൾ അങ്ങനെയായിരുന്നെങ്കിൽ എന്ന്‌ കൊതിച്ചുപോകുന്ന അത്യുഗ്രമായ സ്വഭാവ മഹിമ ഏവരെയും അത്ഭുതപ്പെടുത്തും.

പിന്നീടുള്ള അഞ്ച് ദിവസങ്ങളിലും പല ഖസാക്കുകാരും സഹായിക്കാനെത്തിയിട്ടുണ്ട്. വിസ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നപ്പോൾ ഞങ്ങൾക്ക് ആതിഥ്യം തന്ന യൂനിവേഴ്‌സിറ്റി കൂടെ പറഞ്ഞയച്ചത് ഒരു സ്ത്രീയെയായിരുന്നു. ഓരോ നിമിഷവും അവർ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും എല്ലാം ചെയ്തുതരികയും ചെയ്തു. പുരുഷന്മാരേക്കാൾ ധാരാളം സ്ത്രീകളുള്ള നാടാണ് ഖസാക്കിസ്ഥാൻ. പ്രത്യേകിച്ചും അസ്താന. അസ്താനയിൽ ഏഴ് സ്ത്രീകൾക്ക് ഒരാൺ എന്ന അനുപാതത്തിലാണ് ജനസംഖ്യയുള്ളതെന്ന്‌ സുഹൃത്ത് പറഞ്ഞു. അത് ശരിയാണെന്ന്് ഒറ്റയടിക്ക്‌ തോന്നുകയും ചെയ്യും. കാരണം, തെരുവുകളിലും നിരത്തുകളിലുമെല്ലാം സ്ത്രീകളെയാണ് കൂടുതൽ കാണുന്നത്. ഞങ്ങളുടെ കോൺഫറൻസ്‌ നടക്കുന്ന യൂനിവേഴ്‌സിറ്റിയിലും സ്ത്രീകളെയാണ് ഏറ്റവും കൂടുതൽ കാണുന്നത്.
അൽമാട്ടിയിൽ നിന്നും അസ്താനയിലേക്ക് വിമാനമാർഗം ഏകദേശം ഒരു മണിക്കൂറുണ്ട്. അസ്താന വിമാനത്താവളത്തിലെത്തുമ്പോൾ ഇരുട്ട് മൂടുകയും ചെയ്തിരിക്കുന്നു. ഖസാക്കിസ്ഥാനിലെ തണുപ്പിനെക്കുറിച്ച് അതുവരെ വായിച്ച വിവരമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ ഇപ്പോൾ നേരിട്ടനുഭവിക്കുകയാണ് എയർപോർട്ടിനു പുറത്ത്. സാധാരണ എയർപോർട്ടുകൾക്ക് വിഭിന്നമായി ഒരു ടാക്‌സി ഡ്രൈവറെ പോലും കാണുന്നില്ല. അതികഠിനമായ ശൈത്യമായതുകൊണ്ട് എല്ലാവരും പ്രത്യേക സ്ഥലങ്ങളിൽ ഇരിപ്പാണ്. എന്റെ കൈയിലുള്ള പെട്ടിയും വലിച്ച് അവിടേക്ക്‌ നടക്കേണ്ടിയിരുന്നു. ഏകദേശം നൂറ് മീറ്ററേ നടക്കേണ്ടതുള്ളൂവെങ്കിലും അത് കഴിയുമെന്ന്‌ തോന്നിയില്ല. കൈയുറകൾ കരുതാത്തതുകൊണ്ട്‌ പെട്ടിപിടിക്കുമ്പോൾ കൈവിരലുകൾ പുറത്താകും. ഇതിലൂടെ തണുപ്പ് കയറി കൈമരവിച്ചുപോകുന്നു. പെട്ടി വലിക്കാനാകുന്നില്ല. കൈകൾ രണ്ടും കട്ടിയുള്ള തണുപ്പ് വസ്ത്രത്തിന്റെ കീശയിൽ പൂഴ്ത്തി. പക്ഷേ, അപ്പോൾ പെട്ടി വലിക്കാനാകുന്നില്ല. എല്ലാംചിന്തിച്ച് പുറത്ത്‌ നിൽക്കാനും കഴിയില്ല. കാരണം, അത്രമാത്രംതണുപ്പുണ്ട്. എന്റെ പരിതാപാവസ്ഥ കണ്ടതുകൊണ്ടായിരിക്കാം ഒരു ഡ്രൈവർ ഓടിവന്ന് വണ്ടി വേണോ എന്നാവശ്യപ്പെട്ടു. വേണം എന്ന് പറഞ്ഞതോടുകൂടി അയാൾ പെട്ടിയുമായി മുന്നിൽ നടന്നു. ഞാൻ പിന്നിലും. ഭാഷ മനസ്സിലാകുമായിരുന്നില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യന് ഒരു ഭാഷയുടെ ആവശ്യമേ ഉണ്ടാകൂ എന്ന്‌ ബോധ്യപ്പെട്ടു. ഞാൻ പറഞ്ഞത് അയാൾക്കും അയാളുടേത് എനിക്കും മനസ്സിലായി.

ALSO READ  ഈനാത്ത്: അതിഥികളുടെ മദീന

അസ്താന നഗരം കൺനിറയെ കാണാൻ കൊതിച്ചു. പക്ഷേ, ശക്തമായ മഞ്ഞുകാരണം ഒന്നും പ്രത്യേകിച്ച് കണ്ടില്ല. റോഡുകളൊക്കെ വിജനമാണ്. ചിലപ്പോൾ മാത്രം ചില വാഹനങ്ങൾ കാണാം. റോഡിന്റെ ഇരു വശത്തും കെട്ടിടങ്ങളുണ്ടെങ്കിലും മഞ്ഞവെളിച്ചം കാണാമെന്നതിലുപരി ഒന്നും കണ്ടില്ല. റോഡ്‌ സൈഡുകളിലും ദൂരെ ദിക്കുകളിലും നീണ്ടുനിവർന്ന വെള്ളമലകൾ കാണുന്നുണ്ട്. ആദ്യം അതൊക്കെ മല തന്നെയാണെന്ന് ആശ്വസിച്ചു. പിന്നീടാണ് പിടിത്തംകിട്ടിയത്, അവയെല്ലാം മഞ്ഞുമലകളായിരുന്നു. എല്ലാം കൊണ്ടും വെള്ളമയം. ഞാനും ഡ്രൈവറുമല്ലാതെ ഒരാൾ പോലും ഈ ഭൂമുഖത്തില്ലേ എന്നുപോലും തോന്നുന്ന വിജനത. അൽപ്പം ഭയപ്പെട്ടുവെങ്കിലും അദ്ദേഹം എന്നെ ഹോട്ടലിനു മുന്നിലെത്തിച്ചു. യൂനിവേഴ്‌സിറ്റി തന്നെബുക്ക്‌ ചെയ്തതായിരുന്നു ഹോട്ടൽ.

കാറിൽ നിന്നും ഹോട്ടൽ റിസെപ്ഷനിലേക്ക് പാഞ്ഞുകയറി. തണുപ്പ് കൂടിവരികയാണ്. എന്നെ കണ്ടതും അത്യുച്ചത്തിൽ രണ്ടാളുകൾ സലാം പറഞ്ഞതും ഒരുമിച്ചായിരുന്നു. എന്നെ പരിചയമുള്ളവർ ഇവിടെയോ? സ്തബ്ധനായി നിന്ന എനിക്ക് അവർ മലയാളത്തിൽ പരിചയപ്പെടുത്തിത്തന്നു. സുഹൃത്ത് പറഞ്ഞതു പ്രകാരം സ്വീകരിക്കാനായി വന്നിരിക്കുന്നവരാണിവർ. ഈ കൊടും തണുപ്പിൽ മണിക്കൂറുകളോളം അവരിവിടെ കാത്തിരിക്കുകയായിരുന്നു. എന്നെ ജീവിതത്തിൽ അതുവരെ കണ്ടിട്ടില്ലെങ്കിലും അവരിലെ മനുഷ്യത്വം പ്രവർത്തിച്ചു. ഒരാൾ ഒറ്റക്ക് വരികയല്ലേ, സഹായിക്കണമല്ലോ എന്നവർക്ക്‌ തോന്നി. ആവശ്യത്തിന് പണവും ഒരിക്കലും ശരീരത്തിൽ തണുപ്പേൽക്കാത്ത ഒരു അത്യുഗ്രൻ കോട്ടും തന്നിട്ടാണ് അന്നവർ പിരിഞ്ഞത്.

ഹോട്ടൽ മുറിക്കുള്ളിലൂടെ പുറത്തേക്ക്‌ നോക്കി. കണ്ണെത്താദൂരത്ത് ഇപ്പോൾ ഖസാക്കിസ്ഥാൻ കാണാം. പക്ഷേ, ഐസ്മാത്രമായിരുന്നു എവിടെയും. പകൽവെളിച്ചത്തിൽ ഐസ് പിറ്റേന്ന് കാണാമെന്ന് വിചാരിച്ച് ഉറക്കിലേക്ക് വഴുതി. രാവിലെ എഴുന്നേറ്റപ്പോഴാണ് അത്ഭുതം കണ്ടത്. ഇന്നലെ രാത്രി കണ്ട റോഡ്, ഞങ്ങൾ വന്ന റോഡ് അവിടെ കാണാനില്ല.