Connect with us

Editorial

ഇ വി എമ്മിന്റെ വിശ്വാസ്യത വീണ്ടും ചർച്ചയാകുമ്പോൾ

Published

|

Last Updated

വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം ബി ജെ പിക്ക് അനുകൂലമായി ക്രമീകരിക്കുന്നു, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സട്രോംഗ് റൂമിലേക്ക് പുറത്ത് നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു, നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടിംഗ് യന്ത്രങ്ങൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി തുടങ്ങിയ ആരോപണങ്ങൾ അടുത്ത കാലത്തായി തിരഞ്ഞെടുപ്പ് വേളകളിൽ വ്യാപകമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ബിഹാറിലെയും ഹരിയാനയിലെയും ചില കേന്ദ്രങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന റൂമിലേക്ക് പുറത്ത് നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചതിനെ ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു. ഇതേതുടർന്ന് സ്‌ട്രോംഗ് റൂമുകൾക്ക് കോൺഗ്രസും സമാജ് വാദി പാർട്ടിയും ബി എസ് പിയും പാർട്ടിതലത്തിൽ സുരക്ഷക്ക് ആളുകളെ നിയോഗിക്കുകയുണ്ടായി.

ഉത്തർപ്രദേശിലെ മിർസാപൂരിലെ എസ് പി- ബി എസ് പി സ്ഥാനാർഥിയായ അഫ്‌സൽ അൻസാരി അട്ടിമറി നീക്കത്തിൽ പ്രതിഷേധിച്ച് സട്രോംഗ്‌റൂമിന് മുന്നിൽ പാതിരാത്രിവരെ കുത്തിയിരിപ്പ് സമരം നടത്തി. വിഷയം വിവാദമായപ്പോൾ റിസർവ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് സ്‌ടോംഗ് റൂമിലേക്ക് കടത്തിയതെന്നും വോട്ടെടുപ്പിന്റെ അന്ന് മാറ്റാൻ കഴിയാതിരുന്നതിനാലാണ് പിന്നീട് മാറ്റിയതെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പഞ്ചസംസ്ഥാന തിരഞ്ഞെടുപ്പിൽ അസമിലും പശ്ചിമബംഗാളിലും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി സമാന സംഭവങ്ങൾ. അസമിലെ പതർക്കണ്ടി മണ്ഡലത്തിലെ സ്ഥാനാർഥി കൃഷ്‌ണേന്ദു പാലിന്റെ കാറിൽ നിന്നു രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച രാഷട്രീയ പ്രവർത്തകർ വോട്ടിംഗ് യന്ത്രങ്ങൾ കണ്ടെടുക്കുകയുണ്ടായി. കാറിന്റെ പിൻസീറ്റിൽ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടെത്തിയ വിവരം വാർത്താ ഏജൻസിയായ എ എൻ ഐ ആണ് റിപ്പോർട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർ കേടായതിനെത്തുടർന്ന് യന്ത്രം മറ്റൊരു കാറിൽ കയറ്റുകയായിരുന്നെന്നും അത് സ്ഥാനാർഥിയുടെ കാറാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നുമാണ് കമ്മീഷന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നെങ്കിലും വോട്ടിംഗ് മെഷീൻ അവരുടെ മടിയിലാണെന്നത് പുതിയ അറിവും ആശങ്കയുളവാക്കുന്നതുമാണെന്നാണ് ഇതേക്കുറിച്ച് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെപ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്യുകയും മെഷീൻ ഉപയോഗിച്ച റത്താബാരി മണ്ഡലത്തിലെ 14 ാം നമ്പർ ബൂത്തിൽ റീപോളിംഗിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ടെങ്കിലും അസം പോലീസ് ഇപ്പേരിൽ വോട്ടിംഗ് യന്ത്രത്തിന്റെ അനധികൃത കടത്ത് കണ്ടെത്തിയ നാട്ടുകാരെ വേട്ടയാടുകയാണ്. കാറിന്റെ നേർക്ക് ആക്രമണം നടന്നെന്ന് ആരോപിച്ചാണ് നിരപരാധികളായ നാട്ടുകാർക്കെതിര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
പശ്ചിമ ബംഗാളിലുമുണ്ടായി വോട്ടിംഗ് യന്ത്രത്തിൽ ദുരൂഹമായ ചില തകരാറുകൾ. ബംഗാളിലെ കാന്തി ദക്ഷിൺ നിയോജക മണ്ഡലത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മാർച്ച് 27ന് തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്ത പലരുടെയും വി വി പാറ്റിൽ കണ്ടത് ബി ജെ പിയുടെ ചിഹ്നമായിരുന്നുവത്രെ. ഇതെങ്ങനെ സംഭവിച്ചു? മാത്രമല്ല, വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ യന്ത്രങ്ങൾ തകരാറാവുകയും വീണ്ടും പ്രവർത്തന ക്ഷമമായപ്പോൾ വോട്ടിംഗ് ശതമാനത്തിൽ വൻകുറവ് അനുഭവപ്പെടുകയും ചെയ്തു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസം മമതാബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിലെ 150 ഓളം വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നതായും ബൂത്ത് നമ്പർ ആറ്, ഏഴ്, 20 ,49, 27, 26, 13, 262, 256, 163 എന്നിവിടങ്ങളിൽ സംഘ്പരിവാർ പ്രവർത്തകർ ഇ വി എം മെഷീൻ പിടിച്ചെടുക്കാൻ ശ്രമിച്ചതായും തൃണമൂൽ നേതാവ് മഹുവ മൊയിത്ര എം പി പറയുന്നു. അക്രമം നടക്കുമ്പോൾ അക്രമികളെ പ്രതിരോധിക്കുന്നതിന് പകരം എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നെത്തിയ കേന്ദ്ര സേന അവർക്ക് സംരക്ഷണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പരാതിപ്പെടുന്നു.
കേന്ദ്രാധികാരത്തിന്റെ ബലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം നടക്കുന്നതായി സന്ദേഹം ഉയർത്തുന്നു ഈ സംഭവങ്ങളെല്ലാം. വോട്ടിംഗ് മെഷീൻ വന്നതോടെയാണ് തിരിമറി സാധ്യതകളും അട്ടിമറി സന്ദേഹങ്ങളും വർധിച്ചത്. ഇ വി എം ഒഴിവാക്കി പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം ജനാധിപത്യവിശ്വാസികൾക്കിടയിൽ ശക്തിപ്പെടാൻ ഇതിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങി പതിനഞ്ച് കക്ഷികളുടെ കൂട്ടായ്മ ഈ ആവശ്യമുന്നയിച്ചിരുന്നു. അസമിൽ ബി ജെ പി സ്ഥാനാർഥിയുടെ വാഹനത്തിൽ നിന്ന് ഇ വി എം പിടികൂടിയ സംഭവത്തോട് പ്രതികരിക്കവെ “ഇ വി എം ഉപയോഗം ഇനിയും തുടരണമോ എന്ന കാര്യം ഇനിയെങ്കിലും ഗൗരവായി ആലോചിക്കണ”മെന്ന് ദേശീയ പാർട്ടികളോട് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ആവശ്യപ്പെടുകയുണ്ടായി.

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഇ വി എമ്മുകൾ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും പിടിക്കപ്പെടുന്ന വാഹനങ്ങളെല്ലാം ബി ജെ പി സ്ഥാനാർഥികളുടേതോ അവരുടെ സഹായികളുടേതോ ആണെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടി. സത്യസന്ധവും സുതാര്യവും തീർത്തും വിശ്വസനീയവുമായിരിക്കണം തിരഞ്ഞെടുപ്പ് നടപടികളും വോട്ടെണ്ണലുമെല്ലാം. വോട്ടിംഗ് മെഷീനിൽ പക്ഷേ സുതാര്യത നഷ്ടപ്പെടുകയാണ്. ഇ വി എം ഉപയോഗിച്ചുള്ള നിയമസഭാ, പാർലിമെന്റ് തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ച ചില സംസ്ഥാനങ്ങളിൽ പിന്നീട് സ്ലിപ്പ് ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബി ജെ പി ഏറെ പിന്തള്ളപ്പെട്ടതും ഇതോടു ചേർത്ത് വായിക്കേണ്ടതുണ്ട്.