വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗിന്റെ പച്ചപ്പതാകക്ക് വിലക്ക്

Posted on: April 1, 2021 4:50 pm | Last updated: April 1, 2021 at 4:50 pm

കല്പറ്റ | വയനാട്ടില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ യു ഡി എഫ് സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ പച്ചപ്പതാകക്ക് മാത്രം വിലക്ക്. മാനന്തവാടിയില്‍ റോഡ് ഷോക്കിടെയാണ് സംഭവം. വിലക്കിയതിനെ തുടർന്ന് ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാക മടക്കിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യു ഡി എഫിന്റെ വിശദീകരണം. മണ്ഡലത്തില്‍ ബി ജെ പിയും യു ഡി എഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എല്‍ ഡി എഫ് ആരോപിച്ചു.

രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്ന മാനന്തവാടി ഗാന്ധി പാര്‍ക്കിലെ വേദി ഡി വൈ എഫ്‌ ഐ നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വാഹനത്തിലിരുന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. മൈക്കിന്റെ തകരാറിനെ തുടര്‍ന്ന് പലതവണ പ്രസംഗം തടസപ്പെടുകയും ചെയ്തു. മാനന്തവാടിക്ക് പുറമേ സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

ALSO READ  ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി