Connect with us

Kerala

ഇന്ന് വിരമിക്കാനിരിക്കെ ചിറ്റൂര്‍ കോളജിലെ അസി.പ്രൊഫസര്‍ക്ക് പീഡനക്കേസില്‍ ശിക്ഷ വിധിച്ച് കോടതി

Published

|

Last Updated

മൂന്നാര്‍ | കോളേജ് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസി. പ്രൊഫസര്‍ക്ക് തടവും പിഴയും . പലക്കാട് ചിറ്റൂര്‍ കോളജിലെ അസി. പ്രഫസര്‍ ആനന്ദ് വിശ്വനാഥ് (55) നെയാണ് ദേവികുളം കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. മൂന്നാര്‍ ഗവ. കോളജിലെ വിദ്യാര്‍ഥിനികളെ വകുപ്പ് മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും വനിത കമ്മീഷനും പരാതി ലഭിച്ചു. വനിത കമ്മീഷന് ലഭിച്ച പരാതി മൂന്നാര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പ്രതിക്കെതിരെ നാല് കേസുകള്‍ ചാര്‍ജ് ചെയ്തു.

അധ്യാപകന്‍ ആനന്ദ് വിശ്വനാഥ് കുട്ടികളെ കോപ്പിയടിച്ച് പിടിച്ചതായി കാണിച്ച് യൂണിവേഴ്സ്‌സിറ്റിക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകന്റെ പരാതിയില്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ കോപ്പിയടിച്ചതായി കണ്ടെത്തുകയും നടപടിക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തു.

നാല് കേസുകളില്‍ രണ്ട് കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും മറ്റ് രണ്ട് കേസില്‍ ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. പ്രതി ഇന്ന് ചിറ്റൂര്‍ കോളജില്‍ നിന്നും വിരമിക്കും.

Latest