Connect with us

Articles

നീതിപീഠത്തിനിത് മറവിരോഗം

Published

|

Last Updated

ഇലക്ടറല്‍ ബോണ്ട് സ്‌കീം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹരജി കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയ വാര്‍ത്ത ഏറെയൊന്നും ശ്രദ്ധിക്കപ്പെടുകയോ ചര്‍ച്ചയാകുകയോ ചെയ്തില്ല. ഏപ്രില്‍ ആദ്യവാരം പുതിയ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കാനിരിക്കെ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നേരത്തേ തന്നെ ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളുടെ തുടര്‍ച്ചയിലാണ് സ്‌കീം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഇലക്ടറല്‍ ബോണ്ടിനു മേല്‍ ഉയര്‍ന്നുവന്ന നിയമ വ്യവഹാരങ്ങളുടെ നാള്‍വഴികളിലെ ഉദാസീന നീതിപീഠ ഇടപെടലുകളെ മനഃപൂര്‍വം വിസ്മരിച്ചും കൃത്യമായ കാരണം ചൂണ്ടിക്കാട്ടാതെയുമാണ് സ്റ്റേ ആവശ്യപ്പെടുന്ന ഹരജി തള്ളിയത്. 2018, 2019, 2020 വര്‍ഷങ്ങളില്‍ തര്‍ക്കമില്ലാതെ ഇലക്ടറല്‍ ബോണ്ട് റിലീസ് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ഒപ്പം മതിയായ നിയമ പരിരക്ഷയും സ്‌കീമിനുണ്ട്. അതിനാല്‍ ഇപ്പോള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്നതില്‍ ന്യായമില്ലെന്നായിരുന്നു മൂന്നംഗ സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം.

എത്രമേല്‍ ലാഘവത്തോടെയാണ് യാഥാര്‍ഥ്യത്തെ മറച്ചു പിടിക്കാനുള്ള ശ്രമം ബഹുമാന്യ ന്യായാധിപര്‍ നടത്തിയിരിക്കുന്നത്. 2017ലെ ഫിനാന്‍സ് ആക്ടിന്റെ നിയമപരമായ ബലത്തിലാണല്ലോ ഇലക്ടറല്‍ ബോണ്ട് സ്‌കീം കൊണ്ടുവന്നത്. എന്നാല്‍ 2018 ജനുവരിയില്‍ ഇലക്ടറല്‍ ബോണ്ടിനെ പ്രതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ ഫിനാന്‍സ് ആക്ടിനെയും ഇലക്ടറല്‍ ബോണ്ട് സ്‌കീമിനെയും ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികള്‍ പരമോന്നത നീതിപീഠത്തിലെത്തിയിട്ടുണ്ട്. പക്ഷേ ഹരജികളില്‍ യഥോചിതം ഇടപെടാന്‍ നീതിപീഠം ശുഷ്‌കാന്തി കാണിച്ചില്ല. ഹരജികള്‍ പരിഗണനക്കെടുത്തെങ്കിലും മാറ്റിവെക്കുകയായിരുന്നു പലപ്പോഴും ചെയ്തത്. പ്രത്യുത കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചത് പ്രകാരം പോയ മൂന്ന് വര്‍ഷങ്ങളിലും ഇലക്ടറല്‍ ബോണ്ട് വില്‍ക്കാന്‍ സാധിച്ചു.

പൊളിറ്റിക്കല്‍ ഫണ്ടിംഗ് കൂടുതല്‍ സുതാര്യമാക്കുന്നു എന്ന അവകാശവാദമുയര്‍ത്തിയാണ് 2017ലെ ഫിനാന്‍സ് ആക്ടിന്റെ മറവില്‍ ഇലക്ടറല്‍ ബോണ്ട് സ്‌കീം ഒളിച്ചു കടത്തിയത്. അതിനായി കമ്പനീസ് ആക്ട്, റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നീ അഞ്ച് പ്രധാന നിയമങ്ങളില്‍ ഭേദഗതി വരുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന കോര്‍പറേറ്റ് സംഭാവനകളില്‍ കൃത്യതയും സുതാര്യതയുമുണ്ടാക്കുന്നു എന്ന മേമ്പൊടിക്കുള്ളില്‍ ഭരണകക്ഷിക്ക് കണക്കറിയാത്ത കോടികള്‍ സമാഹരിക്കാനുള്ള അവസരമാണൊരുക്കിയത്. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തില്‍ വരെ കാതലായ മാറ്റം വരുത്തുക വഴി രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വിദേശ ശക്തികള്‍ക്ക് ഇടപെടാനുള്ള അരങ്ങൊരുക്കുകയാണെന്ന വിമര്‍ശം അന്തരീക്ഷത്തിലുയര്‍ന്നിരുന്നു. എന്നാല്‍ ഒരു ശതമാനമെങ്കിലും വോട്ടുള്ള എത് രാഷ്ട്രീയ പാര്‍ട്ടിക്കും ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാമെന്ന ന്യായമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടിക്കാണ് രാഷ്ട്രീയ സംഭാവനകളിലെ സിംഹഭാഗവും ആകര്‍ഷിക്കാനും സമാഹരിക്കാനും സാധിക്കുന്നത് എന്നതാണ് സത്യം. കണക്കുകളില്‍ അത് വ്യക്തവുമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്നതാണ് ഇലക്ടറല്‍ ബോണ്ട് സ്‌കീമിലെ സവിശേഷ സംഗതി. അതിലൂടെ അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് കോടികള്‍ സമാഹരിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയുന്നു. സംഭാവന ചെയ്യുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടാത്ത വിധം സംവിധാനമൊരുക്കിയതെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംഭാവനാ സ്രോതസ്സുകളറിയാന്‍ അവകാശമുള്ള ജനാധിപത്യ ഇന്ത്യയിലെ പൗരന്മാര്‍ക്ക് മാത്രമേ ആരൊക്കെ സംഭാവന നല്‍കുന്നു എന്ന കാര്യം അജ്ഞാതമാകുന്നുള്ളൂ. ഭരണകൂടത്തിനറിയാം അവര്‍ ആരൊക്കെയെന്ന്. അവര്‍ക്ക് പ്രത്യുപകാരം ചെയ്യാതിരിക്കുന്നുമില്ല. അങ്ങനെ വരുമ്പോള്‍ കളത്തിന് പുറത്താകുന്നത് പരമമായ അവകാശങ്ങളുള്ള ജനങ്ങളാണ്.
ഇലക്ടറല്‍ ബോണ്ട് ഫലപ്രാപ്തിയിലെത്തുമെന്ന് അതിന്റെ പ്രായോജകര്‍ തന്നെ കരുതാതിരിക്കാന്‍ മാത്രം ഭരണഘടനാ പ്രശ്‌നങ്ങളും അവകാശ ലംഘന വകുപ്പുകളും അതിലുണ്ടായിരുന്നു. ഹരജിക്കാരുടെ വാദങ്ങളെ മറികടക്കുക കഠിനമായിരുന്നു. വോട്ടര്‍മാരുടെ അറിയാനുള്ള അവകാശത്തില്‍ തുടങ്ങി രാഷ്ട്രീയ സംഭാവനകളിലെ സുതാര്യതയുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്ക് മറുപടി കാണേണ്ടതുണ്ടായിരുന്നു. കൂടാതെ ഇലക്ടറല്‍ ബോണ്ടിന് പാതയൊരുക്കിയ ഫിനാന്‍സ് ആക്ട് മണി ബില്ലായി പാസ്സാക്കിയതിലെ ഭരണഘടനാ വിരുദ്ധതയും. എന്നാല്‍ ആധാര്‍ പുനഃപരിശോധനാ ഹരജികള്‍ ഈയിടെ സുപ്രീം കോടതി തള്ളി. അതോടെ മണി ബില്ലായി പാസ്സാക്കിയ 2017ലെ ഫിനാന്‍സ് ആക്ട് രക്ഷപ്പെട്ടു. ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ട് സ്‌കീം സ്റ്റേ ചെയ്യണമെന്ന ആവശ്യവും നിരാകരിച്ച ന്യായാധിപ പ്രമുഖര്‍ ഭരണകൂടത്തെ മറ്റൊരു ആപത്തില്‍ നിന്ന്കൂടി സലാമത്താക്കിയിരിക്കുന്നു.

ഇലക്ടറല്‍ ബോണ്ട് സ്‌കീം ആരംഭിച്ച 2018 ജനുവരി മുതല്‍ ഓരോ വര്‍ഷവും നാല് തവണയായാണ് ബോണ്ട് റിലീസ് ചെയ്യുന്നത്. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ഇലക്ടറല്‍ ബോണ്ട് പുറപ്പെടുവിക്കുന്നത്. ഇത്തവണ ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ ബോണ്ടിറക്കാനുള്ള അനുമതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. അതേസമയം ഇലക്ടറല്‍ ബോണ്ട് സ്റ്റേ ചെയ്യുന്നതില്‍ എതിര്‍പ്പറിയിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഗൗരവമേറിയ ആലോചനകള്‍ക്ക് കളമൊരുക്കുന്നതാണ്. ഇലക്ടറല്‍ ബോണ്ട് സംവിധാനം രാഷ്ട്രീയ സംഭാവനകളിലെ സുതാര്യതയെ ഇല്ലാതാക്കുന്നതും തിരഞ്ഞെടുപ്പുകളെ നീതിപൂര്‍വമല്ലാത്ത നിലയില്‍ സ്വാധീനിക്കുന്നതുമാണെന്നായിരുന്നു 2019ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. ആര്‍ ബി ഐയും കടുത്ത വിയോജിപ്പറിയിച്ചിരുന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് സ്റ്റേ ചെയ്യുന്നതില്‍ എതിര്‍പ്പറിയിച്ച ഇപ്പോഴത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ ഭരണകൂട ദാസ്യം പലവിധേന പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ ഭരണകൂട വിധേയത്വത്തിന്റെയും ജീര്‍ണിതാവസ്ഥയുടെയും ആഴവും പരപ്പും വിളിച്ചറിയിക്കുന്ന നേര്‍ചിത്രങ്ങളാണിതൊക്കെ.