കറന്റെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടില്ല; ആവേശപ്പോരില്‍ ഇന്ത്യക്ക് ജയം, പരമ്പര

Posted on: March 28, 2021 10:21 pm | Last updated: March 29, 2021 at 12:26 pm

പുണെ | ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ വാലറ്റക്കാരനായെത്തിയ സാം കറന്‍ ഒറ്റയാള്‍ പോരാട്ടം പുറത്തെടുത്തെങ്കിലും ഇന്ത്യ ഏഴ് റണ്‍സിന് വിജയിച്ചു. ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 48.2 ഓവറില്‍ 329 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലീഷ് പട നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 322 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ

ഭുവനേശ്വര്‍ കുമാര്‍ മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍ നാലും വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ തകര്‍ത്തു. രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും കെ എല്‍ രാഹലും പെട്ടെന്ന് പുറത്തായത് ഇന്ത്യന്‍ ക്യാംപിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ധവാനും പന്തും പാണ്ഡ്യയും നെടുംതൂണുകളായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ധവാന്‍ 56 ബോളില്‍ 67ഉം പന്ത് 62 ബോളില്‍ 78ഉം പാണ്ഡ്യ 44 ബോളില്‍ 64ഉം റണ്‍സെടുത്തു.

ക്രുണാല്‍ പാണ്ഡ്യ 25ഉം ശര്‍ദുല്‍ ഠാക്കൂര്‍ 30ഉം റണ്‍സെടുത്തു. പ്രസീധ് കൃഷ്ണയും നടരാജനും റണ്‍സൊന്നുമെടുത്തില്ല. കോലിയും രാഹുലും ഏഴ് റണ്‍സ് വീതമാണെടുത്തത്. രോഹിത് ശര്‍മ 37 റണ്‍സെടുത്തു. ഇംഗ്ലീഷ് ബോളിംഗ് നിരയില്‍ മാര്‍ക് വുഡ് മൂന്ന് വിക്കറ്റെടുത്തു. ആദില്‍ റാശിദ് രണ്ട് വിക്കറ്റ് നേടി. സാം കറന്‍, റീസ് ടോപ്ലി, ബെന്‍ സ്റ്റോക്‌സ്, മുയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ഓരോന്നു വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ഓപണര്‍മാരില്‍ ജേസണ്‍ റോയ് തകര്‍പ്പനടി പുറത്തെടുത്തെങ്കിലും ആദ്യ ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറത്തായത് ഞെട്ടിച്ചു. അഞ്ച് ബോളില്‍ 14 റണ്‍സാണ് അദ്ദേഹം നേടിയത്. ഭുവനേശ് കുമാറിനാണ് വിക്കറ്റ്. ഡേവിഡ് മാലന്‍ അര്‍ധ സെഞ്ചുറി നേടി. ബെന്‍ സ്‌റ്റോക്‌സ് 35, ലിവിംഗ്‌സ്റ്റണ്‍ 36, മുയീന്‍ അലി 29 എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റിന് 200 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഇംഗ്ലീഷ് പടക്ക് വിജയ പ്രതീക്ഷ നല്‍കിയത് സാം കറനായിരുന്നു. കറന്‍ പുറത്താകാതെ 95 റണ്‍സ് നേടി.