സമയത്തിന്റെ വിനിയോഗം

Posted on: March 28, 2021 2:36 pm | Last updated: March 28, 2021 at 2:40 pm


ഒഴിവുകാലം വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ഒരുപാട് അവസരങ്ങളുടെ വലിയ വാതായനങ്ങൾ തുറക്കുന്നുവെങ്കിലും പലരും വഞ്ചിതരാകാനും ചൂഷണം ചെയ്യപ്പെടാനും ഇടയാകാറുണ്ട്. മനുഷ്യർ വഞ്ചിതരാകുന്ന രണ്ട് മഹാനുഗ്രങ്ങളത്രെ ആരോഗ്യവും ഒഴിവു സമയവും. ലഭ്യമാകുമ്പോള്‍ അതിന്റെ വില തിരിച്ചറിയാതിരിക്കുകയും നഷ്ടപ്പെടുമ്പോള്‍ വിലപിക്കുകയും ചെയ്യുന്നു. നബി(സ) പറഞ്ഞു. “രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികപേരും വഞ്ചിതരാണ്. അത് ആരോഗ്യവും ഒഴിവുസമയവുമാണ്’ (ബുഖാരി)
മനുഷ്യായുസ്സിലെ ഏറെ മനോഹരമായ കാലമാണ് ബാല്യവും കൗമാരവും. കുസൃതിയും കുറുമ്പും കളികളും നിറഞ്ഞ ദിനരാത്രങ്ങൾ. ബാധ്യതകൾ ഒന്നുംതന്നെയില്ലാത്ത തികച്ചും സ്വാതന്ത്ര്യമുള്ള കാലം. ആരും മോഹിക്കുന്ന പിരീഡാണത്. കുട്ടിക്കാലം ഏതു മനുഷ്യന്റെയും ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന പൊൻകാലമാണ്. അദ്ഭുതങ്ങളും ആഹ്ലാദവും നിറഞ്ഞ, കവികളെയും കലാകാരന്മാരെയുമൊക്കെ സർഗാത്മകതയിലേക്ക് നയിക്കുന്ന ബാല്യകാലം ഇനി തിരിച്ചുവരില്ല എന്നറിയുമ്പോൾ എല്ലാവർക്കും നൊമ്പരമാണ്.

കുട്ടിക്കാലത്ത് പ്രധാനം വിനോദങ്ങളാണ്. പൂർവതലമുറ മധ്യവേനലവധി ചെലവഴിച്ചത് നാടൻ കളികളിലൂടെയായിരുന്നു. വെള്ളം വറ്റിച്ച് മീൻ പിടിക്കൽ, മാവിൻ കൊമ്പത്തെ മാങ്ങ എറിഞ്ഞു താഴെയിടൽ, കശുവണ്ടി പെറുക്കൽ, കുട്ടിയും കോലും, കോട്ടികളി, സാറ്റ് കളി, വോളിബോൾ, ഫുട്ബോൾ കളി, കുളത്തിലും പുഴയിലും ചാടി നീന്തൽ, സ്റ്റേജ് കെട്ടി കലാപരിപാടികൾ നടത്തൽ ഇങ്ങനെ നൂറു കൂട്ടം നാടൻ വിനോദങ്ങൾ. ഇന്ന് കാലം മാറി. പുതിയ ലോകത്തെ കുട്ടികൾ ടെക്നോളജിയുടെ ഭാഗമായിമാറി. ലോകം ഓൺലൈൻ യുഗത്തിലേക്ക് കുതിച്ചുചാടിയപ്പോൾ ചെറിയ കുട്ടികൾ വരെ സാങ്കേതികവിദ്യയുടെ ഉപാസകരായി മാറി. മുമ്പത്തെപ്പോലെ പാടത്തും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ ഇന്നത്തെ കുട്ടികളെ കിട്ടില്ല. അമ്യൂസ്മെന്റ് പാർക്കുകളും ടെലിവിഷനും സ്മാർട്ട് ഫോണും ഇന്റർനെറ്റുമാണ് അവരുടെ ലോകം. മൊബൈലിന്റെ അമിത ഉപയോഗം കുട്ടികളിൽ എ ഡി എച്ച് ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങി ബ്ലഡ് ക്യാൻസർ വരെ ഉണ്ടാകാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

പഴയ തലമുറയുടെ ഉല്ലാസഭരിതമായ വേനലവധി വിശേഷങ്ങൾ മാതാപിതാക്കളിൽനിന്ന് കുട്ടികൾ ചോദിച്ചറിയണം. അത് ശീലിക്കുന്നതിലൂടെ ആരോഗ്യവും പ്രകൃതിയോടിണങ്ങലും ലഭിക്കും. കളികളിലൂടെ ലഭിക്കുന്ന അറിവുകൾ പാഠപുസ്തകങ്ങളില്‍ നിന്നും ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന അറിവുകൾ പോലെയല്ല. കളിച്ചുതന്നെ നേടേണ്ടതാണത്.

പരിമിതികൾക്കുള്ളിലിരുന്ന് അവധിക്കാലം ആഘോഷമാക്കാം. കൊവിഡ് കാലം സമ്മാനിച്ച ടെൻഷനെയും വിരസതയേയും മറികടക്കാൻ ആൾക്കൂട്ടമോ ബഹളമോ ഇല്ലാത്ത സിയാറത്തുകൾ, വിനോദ സഞ്ചാരങ്ങൾ, കുടുംബ സന്ദർശനങ്ങൾ സംഘടിപ്പിക്കാം. വായനക്കും വിദ്യാഭ്യാസ പരിപോഷണത്തിനുമുപയോഗപ്പെടുത്താം. നിലവാരമുള്ള പുസ്തകങ്ങളും മാഗസിനുകളും പത്രങ്ങളും വായിക്കുന്നതിന് സമയം കണ്ടെത്താം. ഇന്റർനെറ്റ് ഉപയോഗം അത്യാവശ്യത്തിന് മാത്രമാക്കണം. നെറ്റിൽ നിന്ന് ലഭിക്കാത്ത പല മൂല്യങ്ങളും ഗ്രന്ഥ വായനയിലൂടെ ലഭിക്കുന്നു.
ഭാവനയും ഭാഷാശുദ്ധിയും സർഗാത്മകതയും ധാർമികതയുമുള്ള അനേകം കഥകൾ കേട്ടും വായിച്ചും വളരുന്ന തലമുറക്കേ കഥയുണ്ടാവുകയുള്ളൂ. മനുഷ്യനിൽ സനാതനമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് വിശുദ്ധ ഖുർആൻ ഗുണപാഠങ്ങളുള്ള ധാരാളം കഥകൾ വിവരിക്കുന്നുണ്ട്.

ALSO READ  അനുഗ്രഹസാന്നിധ്യം

“ഖുര്‍ആനെ നാം താങ്കൾക്കു വഹ്്യ് (സന്ദേശം) നല്‍കിയിരിക്കുന്നതുമൂലം ഏറ്റവും നല്ല കഥകൾ താങ്കൾക്ക് നാം വിവരിച്ചുതരികയാണ്’ (യൂസുഫ് : 3) എന്ന വാക്യം കഥകളുടെ പ്രാധാന്യം കാണിക്കുന്നു.
കുഞ്ഞുങ്ങൾ നാടിന്റെ സ്വത്താണ്. അവരെ പരിപാലിക്കുന്നതിന് മാനസികമായും ഭൗതികമായുമുള്ള പ്രാപ്തി മാതാപിതാക്കൾക്കുണ്ടാകണം. അവരുടെ വ്യക്തിത്വവും ധാർമിക ബോധവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്ന കഥകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. അതുവഴി ചെറുപ്രായത്തില്‍ തന്നെ ധാർമിക ബോധത്തോടെ വളരാൻ അവസരമൊരുക്കുന്നു. എന്നാല്‍ ഇതിന്റെ ഗൗരവം പലപ്പോഴും ഇക്കാലത്തെ മാതാപിതാക്കള്‍ മനസ്സിലാക്കാറില്ലെന്നതാണ് ഖേദകരം. കുഞ്ഞുങ്ങൾക്ക്‌ അവരവരുടെ താത്പര്യത്തിനനുസരിച്ചുള്ള കലകൾ, കരകൗശലങ്ങൾ, പഠനോപകരണ നിർമാണങ്ങൾ തുടങ്ങിയ മേഖലകളിലും പരിശീലനം നൽകാം.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനെ വരവേൽക്കുന്നത് വേനലവധിയിലാണ്. സത്യവിശ്വാസിയുടെ വസന്ത കാലവും പരിശീലനക്കളരിയുമാണത്. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴ് വയസ്സായാല്‍, അനുഷ്ഠിക്കാന്‍ ശേഷിയുണ്ടെങ്കില്‍ നോമ്പ് പിടിക്കാന്‍ ഉപദേശിക്കണം. പത്ത് വയസ്സായ ശേഷം നോമ്പനുഷ്ഠിക്കുന്നതിൽ ഉപേക്ഷ വരുത്തുന്നുവെങ്കിൽ അവർക്ക് ശിക്ഷണം നൽകണം. ഇത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇസ്‌ലാമിക സ്വഭാവത്തോടെ കുട്ടികളെ വളര്‍ത്താനും അനുഷ്ഠാനങ്ങളില്‍ പരിശീലനം നല്‍കാനുമാണ് ഇങ്ങനെ നിയമമുണ്ടായത്. മുന്‍ഗാമികള്‍ ഇതില്‍ ബദ്ധശ്രദ്ധാലുക്കളായിരുന്നു. സുന്നത്ത് നോമ്പനുഷ്ഠിക്കാന്‍ പോലും അവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. നോമ്പിലുള്ളതുപോലെ മറ്റു ആരാധനാകർമങ്ങളിലും ഖുർആൻ പാരായണത്തിലും ആവശ്യമായ അവബോധവും പരിശീലനവും നൽകാൻ പുണ്യറമസാനിനെ ഉപയോഗപ്പെടുത്താം. അങ്ങനെ ഈ അവധിക്കാലം അറിവിന്റെയും അലിവിന്റെയും ആഹ്ലാദത്തിന്റെയും ആത്മീയതയുടെയും ആഘോഷമാക്കാം.