Connect with us

Kerala

മൃതദേഹം ആളുമാറി സംസ്‌കരിച്ച സംഭവത്തില്‍ കല്ലറ പൊളിക്കേണ്ടി വരും

Published

|

Last Updated

പന്തളം | ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍  മൃതദേഹം വീണ്ടെടുക്കാനായി കുടുംബ കല്ലറ പൊളിക്കേണ്ടി വരും. മരിച്ചത് കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കതില്‍ വി കെസാബു (35)വാണെന്ന് കരുതിയാണ് മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ പള്ളിയുടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുന്നതു വരെ കല്ലറയില്‍ അന്ത്യനിദ്ര കൊള്ളുന്നത് സാബുവാണെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ സാബുവിന്റെ മടങ്ങി വരവോടെ കല്ലറയില്‍ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യമാണ് ഉയരുന്നത്. സാബുവിന്റെ മുന്‍വശത്ത് മുകളിലെ നിരയില്‍ മൂന്നു പല്ല് നഷ്ടമായിട്ടുണ്ടായിരുന്നു. ബന്ധുക്കള്‍ ഏറ്റു വാങ്ങി സംസ്‌കരിച്ച മൃതദേഹത്തിനും ഇതേ സ്ഥാനത്ത് മൂന്നു പല്ലുകള്‍ നഷ്ടമായിരുന്നു. പല്ലുകള്‍ ഇല്ലാത്തത് കണ്ടാണ് മരിച്ചത് സാബു തന്നെയാണെന്ന് അമ്മയും സഹോദരങ്ങളും ഉറപ്പിച്ചത്.

ഡിസംബര്‍ 30ന് ഉച്ചയ്ക്ക് 12 നാണ് സാബുവിന്റെതെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം സാബുവിന്റേത് തന്നെ എന്ന കാര്യത്തില്‍ സംസ്‌കാര ചടങ്ങിന് കൂടിയ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പള്ളി അധികാരികള്‍ സമ്മതിച്ചെങ്കില്‍ മാത്രമേ കല്ലറ പൊളിക്കാന്‍ കഴിയൂ. ഇതിനായി പോലീസ് ജില്ലാ കലക്ടര്‍ക്കും ആര്‍ ഡി ഓയ്ക്കും പള്ളി അധികാരികള്‍ക്കും അപേക്ഷ നല്‍കേണ്ടിയും വരും.

 

---- facebook comment plugin here -----

Latest