Kerala
പൗരത്വം നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

കൊല്ലം | പൗരത്വ നിയമം തിരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാന്‍ കേന്ദ്ര നീക്കം നടക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് ബി ജെ പി പ്രകടനപത്രികയില്‍ പറയുന്നു. എന്നാല്‍ ഇത് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. മതനിരപേക്ഷതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ളുടെ ആശ്വാസത്തിന് വേണ്ടിയാണ് നല്‍കിയത്. ഇത് ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാവപ്പെട്ടവരുടെ അന്നം മുടക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞു? എങ്ങനെയാണ് ഈ നില സ്വീകരിക്കാന്‍ കഴിയുന്നത്.
വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണ് ഇത്. തങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു, എന്നാല്‍ ഒരു വര്‍ഗീയ വാദികളുടെയും വോട്ട് തങ്ങള്‍ക്ക് വേണ്ട. എന്നാല്‍ നാല് വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബി ജെ പിക്ക് അടിയറവെക്കുകയാണ് കോണ്‍ഗ്രസ്.
വിവാദമായ ഇ എം സി സി കരാറില്‍ ഒപ്പുവെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞെന്നത് കളവമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിക്കാന്‍ നേരത്തെ മുതല്‍ ഗൂഢാലോചന നടന്നു. അന്വേഷണത്തെ സ്വാധീനിക്കുന്നതിനാല്‍ ഇപ്പോള്‍ ആ ഗൂഢാലോചനയെക്കുറിച്ച് താന്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്‍ എസ് എസും സി പി എമ്മും തമ്മില്‍ ശത്രുതയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം. മന്നം ജയന്തിക്ക് നിയന്ത്രിക അവധി സര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ കേന്ദ്രം അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉന്നയിച്ച അമിത് ഷായോട് ചില ചോദ്യങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഒമ്പത് മാസം കഴിഞ്ഞിട്ടും സ്വര്‍ണം കടത്തിയവനെ പിടിച്ചോ?. കടത്തിയ സ്വര്‍ണം ആര്‍ക്കാണെന്ന് കണ്ടെത്താനായേ?. അമിത്ഷാക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോ?. യു എ പി എ ചുമത്തിയ പ്രതികള്‍ക്ക് എന്തുകൊണ്ട് എളുപ്പത്തില്‍ ജാമ്യം ലഭിച്ചു?.ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാട് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.