Connect with us

Kerala

എലത്തൂര്‍ സീറ്റ് എന്‍ സി കെക്ക് തന്നെ: എം എം ഹസന്‍

Published

|

Last Updated

മലപ്പുറം | എം കെ രാഘവന്‍ എം പിയടക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമ്മര്‍ദം വിലപ്പോയില്ല. എലത്തൂരില്‍ എന്‍ സി കെയുടെ സുല്‍ഫീക്കര്‍ മയൂരി തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. സീറ്റ് വിഭജന സമയത്തില്‍ എടുത്ത തീരുമാനം മാറ്റാത്ത ഒരു സാഹചര്യമാണ് എലത്തൂരിലുള്ളത്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പോലെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല. പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍മാറി യു ഡി എഫിന്റെ വിജയത്തിനായി ഇറങ്ങണം. അടുത്ത തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന് അനുസരിച്ച് ഒരു സ്ഥാനാര്‍ഥി പ്രഖ്യാപനം മണ്ഡലത്തില്‍ നടത്തും. ഭാവിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എലത്തൂരില്‍ കോണ്‍ഗ്രസ് സീറ്റ് എടുത്തില്ലെങ്കില്‍ നേമം ആവര്‍ത്തിക്കുമെന്ന് എം കെ രാഘവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാണി സി കാപ്പന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ സുല്‍ഫീക്കര്‍ അലിക്ക് മണ്ഡലത്തില്‍ വിജയ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം നേതൃത്വം മാനിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും എം കെ രാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു സമ്മര്‍ദത്തിനും കീഴടങ്ങില്ലെന്ന തീരുമാനം ഇപ്പോള്‍ എം എം ഹസന്റെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്. സുല്‍ഫീക്കര്‍ മയൂരി അടക്കം മൂന്ന് നേതാക്കള്‍ യു ഡി എഫിനായി മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ യു വി ദിനേശ് മണിയും ഇതില്‍ ഉള്‍പ്പെടും.