Connect with us

Ongoing News

റണ്‍മല താണ്ടാനാകാതെ ഇംഗ്ലണ്ട്; ടി20 പരമ്പരയും ഇന്ത്യക്ക്

Published

|

Last Updated

അഹമ്മദാബാദ് | ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍മല താണ്ടാനാകാതെ ഇംഗ്ലണ്ട്. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ ഇംഗ്ലീഷ് പട തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും കാലിടറുകയായിരുന്നു. ഇതോടെ അവസാന ട്വന്റി20യില്‍ 36 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 224 എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയപ്പോള്‍, എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ഇംഗ്ലണ്ട് എടുത്തത്.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപണറായ രോഹിത് ശര്‍മയെ കൂറ്റനടികള്‍ക്ക് വിട്ടായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. കൃത്യമായ ഇടവേളകളില്‍ കോലിയും റണ്‍സൊഴുക്കി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് നേടി. 34 ബോളില്‍ നിന്ന് അഞ്ച് സിക്‌സറുകളും നാല് ഫോറുകളും അടക്കം 64 റണ്‍സാണ് രോഹിത് നേടിയത്. തുടര്‍ന്ന് ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 17 ബോളില്‍ നിന്ന് 32 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 17 ബോളില്‍ നിന്ന് പുറത്താകാതെ 39 റണ്‍സും നേടി. കോലി 52 ബോളില്‍ നിന്ന് പുറത്താകാതെ 80 റണ്‍സ് നേടി. ആദില്‍ റാശിദ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ജൈസണ്‍ റോയിയെ നഷ്ടപ്പെട്ടെങ്കിലും ജോസ് ബട്‌ലറും ഡേവിഡ് മാലനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 130 റണ്‍സാണ് അടിച്ചെടുത്തത്.

ബട്‌ലര്‍ വീണതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് മന്ദഗതിയിലായി. തൊട്ടടുത്ത ഓവറുകളില്‍ ജോണി ബെയ്‌സ്‌റ്റോയും മാലനും കൂടാരമണഞ്ഞതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ബട്‌ലര്‍ 52ഉം മാലന്‍ 68ഉം റണ്‍സ് നേടി. ബെയ്‌സ്റ്റോ ഏഴും മോര്‍ഗന്‍ ഒന്നും റണ്‍സാണ് നേടിയത്. ബെൻ സ്റ്റോക്സ് 14 റൺസെടുത്തു.

ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് തിളങ്ങിയത് നാല് ഓവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍ പ്രധാന രണ്ട് വിക്കറ്റുകള്‍ നേടി. നാല് ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ശര്‍ദുല്‍ ഠാക്കൂറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റെടുത്തു.

Latest