Connect with us

First Gear

ഒരുപിടി മാറ്റങ്ങളുമായി 2021 ജീപ്പ് കോമ്പസ് ഡ്രൈവ് റിവ്യൂ

Published

|

Last Updated

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിക്കും വ്രാങ്കഌറിനും ഇടയിലൂടെ ഇന്ത്യന്‍ ക്രോസ് ഓവര്‍ എസ് യു വി മാര്‍ക്കറ്റില്‍ സ്വന്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ വാഹനമാണ് ജീപ്പിന്റെ കോമ്പസ് എന്ന മോഡല്‍. മികച്ച റൈഡിങ് കംഫോര്‍ട്ടും ആഡംബരവും കോര്‍ത്തിണക്കി എങ്ങോട്ടും എവിടേക്കും കടന്ന് ചെല്ലാം എന്ന തീമില്‍ സജ്ജമാക്കിയ വാഹനം എന്ന നിലയിലും കോമ്പസ് ശ്രദ്ധേയമാണ്. 2007ല്‍ വാഹന വിപണി നേരിട്ടിരുന്ന പ്രതിസന്ധിയുടെ സമയത്താണ് കോമ്പസ്സിന്റെ അരങ്ങേറ്റമെങ്കിലും വളരെ പെട്ടന്ന് തന്നെ വാഹന വിപണിയില്‍ മികച്ചു നില്‍ക്കാന്‍ കോമ്പസിനായി എന്നതും കോമ്പസ്സിന്റെ ജനപ്രിയത എടുത്തു കാണിക്കുന്നു. ഇത് വരെ വിപണിയില്‍ വില്‍പനക്കുണ്ടായിരുന്ന കോമ്പസ്സിനെ ആകെ മാറ്റി പുതിയ മുഖത്തോടെയും മികച്ച ഇന്റീരിയറോടും കൂടെ പുതിയ കോമ്പസ്സിനെ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ജീപ്പ് എന്ന നിര്‍മാണ കമ്പനി .

മുന്‍ഭാഗത്ത് വലിയ എയര്‍ഡാമും അടച്ചു വെച്ച രീതിയില്‍ 7 അഴികളുള്ള ഗ്രില്ലും തന്നെയാണ് പ്രധാന മാറ്റങ്ങള്‍ എന്ന് പറയാം. നേരത്തെ ഉണ്ടായിരുന്ന ഫോഗ് ലാമ്പും ഇന്‍ഡിക്കേറ്ററും ഒരുമിച്ച് ഫോഗ് ലാമ്പിന്റെ ഭാഗത്ത് ഘടിപ്പിച്ച രീതി മാറ്റി ഇന്‍ഡിക്കേറ്ററിനെയും ഡി ആര്‍ എല്ലിനെയും പുതിയ പ്രൊജക്ടര്‍ എല്‍ ഇ ഡി ഹെഡ്‌ലാമ്പിലേക് ഏകോപിപ്പിച്ചതും ഒരു പിയാനോ ബ്ലാക്ക് മെറ്റീരിയല്‍ കൊണ്ട് രണ്ട് ഫോഗ് ലാമ്പുകളെ ബന്ധിപ്പിച്ചതും വാഹനത്തിന്റെ മുഖ കാന്തി കൂട്ടുന്നുണ്ട്. ഗ്രില്ലിലും ജീപ്പ് ലോഗോയിലും ഒരു മാറ്റമായി ഗണ്‍ മെറ്റല്‍ ഫിനിഷില്‍ നടത്തിയ ടെച്ചിങ്ങും പെട്ടന്ന് കണ്ണെത്തിക്കുന്നുണ്ട്. ഗ്രില്ലില്‍ കൊടുത്ത ക്യാമറ യൂണിറ്റ് വാഹനത്തില്‍ ഘടിപ്പിച്ച 360 ഡിഗ്രി എച് ഡി ക്യാമറ സംവിധാനത്തെ സൂചിപ്പിക്കുന്നു സൈഡ് മിററിലും റൂഫിലും പുതിയ രീതിയില്‍ ഒരു അറ്റ്‌മോസ്ഫറിക് ഗ്രേ കളര്‍ ചെയ്ത മോഡല്‍ ടോപ് വാരിയന്റില്‍ ലഭ്യമാണ്.

സൈഡ് ഭാഗത്ത് വലിയ തടിച്ച ബോഡി കളേര്‍ഡ് ആയുള്ള ബോഡി ആര്‍ച്ചുകളോടൊപ്പം പുതിയ അലോയ് വന്നു എന്നതൊഴിച്ചാല്‍ ബാക്കി എല്ലാം പഴയ മോഡല്‍ കോമ്പസിനോട് തുല്യമാണ്. അളവുകളുടെ കാര്യത്തിലും കാര്യമായ മാറ്റങ്ങളില്ല. വാഹനം ലോക്ക് ചെയ്യുമ്പോള്‍ യാന്ത്രികമായി മടങ്ങുന്ന മിററുകളും ഓട്ടോമാറ്റിക് കണ്‍ട്രോള്‍ ചെയ്യാവുന്ന ടൈല്‍ ഗേറ്റ് സംവിധാനവും പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ മാറ്റങ്ങളെല്ലാം നില നില്‍ക്കെ തന്നെ കോമ്പസിന്റെ ഉത്സാഹ ഭരിതമായ ലുക്കും എടുപ്പും ഇപ്പോഴും നില നില്‍കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

അകക്കാഴ്ചകളിലാണ് വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. ഏറ്റവും പുതിയ ഡാഷ് ബോര്‍ഡും പഴയ 7 ഇഞ്ച് സിസ്റ്റങ്ങളെ പഴങ്കഥയാക്കി 10 ഇഞ്ച് ഇന്‍ഫോടൈന്മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വന്നത് വലിയ മാറ്റമാണെന്ന് വിശേഷിപ്പിക്കാം. പുതിയ ഡോര്‍ പാനലും സ്റ്റിയറിങ്ങും സെന്റര്‍ കണ്‍സോളും ലതര്‍ സീറ്റുകളും എല്ലാം ചേര്‍ന്ന് പുതിയ ഇന്റീരിയറിനെ ലക്ഷ്വറിയിലും കംഫോര്‍ട്ടിലും ചേര്‍ത്തിണക്കുന്നുണ്ട്. അവിടെയിവിടെയായി ധാരാളം ക്രോം ആവരണങ്ങളും പിയാനോ ബ്ലാക്ക് എലമെന്റുകളും വാഹനത്തിന്റെ ഇന്റീരിയറിന്റെ ക്വാളിറ്റി ഉയര്‍ത്തുന്നു.

നേരത്തെ ഉണ്ടായിരുന്ന ഇന്‍ഫോ സിസ്റ്റത്തേക്കാള്‍ വേഗതയാര്‍ന്നതും വ്യക്തയുള്ളതും പ്രവര്‍ത്തന മികവുള്ളതുമാണ് ജീപ്പിന്റെ യു കണക്ട് എന്ന, ആപ്പിള്‍ കാര്‍ പ്ലേയ് ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന ഏറ്റവും പുതിയ 10 ഇഞ്ച് ഇന്‍ഫോ സിസ്റ്റം. സെന്റര്‍ കണ്‍സോളിലുമുണ്ട് കാര്യമായ മാറ്റങ്ങള്‍. ആധുനിക മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാവുന്ന തരത്തില്‍ സി ടൈപ്പ്, യൂ എസ് ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ക്ക് പുറമെ വയര്‍ലെസ്സ് ചാര്‍ജിങ് ഭാഗവും കണ്‍സോളില്‍ കാണാം. കൂടാതെ പഴയ റോട്ടറി സിസ്റ്റത്തെ പാടെ മാറ്റി നാലു വീല്‍ ഡ്രൈവ് സിസ്റ്റത്തെ ടോഗിള്‍ സ്വിച്ച് എന്ന രൂപത്തിലേക് മാറ്റുകയും 4വീല്‍ ലോക്ക് / ലോ ബട്ടണുകള്‍ ട്രാന്‍സ്മിഷന്റെ താഴെക്ക് മാറ്റി ക്രമീകരിക്കുകയും ചെയ്തു. മുന്‍ഭാഗത്തെ രണ്ട് സീറ്റുകളും വെന്റിലേഷന്‍ സംവിധാനമുള്ള എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് എന്നതും വാഹനത്തിനകത്ത് ധാരാളം സ്ഥല സൗകര്യങ്ങളുണ്ട് എന്നതും കുറച്ചുകൂടി പ്രാക്ടിക്കലായ ഒരു വാഹനം എന്ന നിലയിലേക്കു ജീപ്പ് കോമ്പസ്സിനെ ഉയര്‍ത്തി കാണിക്കുന്നുണ്ട്.

മെക്കാനിക്കല്‍ പരമായി കാര്യമായ ചേഞ്ചുകള്‍ ഒന്നും തന്നെ പുതിയ കോമ്പസ്സില്‍ വന്നിട്ടില്ല എങ്കിലും ഇപ്പോഴും മോശമായ റോഡിലും മികവാര്‍ന്ന റോഡിലും മികച്ച പ്രകടനം നടത്താന്‍ കെല്പുള്ള ഒരു മിടു മിടുക്കന്‍ തന്നെയാണ് കോമ്പസ്. വാഗമണ്ണിലേക്കുള്ള യാത്രയില്‍ ഞാനത് നന്നായി ആസ്വദിക്കുകയും ചെയ്തു . മികച്ച സസ്‌പെന്‍ഷന്‍ വാഹനത്തിനകത്തേക് റോഡിന്റെ യാതൊരു ചീത്ത വശത്തേയും എത്തിക്കുന്നില്ല എന്നത് ദീര്‍ഘ ദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുക. വളവുകളില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നത് നല്ല വേഗതയില്‍ വളവുകളും മോശം റോഡുകളെയും തരണം ചെയ്ത് കോണ്‍ഫിഡന്റായി ഡ്രൈവ് ചെയ്ത് മുന്നോട്ട് പോവാന്‍ യാത്രികരെ സഹായിക്കുന്നുണ്ട്.

10.3 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന കോമ്പസില്‍ 163 കുതിര ശക്തി ഉല്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 170 കുതിര ശക്തി ഉല്പാദിപ്പിയ്ക്കുന്ന 2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് പ്രവര്‍ത്തിക്കുന്നത് 6 സ്പീഡ് മാന്വല്‍ ഗിയര്‍ സിസ്റ്റവും 7 സ്പീഡ് ഡ്യൂവല്‍ ക്‌ളച്ച് സിസ്റ്റവുമാണ് വാഹനത്തെ മുന്നോട്ട് നയിക്കുന്നത് .

വളരെ നിലവാരം പുലര്‍ത്തുന്ന ഇന്റീരിയറും മികച്ച ഹാന്‍ഡ്‌ലിങ്ങും അതിലും മികവാര്‍ന്ന റൈഡിങ് ക്യാളിറ്റിയുമുള്ള ജീപ്പ് കോമ്പസ് 2021 മോഡല്‍ 16.22 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയുള്ള ഷോറും വിലയിലാണ് ലഭ്യമാവുന്നത്.