Kerala
അപമാനഭാരം സഹിച്ച് ഇനിയില്ല; കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പി മോഹന്‍രാജ്

പത്തനംതിട്ട | സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിനെ പിന്നാലെ കെ പി സി സി അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായി പി മോഹന്‍രാജ് രാജി വച്ചു. അപമാന ഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയാണെന്നായിരുന്നു പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി മോഹന്‍ രാജ് ആരോപിച്ചു.
ആറന്‍മുളയില്‍ മല്‍സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് അറിയുന്നത് ആറന്‍മുളയില്‍ തനിക്ക് അവസരം ലഭിക്കില്ലെന്നുള്ളത്. കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് എം പിയും , പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിന്‍ പീറ്ററും തന്നെ കാലുവാരി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും, കോന്നിയില്‍ തന്നെ പരാജയപ്പെടുത്താന്‍ കാരണമായ ആള്‍ക്ക് തന്നെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണെന്നും മോഹന്‍ രാജ് പറഞ്ഞു.
അപമാനം സഹിച്ചു കോണ്‍ഗ്രസില്‍ തുടരുന്നില്ലെന്നും, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും മോഹന്‍ രാജ് വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും മോഹന്‍രാജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ ശിവദാസന്‍ നായര്‍ തന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥി. ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയ സി പി എമ്മിലെ വീണ ജോര്‍ജ് തന്നെയാണ് ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി.