National
അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടന ശ്രമം; ഏറ്റുമുട്ടല്‍ വിദഗ്ധന്‍ സച്ചിന്‍ വാസ് അറസ്റ്റില്‍

മുംബൈ | റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ് യു വി വാന്‍ കണ്ടെത്തിയ സംഭവത്തില്‍ മുതിര്‍ന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഏറ്റുമുട്ടല്‍ വിദഗ്ധനായി അറിയപ്പെടുന്ന സച്ചിന്‍ വാസിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഫെബ്രുവരി 25നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാനിച്ച സ്‌കോര്‍പ്പിയോ വാന്‍ അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടത്. ഈ സംഭവം ആദ്യം അന്വേഷിച്ചത് സച്ചിന്‍ വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ മാറ്റി അന്വേഷണം എഐഎ ഏറ്റെടുക്കുയാണുണ്ടായത്.
സംഭവത്തില്‍ സച്ചിന്‍ വാസിന് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. വാഹനത്തിന്റെ ഉടമയും താനേയിലെ വ്യവസായിയുമായ മന്‍സൂഖ് ഹിരണെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലും സച്ചിന്‍ വാസിന് പങ്കുണ്ടെന്നാണ് കരുതുന്നത്.
അതേസമയം, തനിക്ക് സംഭവത്തില്‍ ഒരു പങ്കുമില്ലെന്നും സഹപ്രവര്‍ത്തകരായ പോലീസുകാര്‍ തന്നെ കെണിയില്‍ കുടുക്കുകയാണെന്നുമാണ് സച്ചിന്‍ വാസ് പറയുന്നത്.