Connect with us

Ongoing News

സർക്കാർ ഉദ്യോഗസ്ഥർ തിര. കമ്മീഷണർമാരാകുമ്പോൾ

Published

|

Last Updated

അതീവ പ്രാധാന്യമർഹിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവം. സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്നാണ് ജസ്റ്റിസുമാരായ റോഹിംഗ്ടൻ നരിമാൻ, ബി ആർ ഗവായി, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. ഇതു പരിഹാസ്യവും തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ബാധിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിക്കുന്നു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നവരാണെന്ന് ഉറപ്പ് വരുത്തണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 243 (4) അടിസ്ഥാനമാക്കിയാണ് കോടതി ഉത്തരവ്.

ഗോവയിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ സെക്രട്ടറിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച നടപടിയാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തെ വനിത, എസ് സി, എസ് ടി സംവരണ വാർഡുകൾ കമ്മീഷൻ കൂട്ടത്തോടെ ജനറൽ വാർഡുകളാക്കി മാറ്റി. ഇതിന് പിന്നിൽ ഭരണകക്ഷിയുടെ സ്വാധീനമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. കമ്മീഷണറുടെ ഈ നടപടിയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവും ബോംബേ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തും ഹൈക്കോടതിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ അവകാശില്ലെന്ന വാദവുമായി ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവുണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി തീരുമാനം മറികടക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും കണ്ടെത്തിയ സുപ്രീം കോടതി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് ഏപ്രിൽ 30നു മുമ്പായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

സാധാരണഗതിയിൽ സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ ആണ് എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയോഗിക്കാറുള്ളത്. ഈ നിയമനങ്ങളിൽ ഭരണതലപ്പത്തുള്ളവർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ വീക്ഷണവും ചായ്‌വും പരിഗണിക്കുക സ്വാഭാവികമാണ്. തങ്ങളുടെ കക്ഷിരാഷ്ട്രീയ നിലപാടിനെ അനുകൂലിക്കുന്നവരെയായിരിക്കും നിയമിക്കുക. ഇത് പലപ്പോഴും കമ്മീഷണർമാരുടെ നടപടികളിൽ പ്രതിഫലിക്കാറുമുണ്ട്. യു പി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതായി ആരോപണം ഉയർന്നിരുന്നു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ചാനലിൽ അഭിമുഖം നൽകിയതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച കമ്മീഷൻ ഗുജറാത്തിലെ സബർമതിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി ചട്ടം ലംഘിച്ചതിന് നേരെ മുഖം തിരിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിനൊപ്പം നടത്തേണ്ടിയിരുന്ന കഴിഞ്ഞ തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി നീട്ടിവെച്ചതും കമ്മീഷന്റെ പക്ഷപാതിത്വമായിരുന്നു.

2014ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന നിയമനങ്ങളെല്ലാം കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്ന രീതിയിലായിരുന്നു. മോദിയുടെയും ബി ജെ പിയുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെ സംരക്ഷകർ കൂടിയായിരിക്കണം കമ്മീഷണർമാരെന്നതാണ് നിലവിലെ അവസ്ഥ. നിഷ്പക്ഷമായി പ്രവർത്തിക്കാൻ ആരെങ്കിലും തന്റേടം കാണിച്ചാൽ അധികാര ദണ്ഡുപയോഗിച്ച് അവരെ വരുതിക്കു നിർത്തുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ പരിശോധിച്ചതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് മുഹ്‌സിനെ സസ്‌പെൻഡ് ചെയ്ത നടപടി ഉദാഹരണം. കർണാടകയിലെ ചിത്രദുർഗയിൽ മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാ പരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ കോപ്റ്ററിൽ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ, സൈനിക വിഭാഗത്തിന്റെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരെ പരിശോധിക്കാൻ പാടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഹമ്മദ് മുഹ്‌സിനെ സസ്‌പെൻഡ് ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആർക്കും ഇളവില്ലെന്നും പരിശോധനകളിൽ നിന്ന് പ്രധാനമന്ത്രിയടക്കം ഒരാളെയും ഒഴിവാക്കാൻ ചട്ടമില്ലെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്റെ ഈ നടപടി കേന്ദ്ര അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പിന്നീട് റദ്ദാക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഈ പക്ഷപാത നടപടികളെ രൂക്ഷമായി വിമർശിച്ചു 145 വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ 2019 ജൂലൈയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ജനാധിപത്യ പ്രക്രിയയെ വിശുദ്ധിയോടെ നിലനിർത്താൻ ഏൽപ്പിക്കപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെ അതിന്റെ അടിത്തറ മാന്താൻ കൂട്ടുനിൽക്കുന്ന സ്ഥിതി വിശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താത്പര്യം നോക്കി തിരഞ്ഞെടുപ്പ് സമയ ക്രമീകരണങ്ങൾ നടത്തുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയത്തിലാക്കുന്നുവെന്നും മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത് ഹബീബുല്ല, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ തുടങ്ങി പ്രമുഖർ ഒപ്പു വെച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ജനപ്രാതിനിധ്യ നിയമമനുസരിച്ചുള്ള തസ്തികയാണ് തിരഞ്ഞെടുപ്പ് കമ്മീണർ. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാനും എല്ലാ പാർട്ടികളോടും സ്ഥാനാർഥികളോടും തുല്യതയോടെയും നീതിബോധത്തോടെയും സുതാര്യതയോടെയും സമീപിക്കാനും സാധ്യമായവരെയാണ് ഈ പദവിയിലേക്ക് നിയമിക്കേണ്ടത്. ഇതാണ് സുപ്രീം കോടതി വിധിയുടെയും അന്തസ്സത്ത.

Latest