International
ശ്രീലങ്കയില്‍ മുസ്ലിം വേട്ട തുടരുന്നു; ബുര്‍ഖ നിരോധിച്ചു; ആയിരത്തിലധികം ഇസ്ലാമിക പാഠശാലകള്‍ അടച്ചുപൂട്ടും

കൊളംബോ | ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഭരണകൂട ഭീകരത തുടരുന്നു. രാജ്യത്തെ ആയിരത്തിലധികം ഇസ്ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ബുര്‍ഖ നിരോധിക്കുകയും ചെയ്യുമെന്ന് പൊതു സുരക്ഷാ കാര്യ മന്ത്രി ശരത് വീരശേഖര പത്രസമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബുര്‍ഖ നിരോധനത്തെ മന്ത്രി ന്യായീകരിച്ചത്.
ബുര്‍ഖ നിരോധനത്തിന് മന്ത്രിസഭാ അനുമതി നല്‍കുന്നതിനുള്ള ബില്ലില്‍ ഒപ്പിട്ടതായി മന്ത്രി പറഞ്ഞു. ബുര്‍ഖ മത തീവ്രവാദത്തിന്റെ അടയാളമാണെന്നും അടുത്തിടെയാണ് ഇത് നിലവില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇസ്ലാമിക മതപാഠശാലകള്‍ അടച്ചുപൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ക്കും സ്‌കൂള്‍ തുറക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
അതിതീവ്രവായ ഭരണകൂട വേട്ടയാണ് ബുദ്ധമത ഭൂരിപക്ഷ ശ്രീലങ്കയില്‍ മുസ്ലിംകള്‍ നേരിടുന്നത്. കൊവിഡ് ബാധിച്ച് മരിച്ച മുസ്ലിംകളുടെ മൃതദേഹം കത്തിക്കണമെന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ നടപടി അടുത്തിടെ വിവാദമായിരുന്നു. പിന്നീട് യുഎന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറിയത്.