Connect with us

Articles

എത്ര ഹിന്ദുത്വവിരുദ്ധമാകും ദ്രാവിഡ നാട്?

Published

|

Last Updated

മൂന്ന് പതിറ്റാണ്ട് കാലം കരുണാനിധി, ജയലളിത എന്നീ രണ്ട് പേരുകളില്‍ മാത്രം അഭയം കണ്ടെത്തിയിരുന്ന ജനത ബദല്‍ തേടുന്ന ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലാണ് ഇത്തവണത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുന്നത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്ന ദ്രാവിഡനാട് പിന്നീട് തമിഴ് ദേശീയത ഊതിക്കത്തിച്ച ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. തന്തൈ പെരിയാര്‍ കെട്ടി ഉയര്‍ത്തിയ കീഴാള സത്വവും ബ്രാഹ്മണ വിരുദ്ധതയും ഉള്‍ചേര്‍ന്ന പ്രാദേശിക വാദത്തിന്റെ അസ്ഥിശ്രേണിയില്‍ നിന്നാണ് ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴിക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി തമിഴ് ദേശീയത പിറവി കൊള്ളുന്നത്. നെഹ്‌റുവിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കിംഗ് മേക്കറായിരുന്ന കാമരാജ് നാടാരുടെ സാമ്രാജ്യം 1967ല്‍ ഭക്തവല്‍സലം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു. അര നൂറ്റാണ്ട് പിന്നിട്ടിട്ടും കോണ്‍ഗ്രസിന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു സമ്മര്‍ദ ശക്തിപോലുമായി തിരിച്ചുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ദ്രാവിഡ പാര്‍ട്ടി അണ്ണാദുരൈയുടെ മരണശേഷം എം ജി ആര്‍, കരുണാനിധി എന്നീ നേതാക്കളിലൂടെ വഴി പിരിയുകയും ഡി എം കെ, എ ഐ എ ഡി എം കെ എന്നീ പേരുകളില്‍ ഇരു പാര്‍ട്ടികളും തുല്യശക്തികളായി തന്നെ വളരുകയും ചെയ്തു. എം ജി ആര്‍, കരുണാനിധി, ജയലളിത എന്നീ നേതാക്കളിലൂടെയായിരുന്നു പിന്നീട് തമിഴ്‌നാട് സഞ്ചരിച്ചത്. ഇടക്കാലത്ത് എം ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയുടെ നോമിനിയായി ഒ പനീര്‍ സെല്‍വവും പിന്നീട് എടപ്പാടി പളനി സ്വാമിയുമൊക്കെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തി എന്നതല്ലാതെ തമിഴ് രാഷ്ട്രീയത്തെ സ്വാധീനിക്കത്തക്കമുള്ള ഒരു കരിസ്മാറ്റിക് ലീഡര്‍ഷിപ്പിലേക്ക് വളരാന്‍ ഇവര്‍ക്കായിരുന്നില്ല. അതുകൊണ്ട് തന്നെ കരുണാനിധിക്കും ജയലളിതക്കും ശേഷമുള്ള തമിഴ്‌നാട് എങ്ങനെയായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്ന തിരഞ്ഞെടുപ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ അങ്കത്തെ നോക്കിക്കാണുന്നത്.
ഹിന്ദി വിരുദ്ധതയും തമിഴ് ദേശീയതയും സമം ചേര്‍ത്ത് കലക്കിയ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് അര നൂറ്റാണ്ട് കാലം തമിഴ് രാഷ്ട്രീയത്തെ വഴി നടത്തിയത്.

കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കുമൊക്കെ ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയതും ഇക്കാരണങ്ങളാല്‍ കൊണ്ടാണ്. രാഷ്ട്രീയ ഹിന്ദുത്വത്തിന് ഒരിക്കലും ഇടം നല്‍കാത്ത മണ്ണ് ദേശീയ സഖ്യത്തില്‍ പല കാലങ്ങളില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് സന്ധിയിലേര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരിക്കലും തമിഴന്റെ രാഷ്ട്രീയ ബൗദ്ധികതയെ ചോദ്യം ചെയ്തിരുന്നില്ല. ഈ രാഷ്ട്രീയ വസ്തുതയുടെ മര്‍മത്തിലാണ് ഇത്തവണ ബി ജെ പി വര്‍ഗീയ രാഷ്ട്രീയത്തിന് വിത്തിറക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതുല്‍ ആരാധിക്കപ്പെടുന്ന ഹിന്ദു ദൈവമായ മുരുകനെ ഉയര്‍ത്തിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അയോധ്യയില്‍ രാമനും കേരളത്തില്‍ അയ്യപ്പനും പ്രൊജക്ട് ചെയ്യപ്പെട്ട പോലെ മുരുകന്റെ അഭിമാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ കഴിഞ്ഞ നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെ മുരുകന്റെ ആയുധമായ വേല്‍ ചിഹ്നവുമായി ഒരു യാത്ര പ്രഖ്യാപിച്ചായിരുന്നു ബി ജെ പിയുടെ തുടക്കം. പിന്നാക്ക ഹിന്ദു വിഭാഗങ്ങളില്‍ വരെ മുരുകനൊരു പ്രധാന ഐക്കണാണ് എന്നതാണ് ബി ജെ പിയുടെ ഈ രാഷ്ട്രീയ നീക്കത്തിന്റെ പ്രേരക ശക്തി. എന്നാല്‍ ബി ജെ പിയുടെ സഖ്യകക്ഷി കൂടിയായിട്ട് പോലും തുടക്കത്തില്‍ തന്നെ എ ഐ എ ഡി എം കെ യാത്രക്ക് അനുമതി നിഷേധിച്ചു. യാത്രയുടെ പ്രചാരണത്തിന് എം ജി ആറിന്റെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നതോടെ അത് തങ്ങളുടെ വോട്ട് ബേങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്ന രാഷ്ട്രീയ തിരിച്ചറിവായിരിക്കണം എ ഐ എ ഡി എം കെയെ വേല്‍ യാത്ര തടയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ അഭിമാനത്തിന് കോട്ടം സംഭവിച്ചിട്ടും ഇതുവരെ ബി ജെ പി. എ ഐ എ ഡി എം കെയുമായുള്ള തര്‍ക്കങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാനാണ് താത്പര്യം കാണിച്ചത്. മാത്രമല്ല കേന്ദ്ര സഹായം നല്‍കുന്നതിലടക്കം മോദി- അമിത് ഷാ കൂട്ടുകെട്ട് എ ഐ എ ഡി എം കെ സര്‍ക്കാറുമായി നല്ല ബന്ധം സൂക്ഷിക്കുന്നുമുണ്ട്. രണ്ടാലൊരു മുന്നണിക്കൊപ്പമല്ലാതെ നിന്നാല്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന ബോധ്യം ബി ജെ പി ക്കുണ്ട്.

നിലവില്‍ ഒരു സീറ്റ് പോലുമില്ലാത്ത ബി ജെ പി ഇത്തവണ മികച്ച സംഘടനാ സംവിധാനത്തോടെയാണ് അങ്കത്തിനൊരുങ്ങുന്നത്. എ ഐ എ ഡി എം കെ സഖ്യത്തിനൊപ്പം ബി ജെ പിയെ കൂടാതെ എട്ട് പാര്‍ട്ടികളുമുണ്ട്. ഒറ്റക്ക് മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല എന്നതാണ് ചരിത്രം. 2016ല്‍ എ ഐ എ ഡി എം കെ സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന് മൂന്നാം ബദലിനൊപ്പം മത്സരിച്ച ഇടതു പാര്‍ട്ടികള്‍ 19 സീറ്റുകളില്‍ നിന്നാണ് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. അന്ന് ഇരു ഇടതുപാര്‍ട്ടികള്‍ക്കും കൂടി ഒരു ശതമാനം വോട്ട് പോലും കിട്ടിയിരുന്നില്ല.
കലൈഞ്ജര്‍ കരുണാനിധിയുടെ മരണ ശേഷം ഡി എം കെയില്‍ സര്‍വാധിപത്യം സ്ഥാപിച്ച മകന്‍ സ്റ്റാലിനാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍. പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ സ്റ്റാലിന്‍ വലിയ ഭൂരിപക്ഷത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്ന് തന്നെയാണ് പ്രവചിക്കുന്നത്. 234 സീറ്റുകളില്‍ ഒരു സര്‍വേയും എ ഐ എ ഡി എം കെക്ക് 70ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നില്ല. തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ എ ഐ എ ഡി എം കെ ഭരണ വിരുദ്ധ വികാരവും കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാറിന്റെ വീഴ്ചയും സ്റ്റാലിന് നേട്ടമാകും. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏക നേതാവും സ്റ്റാലിനാണ്. കലൈഞ്ജറിലേക്ക് വളരാന്‍ ഇനിയും ഒരുപാട് അങ്കം ജയിക്കേണ്ടതുണ്ടെങ്കിലും ഒരു ക്രൗഡ് പുള്ളറുടെ എല്ലാ ലക്ഷണങ്ങളും ഇപ്പോള്‍ സ്റ്റാലിനിലുണ്ട്. ഡി എം കെ സഖ്യത്തിനൊപ്പമാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മത്സരിക്കുന്നത്. കൂടാതെ വൈക്കോയുടെ എം ഡി എം കെ അടക്കം 10 പാര്‍ട്ടികള്‍ കൂടെയുണ്ട്. എന്നാല്‍ കരുണാനിധിയുടെ മറ്റൊരു മകനായ അഴകിരി സ്റ്റാലിന്റെ കടുത്ത വിമര്‍ശകനായി തന്നെ പുറത്തുണ്ട്. അഴകിരിയുടെ സ്വാധീന മേഖലകളില്‍ ഡി എം കെ വോട്ടുകള്‍ ചോരാനും സാധ്യതയുണ്ട്. ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയില്‍ സ്വാധീനം നഷ്ടപ്പെട്ട തോഴി ശശികലയും അനന്തരവന്‍ ടി ടി വി ദിനകരനും ജയലളിതയുടെ പേരില്‍ രൂപവത്കരിച്ച അമ്മ മക്കള്‍ മുന്നേറ്റ കഴകവും തിരഞ്ഞെടുപ്പില്‍ 46 വരെ സീറ്റുകള്‍ നേടി നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ ശശികല അവസാന നിമിഷം രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചത് എ എം എം കെക്ക് നഷ്ടമുണ്ടാക്കിയേക്കാം. എ എം എം കെ സഖ്യത്തിനൊപ്പമാണ് എസ് ഡി പി ഐയും അസദുദ്ദീന്‍ ഉവൈസിയും എന്നത് കൊണ്ട് തന്നെ ചെറുതല്ലാത്ത മുസ്‌ലിം വോട്ടുകള്‍ ഈ സഖ്യത്തിന് നേട്ടമാകും. എന്നിരുന്നാലും പൗരത്വ നിയമത്തിനെതിരെ അസംബ്ലിയിലും പുറത്തും ശക്തമായ നിലപാടെടുത്ത ഡി എം കെയുടെ പെട്ടിയില്‍ തന്നെയാകും ഭൂരിപക്ഷം മുസ്‌ലിം വോട്ടുകളും എത്തുക.

സിനിമാ നടന്മാര്‍ക്ക് അമ്പലങ്ങളുള്ള നാടാണ് തമിഴ്‌നാട്. ജീവിതവും സിനിമയും രാഷ്ട്രീയവും ഒത്തുചേരുന്ന തുരുത്താണ് തമിഴ് രാഷ്ട്രീയം. കരുണാനിധിയും എം ജി ആറും ജയലളിതയുമൊക്കെ ഈ വഴിയേ വന്നവരാണ്. പിന്നീട് വിജയ്കാന്തും കുശ്ബുവും നെപ്പോളിയനുമൊക്കെ രാഷ്ട്രീയത്തിലെത്തുന്നതും ഇതേ പാത പിന്തുടര്‍ന്നാണ്. ഇപ്പോള്‍ മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടിയുമായി ഉലകനായകന്‍ കമല്‍ഹാസന്‍ പുതിയ ഇന്നിംഗ്‌സ് ആരംഭിച്ചതും രജനിയെ രംഗത്തിറക്കാന്‍ ബി ജെ പി ശ്രമിച്ചതുമൊക്കെ ഈ പള്‍സ് മനസ്സിലാക്കിയാണ്. അതുകൊണ്ട് തന്നെ സിനിമാ വോട്ടുകള്‍ ഏകീകരിക്കപ്പെടാനുള്ള സാധ്യതയും ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാകും. ഡി എം കെ സ്വാധീന മേഖലകളില്‍ നടി കുശ്ബു, നമിത, വിന്ധ്യ തുടങ്ങിയവരെ ബി ജെ പിയും രംഗത്തിറക്കിയിട്ടുണ്ട്.
അധികാരം കിട്ടിയില്ലെങ്കിലും എ ഐ എ ഡി എം കെ സഖ്യത്തിനൊപ്പം 20 സീറ്റുകളില്‍ മത്സരിക്കുന്ന ബി ജെ പിയാണ് ഈ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ളത്. കമല്‍ ഹാസന് അഞ്ചില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ തന്നെ അത് വലിയ നേട്ടമായി നിരീക്ഷിക്കാം. ഡി എം കെ സഖ്യത്തില്‍ ഇടതു പാര്‍ട്ടികളായിരിക്കും നേട്ടമുണ്ടാക്കുക. ബിഹാറിലെ അനുഭവം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസിന് സീറ്റുകള്‍ വെട്ടിക്കുറച്ചതും ഡി എം കെ സഖ്യത്തിന് അധികാരത്തില്‍ സുരക്ഷിതത്വം നല്‍കും എന്ന കണക്കുകൂട്ടലിലായിരിക്കണം. സ്റ്റാലില്‍ മുഖ്യമന്ത്രിയായാല്‍ ബംഗാളില്‍ മമതയെപ്പോലെ ബി ജെ പിക്ക് വലിയ വെല്ലുവിളിയായി തമിഴ്‌നാട് മാറുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ സ്റ്റാലിന്റെ വിജയം ജനാധിപത്യ മതേതര ചേരിക്ക് നല്‍കുന്ന ഊര്‍ജം ചെറുതായിരിക്കില്ല.

Latest