Connect with us

Articles

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആരോഗ്യ അപര്യാപ്തത

Published

|

Last Updated

കൊവിഡ് 19 രോഗപ്രതിരോധത്തില്‍ രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികളെ വിശകലനം ചെയ്തുകൊണ്ട് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സീനിയര്‍ അഡൈ്വസര്‍ ഡോ. സി സി കര്‍ത്തയും, ഇന്റര്‍നാഷനല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. എം ഐ സഹദുല്ലയും ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. കൊറോണ പോലുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ ആരോഗ്യ മേഖല എത്രമേല്‍ അപര്യാപ്തമാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു കര്‍ത്തയും സഹദുല്ലയും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച നിരവധി പഠനങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പഠനങ്ങളുടെയും ഗവേഷണങ്ങളുടെയുമൊക്കെ പൊതുവായ പരിമിതി എന്തെന്നാല്‍, അവയെല്ലാം നഗര കേന്ദ്രീകൃതമായ വിവര ശേഖരണങ്ങളില്‍ സങ്കുചിതപ്പെടുന്നുവെന്നതാണ്. അവയൊന്നും ഗ്രാമങ്ങളെയോ അടിസ്ഥാന വിഭാഗങ്ങളെയോ സ്പര്‍ശിക്കുന്നേ ഇല്ല.
ഇന്ത്യയുടെ ആരോഗ്യ മേഖല ഏറെ പിറകില്‍ തന്നെയാണ്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 0.7 ആശുപത്രി കിടക്കകളും 0.8 ഫിസിഷ്യനുമാണ് ഉള്ളതെന്നാണ് കണക്കുകള്‍. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും കിടക്കകളുടെ എണ്ണം ആറ് ലക്ഷത്തില്‍പരം മാത്രമാണ്. പരിമിതമെങ്കിലും ഇപ്പറയുന്ന സൗകര്യങ്ങളെല്ലാം പട്ടണങ്ങളിലും നഗരങ്ങളിലും കേന്ദ്രീകൃതമാണെന്നതാണ് ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അധിവസിക്കുന്നത് ഗ്രാമങ്ങളിലും ചേരികളിലുമാണ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 69 ശതമാനവും ഗ്രാമീണരാണ്. 2011ലെ തന്നെ സെന്‍സസ് പ്രകാരം 18 ലക്ഷം പേര്‍ക്ക് വീടില്ലാത്ത രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യത്തെ നഗരവാസികളില്‍ ആറിലൊരാള്‍ ചേരികളില്‍ ജീവിക്കുന്നുവെന്നാണ് കണക്ക്. ജനസാന്ദ്രതാ പരമായും രാജ്യം പ്രതിസന്ധി നേരിടുന്നുണ്ട്. മുംബൈയിലെ ധാരാവിയില്‍ മാത്രം ഒരു ചതുരശ്ര കി.മീ ചുറ്റളവില്‍ 2,77,136 പേരാണ് ജീവിക്കുന്നത്. സമാനമാണ് മറ്റു ഇന്ത്യന്‍ ചേരികളുടെയും അവസ്ഥ.

ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഭക്ഷ്യ സുരക്ഷയടക്കം അടിസ്ഥാന പ്രതിസന്ധി നേരിടുന്നുവെന്ന് ടാറ്റാ ട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്ത്യ ഫൗണ്ടേഷന്‍ രാജ്യത്തെ 47 ജില്ലകളിലെ 5,000 വീടുകളില്‍ നടത്തിയ സര്‍വേ പറയുന്നു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചുവെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞു. ദക്ഷിണേഷ്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ സവിശേഷമായി പഠിച്ച വാന്റര്‍ബില്‍റ്റ് സര്‍വകലാശാലയിലെ താരിക് തച്ചിലിന്റെ നിരീക്ഷണവും ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ്.

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാസ്‌ക് ധരിക്കലും സോപ്പുപയോഗിച്ചുള്ള കൈ കഴുകലും പ്രധാനമാണ്. എന്നാല്‍ 2017ല്‍ പുറത്തു വിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 50.7 ശതമാനം പേര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ല എന്നാണ്. നഗര മേഖലയില്‍ ഈ അസൗകര്യം നേരിടുന്നത് 20.2 ശതമാനവും ദേശീയ തലത്തില്‍ 40.5 ശതമാനവുമാണ്.

ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ ആര്‍ എഫ്) ഫെല്ലോയായ മനോജ് ജോഷിയുടെ പഠനം വ്യക്തമാക്കുന്നത് ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ 12 ലക്ഷം കിടക്കകളും നഗര കേന്ദ്രീകൃതമായ ചികിത്സാലയങ്ങളിലാണ് നിലവിലുള്ളതെന്നാണ്. ആരോഗ്യ സര്‍വേകളുടെ കണക്കുകള്‍ പ്രകാരം നഗര പ്രദേശങ്ങളില്‍ 1,700 പേര്‍ക്ക് ഒരു ബെഡ് എന്ന നിരക്കാണ്. എന്നാല്‍ ഗ്രാമങ്ങളില്‍ 3,100 പേര്‍ക്ക് ഒരു ബെഡ് എന്ന നിലയാണ്. 800 പേര്‍ക്ക് ഒരു ബെഡ് എന്ന നിലയിലേക്ക് നഗരങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് സമീപകാലത്തെ കണക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ യാതൊരു വിധ മാറ്റവുമില്ല. എന്നാലോ ജനസംഖ്യയുടെ 70 ശതമാനവും ഗ്രാമങ്ങളിലാണ് വസിക്കുന്നതും. ബിഹാറിലെ ഗ്രാമങ്ങളെയാണ് ഈ പ്രതിസന്ധി വലിയ തോതില്‍ അലട്ടുന്നത്. അവിടെ ഒരു ബെഡിനായി 16,000 പേരാണ് കാത്തു നില്‍ക്കുന്നത്. ബിഹാറിലെ ഗ്രാമങ്ങളില്‍ പത്ത് കോടി ജനങ്ങള്‍ താമസിക്കുന്നു. അവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 5,500 ബെഡുകള്‍ മാത്രമേയുള്ളൂ.

ഡോക്ടര്‍മാരുടെ കാര്യത്തിലും ഗ്രാമങ്ങള്‍ക്ക് അവഗണന തന്നെ. 1,000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ദേശീയ ശരാശരിയായി ഡബ്ല്യു എച്ച് ഒ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇവിടെയൊന്നും എത്തുന്നില്ല. എങ്കില്‍ പിന്നെ ഗ്രാമങ്ങളുടെ കഥ പറയാതിരിക്കലാണ് നല്ലത്. ഗ്രാമീണ മേഖലയില്‍ 26,000 പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇതില്‍ പിന്നാക്കം നില്‍ക്കുന്നത് പശ്ചിമ ബംഗാളാണ്. 2019ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 881 ഡോക്ടര്‍മാര്‍ മാത്രമാണ് ബംഗാള്‍ ഗ്രാമങ്ങളിലുള്ളത്. ജനസംഖ്യ 6.2 കോടി. അതായത് 70,000 പേര്‍ക്ക് ഒരൊറ്റ ഡോക്ടര്‍. ഝാര്‍ഖണ്ഡ്, ബിഹാര്‍ ഗ്രാമങ്ങളിലുമൊക്കെ 50,000 മുകളില്‍ ആളുകള്‍ക്ക് ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭ്യമാകുന്നുള്ളൂ.

ഇനി ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്താണെന്ന് നോക്കാം. ഒരു ആശുപത്രിയില്‍ ആവശ്യമുള്ള ഡോക്ടര്‍മാരുടെ എണ്ണം 11. നിലവില്‍ ഉള്ളത് മൂന്ന്. അതില്‍ ഒരാള്‍ക്കേ സര്‍ജറി വശമുള്ളൂ. ഇവര്‍ക്ക് കൃത്യമായ പരിശീലനമോ പ്രവൃത്തി പരിചയമോ ഇല്ലതാനും. അതിനു പുറമെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കമ്മിയും.

ദേശീയ പഞ്ചായത്തീ രാജ് ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പഞ്ചായത്ത് തലവന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ഗ്രാമീണ മേഖലക്ക് യാതൊരു വിധ പ്രതീക്ഷയും നല്‍കുന്നതല്ല. ബിഹാര്‍, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, അസാം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമത്തലവന്മാരുമായാണ് ആദ്യ ഘട്ടത്തില്‍ നരേന്ദ്ര മോദി സംസാരിച്ചത്.

ഗ്രാമീണരോട് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാനാണത്രെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കാല്‍ കാശിന് വകയില്ലാത്ത ദരിദ്ര നാരായണന്മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ച് കാര്യമായൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
ഇന്ത്യയില്‍ ജനസംഖ്യയിലുണ്ടാകുന്ന വളര്‍ച്ചയും ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളുമാണ് രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളെന്ന് ലോക ആരോഗ്യ സംഘടനയുടെ 2018ലെ നാഷനല്‍ ഹെല്‍ത്ത് പ്രൊഫൈല്‍ വ്യക്തമാക്കുന്നു. കൊവിഡ് കാലങ്ങളില്‍ ഈ വെല്ലുവിളി ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. രാജ്യത്തെ 70 ശതമാനത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലേക്ക് ആരോഗ്യ സൗകര്യങ്ങളുടെ 30 ശതമാനം പോലും എത്തുന്നില്ല എന്നതു തന്നെയാണ് രാജ്യത്തിനു മുന്നിലെ വെല്ലുവിളി. അതിലേറെ അത് എത്രമാത്രം വിവേചനപരമാന്നെന്ന് പറയേണ്ടതില്ലല്ലോ.

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സമീപകാല സാമ്പത്തിക പഠനങ്ങള്‍ പറയുന്നത്, കൊറോണ മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി ഒരു വലിയ വിഭാഗം ജനങ്ങളെയും സാമ്പത്തിക ക്രയവിക്രയത്തില്‍ നിന്ന് പുറത്താക്കുമെന്നാണ്. എന്നാല്‍ ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധി അതിനേക്കാള്‍ വലിയ ആപത്താണ് വിളിച്ചുവരുത്തുക.

---- facebook comment plugin here -----

Latest